മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി ! പരാമര്‍ശത്തില്‍ ദുഖവും ഖേദവുമുണ്ടെന്നും കല്ലായി. വഖഫ് വിഷയത്തില്‍ ലീഗ് നടത്തിയ സമരത്തിന്റെ മുഴുവന്‍ ശോഭയും നഷ്ടപ്പെടുത്തിയെന്ന വികാരത്തില്‍ ഒരു വിഭാഗം ലീഗ് നേതാക്കള്‍ ! വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇനിയും പഠിച്ചിട്ടില്ലെന്നും വിമര്‍ശനം. മന്ത്രിക്കെതിരായ പരാമര്‍ശത്തെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കാന്‍ സിപിഎം തീരുമാനം

New Update

publive-image

Advertisment

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരേയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദവുമായി മുസ്ലീം ലീഗ് നേതാവ്. വ്ക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് താന്‍ പ്രസംഗിച്ചതെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി പ്രസ്താവനയില്‍ വ്യക്തമാക്കി. അത് വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വച്ചതല്ലെന്നും അബ്ദുള്‍ റഹ്മാന്‍ കല്ലായി വ്യക്തമാക്കി.

മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തില്‍ ദുഖവും ഖേദവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം. മന്ത്രി റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ പരാമര്‍ശമാണ് വിവാദമായത്.

'മുന്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം' എന്നായിരുന്നു അബ്ദുറഹ്മാന്‍ കല്ലായി പ്രസംഗിച്ചത്.

ആത്മീയതയാണ് മുസ്ലീം സമുദായത്തിന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇസ്ലാമിക രീതിയില്‍ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാന്‍ കല്ലായി ആരോപിച്ചു.

വഖഫ് വിഷയത്തില്‍ ലീഗ് ഇന്നലെ നടത്തിയ സമരത്തിന്റെ മുഴുവന്‍ ശോഭയും നഷ്ടമാക്കുന്നതായിരുന്നു അബ്ദുള്‍ റഹ്മാന്‍ കല്ലായിയുടെ വാക്കുകള്‍. വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളാരും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ തടയാനോ തിരുത്താനോ തയ്യാറായിരുന്നില്ല. ഇന്ന് മാധ്യമങ്ങളില്‍ ഇതു വാര്‍ത്തയായതോടെ ലീഗ് പ്രതിരോധത്തിലാകുകയായിരുന്നു.

നേരത്തെ പ്രതിഷേധ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കരുതെന്ന് നേതൃത്വം മുന്നറിയിപ്പ് നടത്തിയെങ്കിലും അതൊന്നും പ്രവര്‍ത്തകര്‍ പാലിച്ചിരുന്നില്ല. ഇതും ലീഗിന് നാണക്കേട് ആക്കിയിട്ടുണ്ട്. പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിന്റെ വ്യാപ്തിയും വിഷയത്തിന്റെ പ്രാധാന്യവും നഷ്ടപ്പെടാന്‍ മുതിര്‍ന്ന നേതാവിന്റെ പ്രസംഗം ഇടയാക്കിയെന്ന വികാരം പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി കൂടിയായ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയില്‍ നേതൃത്വത്തിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരമൊരുക്കാന്‍ ഈ പരാമര്‍ശം ഇടയായി എന്നും ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു.

Advertisment