തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റെയില്‍ ഗതാഗത വികസനത്തിന് സെമി അതിവേഗ റെയില്‍പാത അനിവാര്യമാണെന്ന് വാദിക്കുന്ന സിപിഎം, പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ സ്വീകരിച്ച നിലപാട് ഇപ്പോഴത്തേതിന് നേരെ വിപരീതം. അന്നു ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തു രംഗത്തുവന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ന് കേരളത്തിന്റെ ധനമന്ത്രിയായിരുന്ന കെഎന്‍ ബാലഗോപാലുമൊക്കെ തന്നെയായിരുന്നു. ദേശീയ തലത്തില്‍ ഒരു നിലപാടും സംസ്ഥാനത്ത് മറ്റൊരു നിലപാടുമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
2014ലെ റെയില്‍വേ ബജറ്റില്‍ അവതരിപ്പിക്കപ്പെട്ട രാജ്യത്തെ ആദ്യ പ്രഥമ അതിവേഗ റെയില്‍പാതയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തട്ടിപ്പാണെന്നും പൊതുമുതല്‍ കൊള്ളയടിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്നുമായിരുന്നു സി പി എമ്മിന്റെ നിലപാട്. റെയില്‍ ബജറ്റിനെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം അംഗങ്ങള്‍ ശക്തിയുക്തമായാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ചതെന്ന് പാര്‍ട്ടിയുടെ ഇംഗ്ലീഷ് മുഖപത്രമായ 'പീപ്പിള്‍സ് ഡെമോക്രസി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍ രാജ്യസഭാംഗവും ഇപ്പോഴത്തെ സംസ്ഥാന ധനകാര്യ മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ അതിവേഗ റെയില്‍ പാതയെ എതിര്‍ത്തു കൊണ്ട് രാജ്യസഭയില്‍ പ്രസംഗിച്ചത് ഇങ്ങനെ. '' റയില്‍ ബജറ്റില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ വിഹിതം നല്‍കിയിട്ടില്ല, അങ്ങേയറ്റം വിവേചന പരമായാണ് കേന്ദ്രം പെരുമാറിയിട്ടു ള്ളത്. ഓഹരി വില്‍പ്പന ഈ വകുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
സ്വകാര്യ - പൊതു മേഖല സംരംഭങ്ങളിലൂടെ സ്വകാര്യ മേഖലയ്ക്ക് വന്‍തോതില്‍ ഭൂമി തീറെഴുതി നല്‍കിയിരിക്കുകയാണ്. അതിവേഗ( ബുള്ളറ്റ് ട്രെയിന്‍) പദ്ധതിക്ക് താന്‍ എതിരല്ല. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വിധം നമ്മുടെ രാജ്യം വളര്‍ച്ച നേടിയിട്ടുണ്ടോ? നിലവിലുള്ള റെയില്‍വേ പദ്ധതികള്‍ നന്നാക്കുകയും വികസിപ്പിക്കുകയുമാണ് അഭികാമ്യം.
ഇപ്പോള്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ വേഗതയും സാങ്കേതിക സൗകര്യങ്ങളും വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഹൃസ്വദൂര യാത്രകള്‍ക്കായി കൂടുതല്‍ മെമു സര്‍വീസുകള്‍ നടത്തുകയാണ് ഏറ്റവും ആവശ്യമുള്ളത്''. പാത ഇരട്ടിപ്പിക്കലും റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും വേഗത്തിലാക്കുകയും വേണ'മെന്നാണ് ബാലഗോപാല്‍ ആവശ്യപ്പെട്ടത്.
അതിവേഗ റെയില്‍ (ബുള്ളറ്റ് ടെയിന്‍) എന്ന പദ്ധതി രാജ്യത്തെ വളരെ മോശമായ ആശയമെന്നാണ് സിപിഎമ്മിന്റെ ഇംഗ്ലീഷ് മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി വിശേഷിപ്പിച്ചത്. കോടികള്‍ ചിലവഴിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വെള്ളാനയായി തീരുമെന്നും പാര്‍ട്ടി പത്രം മുന്നറിയിപ്പ് നല്‍കി.
റെയില്‍വേ വികസനമെന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതി കൊണ്ട് യാത്രക്കാര്‍ക്ക് കാര്യമായ ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. വെറുതെ പൊങ്ങച്ചത്തിനായി ഈ പദ്ധതിയെക്കുറിച്ച് വാഴ്ത്തിപ്പാടാമെങ്കിലും ലോകത്ത് മിക്കയിടങ്ങളിലും അതിവേഗ റെയില്‍വേ പദ്ധതികള്‍ നഷ്ടത്തിലാണ് കലാശിച്ചിരിക്കുന്നതെന്നും ലേഖനം അടിവരയിട്ട് പറയുന്നുണ്ട്.
പൊതുമേഖലയില്‍ ഒരുപാട് വെള്ളാനകളെ തീറ്റിപ്പോറ്റുന്ന നമ്മുടെ രാജ്യത്ത് മറ്റൊരു വെള്ളാനയെക്കൂടി സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാതെ ഇമ്മാതിരി പദ്ധതികള്‍ക്ക് പിന്നാലെ പായുന്നത് ഒട്ടും ആശാസ്യമല്ല. ധനിക ന്യൂനപക്ഷത്തിന്റെ ആഡംബരത്തിന് വേണ്ടി രാജ്യത്തിന്റെ സമ്പത്ത് ധൂര്‍ത്തടിക്കുകയാണ്.
നിലവിലുള്ള റെയില്‍ പാളങ്ങളിലൂടെ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനോടിക്കാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും വിധം പാളങ്ങള്‍ ബലപ്പെടുത്തുകയാണ് വേണ്ടതെന്നും ലേഖനം വ്യക്തമാക്കുന്നു.
ഒരു കിലോമീറ്ററിന് 250 കോടി ചിലവഴിച്ച് നിര്‍മ്മിക്കുന്ന അഹമ്മദബാദ്-മുംബൈ അതിവേഗ റെയില്‍ പാതയ്ക്കായി ഒന്നേകാല്‍ ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തുന്നത്. ഒരു കിലോമീറ്ററിന് ശരാശരി 8 രൂപ യാത്രാക്കൂലി നല്‍കേണ്ടി വരുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. മേല്‍പ്പറഞ്ഞ റൂട്ടിലുള്ള വിമാനക്കൂലിയേക്കാള്‍ കൂടുതല്‍ തുക ബുള്ളറ്റ് ട്രെയിനില്‍ കൊടുക്കേണ്ടി വരുമെന്നും ലേഖനം പറഞ്ഞിരുന്നു.
അഹമ്മദബാദ് - മുംബൈ അതിവേഗ റെയില്‍പ്പാത കടന്നു പോകുന്ന മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകരെയും ജനങ്ങളെയും സംഘടിപ്പിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ നിരന്തര സമരത്തിലാണ് മഹാരാഷ്ട്ര സിപിഎം ഘടകവും അഖിലേന്ത്യാ കിസാന്‍ സഭയും. പാര്‍ട്ടി കേന്ദ്ര കമ്മറ്റിയുടെ അനുവാദത്തോടെയാണ് മഹാരാഷ്ട്ര സി പി എം സമരം നടത്തുന്നത്.
റെയില്‍പ്പാത വരുമ്പോള്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി അന്യാധീനപ്പെടുകയും കര്‍ഷകര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അതിവേഗ റെയില്‍പ്പാതെയ്‌ക്കെതിരായുള്ള സമരത്തെ ഐതിഹാസിക സമരമെന്നാണ് ദേശാഭിമാനി വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്തില്‍ മാത്രം തുടക്കത്തില്‍ 612.9 ഹെക്ടറും മഹാരാഷ്ട്രയില്‍ 398.91 ഹെക്ടര്‍ കൃഷിഭൂമിയുമാണ് ഏറ്റെടുക്കുന്നത്.
പാവങ്ങളായ ആദിവാസികളാണ് ഈ മേഖലയില്‍ കൃഷി ചെയ്യുന്നത്. ഇവരുടെ ഭൂമി ഏറ്റെടുക്കുന്നതോടെ ജീവിതമാര്‍ഗങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സമാനമായ തോതിലാണ് കേരളത്തിലും അതിവേഗ പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. മഹാരാഷ്ട്രയില്‍ അതിവേഗ പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന സിപിഎമ്മും അവരുടെ കര്‍ഷക സംഘടനയും കേരളത്തില്‍ സമാന സ്വഭാവമുള്ള പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ കൈ -മെയ് മറന്ന് പിന്തുണയ്ക്കുകയാണ്.
സമ്പന്നരെ ലക്ഷ്യമാക്കിയാണ് മുംബൈ- അഹമ്മദബാദ് അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കുന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് പട്ടിണി പാവങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം കോടി ചിലവഴിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്ന മോദി സര്‍ക്കാര്‍, അറ്റകുറ്റപ്പണിക്കായി നാലിലൊന്നു തുക പോലും ചെലവാക്കുന്നില്ലെന്നും ദേശാഭിമാനി പരിതപിക്കുന്നുണ്ട്.
മുംബൈ- അഹമ്മദബാദ് അതിവേഗ പാത നിര്‍മ്മിക്കുമ്പോള്‍ 14 ഹെക്ടറിലധികം പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 54000 കണ്ടല്‍ ചെടികള്‍ നഷ്ടപ്പെടുമെന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്ക് വെച്ചിരിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തില്‍ സമാനസ്വഭാവമുള്ള പാത നിര്‍മ്മിക്കുമ്പോള്‍ നഷ്ടപ്പെടാനിടയുള്ള മരങ്ങളെക്കുറിച്ചും കൃഷിസ്ഥലങ്ങളെ കുറിച്ചും മൗനം അവലംബിക്കുകയാണ്. കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിച്ചാല്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുണ്ടെന്നും പ്രകൃതി നാശം സംഭവിക്കുമെന്നുമൊക്കെ ഒരു ഫെയ്‌സ് ബുക്ക് കുറിപ്പില്‍ യെച്ചൂരി മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ജീവസന്ധാരണത്തിനായി ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ പ്രതിദിനം സഞ്ചരിക്കുന്ന ഓര്‍ഡിനറി ട്രെയിനുകളുടെ സുരക്ഷയെ മറന്നു കൊണ്ടാണ് മോദി സര്‍ക്കാര്‍ സങ്കല്‍പ്പ ലോകത്തെ ബുള്ളറ്റ് ട്രെയിനുകള്‍ക്കായി പണം ചെലവാക്കുന്നതെന്നും യെച്ചൂരി 2017 സെപ്റ്റംബര്‍ 29 ന് തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ സെമി ഹൈസ്പീഡ് പദ്ധതിയെന്ന സങ്കല്‍പ്പ ലോകത്തെ പറക്കും ട്രെയിനിനെക്കുറിച്ച് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിക്ക് മിണ്ടാട്ടമില്ല.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 10 മെഗാ പദ്ധതികള്‍ക്കെതിരെ 2018 ഒക്ടോബറില്‍ സിപിഎം കേന്ദ്ര നേതൃത്വം രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചിരുന്നു. എങ്കില്‍ പിന്നെ എന്തിനാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കുവാന്‍ തയ്യാറാവണം.
അടിമുടി പ്രകൃതി സ്‌നേഹിയും തികഞ്ഞ സോഷ്യലിസ്റ്റുമായ യെച്ചൂരിക്ക് മോദി സര്‍ക്കാരിന്റെ ബുള്ളറ്റ് ട്രെയിനിനോടുള്ള കോപവും താപവും അവസാനിക്കുന്നില്ല.
2019 ഡിസംബര്‍ നാലിന് അദ്ദേഹം ബുള്ളറ്റ് ട്രെയിനിനെതിരെ ട്വിറ്ററിലൂടെ വീണ്ടും രംഗത്തു വന്നിരുന്നു. 'ബി.ജെ.പിക്ക് കനത്ത സംഭാവനകള്‍ നല്‍കിയവര്‍ക്കാണോ ബുള്ളറ്റ് ട്രെയിനിന്റെ കരാറുകള്‍ നല്‍കിയിരിക്കുന്നത്?.
ഇതിനായി പ്രത്യേകം തെളിവുകള്‍ ആവശ്യമില്ല. ചങ്ങാത്ത മുതലാളിത്തവും കൊള്ളയടിയുമാണ് ബുള്ളറ്റ് ട്രെയിനിന്റെ മറവില്‍ നടക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മുമ്പുണ്ടായിരുന്ന സകല മാതൃകകളെയും മോദി സര്‍ക്കാര്‍ കടത്തി വെട്ടിയിരിക്കുകയാണെന്നും യെച്ചൂരി ട്വീറ്റില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വര്‍ഗീയ അജന്‍ഡകള്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനോടൊപ്പം പൊതു സമ്പത്ത് കൊള്ളയടിക്കുന്നതിനായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, പ്രതിമ നിര്‍മ്മാണം, പുതിയ പാര്‍ലമെന്റ് സമുച്ചയ നിര്‍മ്മാണമൊക്കെ നടത്തുകയാണെന്നും 2021 മെയ് മാസത്തിലെ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ 'Two Agonising years of devastation' എന്ന ലേഖനത്തില്‍ യെച്ചൂരി കുറ്റപ്പെടുത്തുന്നുണ്ട്.
ഇന്ത്യന്‍ പരിസ്ഥിതിക്കും, വികസന ആശയങ്ങള്‍ക്കും ഒട്ടും നിരക്കാത്ത പദ്ധതിയാണ് അതിവേഗ റെയില്‍പ്പാതയെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന പാര്‍ട്ടിയാണ് കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വെള്ളാനയാണെന്നും, പൊതുമുതല്‍ കട്ടുമുടിക്കാനുള്ള ഉപാധിയാണെന്നും പറയുന്നവര്‍ എന്തിനാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ അതിവേഗ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കുന്നില്ല.
പ്രധാനമന്ത്രി മോദി പിന്തുടരുന്ന ജനാധിപത്യ നിലപാടുകളും വികസന മാതൃകകളും അതേപടി നടപ്പാക്കുന്ന പിണറായി വിജയനെതിരെ പ്രതികരിക്കാന്‍ പക്ഷേ യെച്ചൂരിക്ക് കഴിയുന്നില്ല. മോദിയെ ആരാധിക്കുന്ന പിണറായിയെ തിരുത്താന്‍ ശേഷിയില്ലാത്ത യെച്ചൂരിയുടെ മുതലക്കണ്ണീര്‍ മലയാളികള്‍ തിരിച്ചറിയുക തന്നെ വേണം.
കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സെമി അതിവേഗ റെയില്‍പ്പാത സൃഷ്ടിക്കാനിടയുള്ള ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാല്‍ പിണറായി വിജയന്റെ ഔദാര്യത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സീതാറാം യെച്ചൂരി പിന്നെ ഈ പാര്‍ട്ടിയിലുണ്ടാവില്ലെന്നതാണ് പരമാര്‍ത്ഥം.
ആയിരങ്ങളെ പെരുവഴിയിലാക്കുന്ന സംസ്ഥാനത്തെ സെമി അതിവേഗ പാതയെക്കുറിച്ച് അണികളെ ഉദ്‌ബോധിപ്പിക്കാന്‍ സിതാറാം യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി കാത്തിരിക്കുകയാണോ.