നിയമസഭയിലെ കോണ്‍ഗ്രസിന്റെ പ്രധാനപോരാളി ! പിടി തോമസ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ എഴുന്നേറ്റാല്‍ ഭരണപക്ഷത്തുനിന്നും എല്ലാവരും ഒരുമിച്ച് പ്രതിരോധിക്കാന്‍ എഴുന്നേല്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയില്‍ വെള്ളം കുടിപ്പിച്ച എതിരാളിയും പിടി തന്നെ ! വിടപറയുന്നത് പകരക്കാരനില്ലാത്ത നിയമസഭാ സാമാജികന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ഏതുവലിയ നേതാവിനോടും തെറ്റ് തെറ്റെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന അപൂര്‍വം നേതാക്കളില്‍ ഒരാള്‍. കഴിഞ്ഞ അഞ്ചരവര്‍ഷം പ്രതിപക്ഷ നിരയിലെ ശക്തനായ പോരാളി. ചാട്ടുളിപോലെ ആരോപണങ്ങള്‍ ഭരണപക്ഷത്തേക്ക് എയ്തുവിടുമ്പോള്‍ ഭയമെന്ന ചിന്തപോലും പിടി തോമസിനുണ്ടായിരുന്നില്ല.

Advertisment

മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ഏറെ പ്രതിരോധത്തിലാക്കിയത് പിടി തോമസ് തന്നെയായിരുന്നു. പിടി-മുഖ്യമന്ത്രി വാക്‌പോര് പലപ്പോഴും നിയമസഭയെ ചൂടുപിടിപ്പിച്ചതും ചരിത്രം. എന്നും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന ചരിത്രമാണ് പിടിക്ക് ഉണ്ടായിരുന്നത്.

പിടി പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഭരണപക്ഷനിരയൊന്നടങ്കം പിടിയെ പ്രതിരോധിക്കാന്‍ എഴുന്നേല്‍ക്കുന്നതും സ്ഥിരം കാഴ്ചയായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ സമ്മേളന കാലയളവില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ സഭ കൂടി അവിടെ അടിയന്തര പ്രമേയം അവതരിപ്പിച്ചതിന്റെ ക്രഡിറ്റും പിടിക്ക് തന്നെ.

മന്ത്രിപദവിയും കെപിസിസി അധ്യക്ഷ പദവിയുമൊക്കെ പിടിക്ക് മുമ്പേ ലഭിക്കേണ്ടതായിരുന്നു. പക്ഷേ ഗ്രൂപ്പിന്റെ പേരില്‍ നഷ്ടമുണ്ടായപ്പോള്‍ അതു വ്യക്തിപരമായ നഷ്ടമായപ്പോഴും പിടി അതൊന്നും ഗൗനിച്ചതേയില്ല. എന്നും പാര്‍ട്ടി നിലപാടിനൊപ്പം തന്നെ പിടി നിന്നു.

എതിരാളികള്‍ക്ക് എന്നും പേടി സ്വപ്‌നം തന്നെയായിരുന്നു പിടി. നിയമസഭയിലൊക്കെ പ്രതികരിക്കുമ്പോള്‍ നന്നായി ഗൃഹപാഠം ചെയ്യുന്ന പിടി യുവ എംഎല്‍എമാര്‍ക്ക് മാതൃകയായിരുന്നു. നിയമസഭയിലെ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും പിടിയെ സമീപിക്കാമായിരുന്നു.

എന്നും എപ്പോഴും അദ്ദേഹം എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. പിടി എന്നും പ്രതിപക്ഷനിരയിലെ സ്‌ട്രൈക്കറായിരുന്നു. എതിരാളികളുടെ വലയിലേക്ക് ഗോളുകളടിച്ച് കയറ്റി സ്വന്തം ടീമിനെ വിജയിപ്പിച്ച സ്‌ട്രൈക്കര്‍.

Advertisment