മന്ത്രി സജി ചെറിയാന് കുളിക്കാനും വൃത്തിയാകാനും സെക്രട്ടേറിയേറ്റില്‍ പുതിയ ആഡംബര ശുചിമുറി വേണം ! നിര്‍മ്മാണ ചിലവ് 4.10 ലക്ഷം രൂപ ! ലൈഫ് മിഷന്‍ വഴി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും നാലു ലക്ഷം മാത്രം. പാവപ്പെട്ടവന്റെ വീടിനെക്കാള്‍ വലിയ തുക മുടക്കി മന്ത്രിക്ക് കുളിക്കാന്‍ ശുചിമുറി നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധം ശക്തം. മന്ത്രിയുടെ കുളിമുറിക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ് ! സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടം തിരിയുന്ന സംസ്ഥാനത്ത് മന്ത്രിമാരുടെ ധൂര്‍ത്തില്‍ ഉത്തരംമുട്ടി ധനമന്ത്രിയും

New Update

publive-image

Advertisment

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് വേണ്ടി നിര്‍മിക്കുന്ന പുതിയ ആഡംബര ശുചി മുറി നിര്‍മാണം വിവാദത്തില്‍. 4.10 ലക്ഷം രൂപയാണ് ശുചി മുറി നിര്‍മിക്കാനുള്ള ചെലവ്. സെക്രട്ടേറിയേറ്റ് അനക്‌സ് 1 കെട്ടിടത്തിലെ നാലാം നിലയിലാണ് ഫിഷറിസ് -സാംസ്‌കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാന്റെ ഓഫിസ്.

മന്ത്രിയുടെ ഓഫിസിലാണ് ആഡംബര ശുചി മുറി നിര്‍മിക്കാന്‍ തീരുമാനിച്ചത്. പൊതു ഭരണ ഹൗസ് കീപ്പിംഗ് സെല്ലില്‍ നിന്ന് ശുചിമുറി നിര്‍മിക്കുന്നതിനുള്ള ഉത്തരവ് ഈ മാസം 21നാണ് ഇറങ്ങിയത്. നിര്‍മാണ ചെലവായ 4 .10 ലക്ഷം രൂപ 4059 01- 51 - 91 എന്ന ബജറ്റ് ശീര്‍ഷകത്തില്‍ നിന്ന് നല്‍കാനാണ് ഉത്തരവ്.

അഡീഷണല്‍ സെക്രട്ടറി പി ഹണിയാണ് ഉത്തരവിറക്കിയത്. പൊതു ഭരണ ( ഹൗസ് കീപ്പിംഗ് ) സെല്ലിന്റെ ചാര്‍ജ് മുഖ്യമന്ത്രിക്കാണ്. ലൈഫ് മിഷന്‍ വഴി പാവപെട്ടവര്‍ക്ക് വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് 4 ലക്ഷം രൂപ മാത്രമാണെന്നിരിക്കെയാണ് മന്ത്രി സജി ചെറിയാന് കുളിക്കാനും വൃത്തിയാകാനും വേണ്ടി 4.10 ലക്ഷം രൂപയ്ക്ക് ആഡംബര ശുചി മുറി നിര്‍മ്മിക്കുന്നത്.

ഓദ്യോഗിക വസതിയുള്ളതിനാല്‍ ഓഫീസ് മന്ത്രി കാര്യമായി ഉപയോഗിക്കാനിടയില്ല. ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു ശുചിമുറി നിര്‍മ്മിച്ചാല്‍ ഈ തുക ചിലവാക്കേണ്ടി വരില്ല. അതുകൊണ്ടു തന്നെ വലിയ ധൂര്‍ത്താണ് ഇതെന്നു നിസംശയം പറയാം.

publive-image

ഒരു വീട് നിര്‍മ്മിക്കുന്നതിനേക്കാള്‍ വലിയ തുക മന്ത്രിയുടെ കുളിമുറിക്ക് നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവിട്ട് മന്ത്രി സജി ചെറിയാന്റെ ആഡംബര ശുചി നിര്‍മാണം.

മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിന്നുള്ള ഉത്തരവായതിനാല്‍ ദുര്‍ചെലവുകളും ആഡംബര ചെലവുകളും നിയന്ത്രിക്കേണ്ട ധനകാര്യ മന്ത്രി ബാലഗോപാല്‍ ഇതൊന്നും അറിഞ്ഞഭാവം നടിക്കുന്നില്ല. മറ്റ് മന്ത്രിമാരും സജി ചെറിയാന്റേതു പോലെ ആഡംബര ശുചി മുറിവേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ കുളിമുറി നിര്‍മാണ ചെലവ് ഒരു കോടി കവിയും.

സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സര്‍ക്കാര്‍ എല്ലാ രംഗത്തും വലിയ നിയന്ത്രണങ്ങള്‍ വയ്ക്കുമ്പോള്‍ മന്ത്രിമാരുടെ ധൂര്‍ത്തിന് മാത്രം ഒരു വിലയുമില്ല. സ്വന്തം സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി തോന്നും പടി ഖജനാവിലെ പണം ചെലവാക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.

Advertisment