Advertisment

സിനഡ് കുര്‍ബാനയ്ക്ക് എതിരുനിന്ന നാലു ബിഷപ്പുമാര്‍ പുറത്താകുമോ ? സിറോമലബാര്‍ സഭാ സിനഡ് തീരുമാനം നടപ്പാക്കാതിരുന്ന മെത്രാന്‍മാര്‍ക്കെതിരെ ജനുവരിയില്‍ ചേരുന്ന സിനഡില്‍ ഉചിതമായ നടപടി വരും. മാര്‍ ആന്റണി കരിയില്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് എന്നിവരെ പുറത്താക്കണമെന്ന് വിശ്വാസികള്‍ ! ബിഷപ്പുമാര്‍ പൗരസ്ത്യ തിരുസംഘത്തെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഒഴിവാക്കല്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യം

New Update

publive-image

Advertisment

കൊച്ചി: സിറോ മലബാര്‍ സഭ ആരാധനാ ക്രമ ഏകീകരണത്തിന് എതിരുനിന്ന നാലു ബിഷപ്പുമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിശ്വാസികള്‍. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍, ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ചബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാണ്ഡ്യ രൂപതാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

പൗരസ്ത്യ തിരുസംഘത്തെ തെറ്റിദ്ധരിപ്പിച്ചും കാനോന്‍ നിയമം തെറ്റായി വ്യാഖ്യാനിച്ചും എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷന്‍ റോമിലെത്തി നടത്തിയ നീക്കങ്ങള്‍ സഭാ വിരുദ്ധവും സിനഡിനെതിരായ നീക്കവുമെന്നാണ് വിലയിരുത്തല്‍. സിനഡ് നിര്‍ദേശമായ ആരാധനാ ക്രമ ഏകീകരണം അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തില്‍ സ്ഥിരം സിനഡും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായത്.

അതിനിടെ നാലു മെത്രാന്‍മാര്‍ക്കും സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് തീരുമാനം തിരുത്തി സിനഡ് കുര്‍ബാന തുടങ്ങണമെന്ന് നിര്‍ദേശിച്ച് കത്തു നല്‍കിയിരുന്നു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ കുര്യാക്കോസ് ഭരണി കുളങ്ങരയും നിലപാട് ഉടന്‍ തിരുത്താമെന്ന് കര്‍ദിനാളിനോട് വ്യക്തമാക്കിയതായാണ് സൂചന. മാര്‍ പോളി കണ്ണൂക്കാടന്‍ നേരിട്ട് സിനഡ് കുര്‍ബാന അര്‍പ്പിച്ച് തന്റെ വിധേയത്വം വ്യക്തമാക്കിയിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പക്ഷേ ഇതുവരെ കര്‍ദിനാളിന് മറുപടി നല്‍കിയിട്ടില്ല. സഭയുടെ ഭിന്നിപ്പിന് കാരണമാകുന്ന നടപടികള്‍ സ്വീകരിച്ച ആര്‍ച്ച്ബിഷപ്പിനെ മാറ്റണമെന്ന് തന്നെയാണ് വിശ്വാസികളുടെ നിലപാട്.

അതിനിടെ ഈ നാലു രൂപതകളിലെയും ഭൂരിഭാഗം വിശ്വാസികളും സിനഡ് കുര്‍ബാന തന്നെ വേണമെന്ന നിലപാടിലാണ്. ഫരീദാബാദില്‍ ബിഷപ്പും ഒന്നോ രണ്ടോ വൈദീകരും ഒഴികെ എല്ലാവരും സിനഡ് കുര്‍ബാന മാത്രമെ അംഗീകരിക്കൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രൂപകളിലെ വിശ്വാസികളുടെ നിലപാടും സമാനമാണ്.

ബിഷപ്പുമാര്‍ക്കെതിരെ അടുത്ത ജനുവരിയില്‍ ചേരുന്ന സിനഡില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. നാലുപേരോടും വിശദീകരണം ചോദിക്കണമെന്ന് സ്ഥിരം സിനഡും നിര്‍ദേശിച്ചിരുന്നു.

Advertisment