കോവിഡിനു പിന്നാലെ ഓമിക്രോണ്‍ ! ഇന്ദ്രപ്രസ്ഥത്തിലെ കര്‍ഷക വിജയം. വാക്‌സിനേഷനിലെ റെക്കോര്‍ഡ് നേട്ടം ! ഇന്ത്യയെ ഞെട്ടിച്ച കുനൂരിലെ ഹെലികോപ്ടര്‍ ദുരന്തം. മാര്‍പാപ്പയെ കണ്ട മോദിയുടെ നയതന്ത്രം. 21 ലേക്ക് വിവാഹപ്രായം ഉയരുന്ന ഇന്ത്യന്‍ വനിതകള്‍ ! രാജ്യം ഈ വര്‍ഷം. 2021ലേക്കൊരു തിരിഞ്ഞു നോട്ടം

New Update

publive-image

കോവിഡ് മാറി ഒമിക്രോണ്‍...2021 പിറന്നത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ താണ്ഡവത്തിലേക്കായിരുന്നു. പന്ത്രണ്ടുമാസങ്ങള്‍ക്കിപ്പുറം അത് ഒമിക്രോണ്‍ ഭീഷണിയാകുന്നു.

Advertisment

അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി, പ്രകൃതി ദുരന്തങ്ങള്‍, കൂനൂരിലെ ദുരന്തത്തില്‍ സംയുക്ത സേനാ മേധാവിയടക്കം കൊല്ലപ്പെട്ടത്.....സങ്കടങ്ങളും വിഷമങ്ങളും നിറഞ്ഞ ഒരാണ്ട്.

കോവിഡിനെതിരെ പോരാടാന്‍ വാക്‌സിനേഷന്‍, ഒരു വര്‍ഷത്തിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയിച്ച കര്‍ഷക സമരം, മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി...നേട്ടങ്ങളുടെ പട്ടികയും നീണ്ടു കിടക്കുന്നു. ദേശീയ തലത്തില്‍ നേട്ടങ്ങളും കോട്ടങ്ങളുമായി 2021ല്‍ നിരവധി സംഭവങ്ങളുണ്ടായി. ഇന്ത്യയെ പിടിച്ചു കുലുക്കിയ പ്രധാന 12 സംഭവങ്ങള്‍ !

കോവിഡ് മുതല്‍ ഒമിക്രോണ്‍വരെ

2020ല്‍ കോവിഡ് 19 വ്യാപനം തുടങ്ങിയിരുന്നെങ്കിലും 2021 ആയപ്പോഴേക്കും രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശിയിരുന്നു. ഇന്ത്യയില്‍ ഒറ്റ ദിവസം 4,00,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു.

publive-image

ഓക്സിജനും വെന്റിലേറ്ററിനുമായി ജനം നെട്ടോട്ടമോടിയ കാഴ്ചകള്‍ രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യയൊന്നാകെയും കണ്ണീര്‍കാഴ്ചയായി. കേരളവും മഹാരാഷ്ട്രയും കോവിഡിന്റെ കാര്യത്തില്‍ മുന്നില്‍ നിന്നു.

ഈവര്‍ഷമവസാനത്തോടെ കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ചു. കര്‍ണാടകത്തിലാണ് ആദ്യ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചത്. വര്‍ഷാവസാമാകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വ്യാപനം തുടങ്ങിയിട്ടുണ്ട്.

എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍; വര്‍ഷാവസാനത്തോടെ 15 വയസുകാര്‍ മുതല്‍ എല്ലാവര്‍ക്കും വാക്‌സിന്‍

കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷനെന്ന് രാജ്യം തിരിച്ചറിഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
2021 സെപ്റ്റംബര്‍ 17 ന് റെക്കോര്‍ഡ് വാക്‌സീന്‍ വിതരണം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.

ഒരു ദിവസം രണ്ടര കോടിയെന്ന റെക്കോര്‍ഡ് വാക്‌സീനേഷനാണ് അന്ന് യാഥാര്‍ത്ഥ്യമായത്. കോവിന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം സെപ്തംബര്‍ 17ന് 2,50,10,390 പേരാണ് കൊവിഡിനെതിരെ രാജ്യത്ത് വാക്‌സിനെടുത്തത്. ഈവര്‍ഷം അവസാനത്തോടെ 15വയസുമുതല്‍ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണ്.

കേരളത്തില്‍ പിണറായിക്ക് രണ്ടാമൂഴം ! വംഗനാട്ടില്‍ മമത

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2021ലായിരുന്നു. കേരളത്തില്‍ ഇടതു മുന്നണിയും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അസമില്‍ ബിജെപിയും ഭരണത്തുടര്‍ച്ച നേടി. തമിഴ്‌നാട്ടില്‍ ഡിഎംകെയും പോണ്ടിച്ചേരിയില്‍ ബിജെപിയും അധികാരം പിടിച്ചെടുത്തു.

publive-image

കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. പഞ്ചാബില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാകുന്നതും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയതും ഈ വര്‍ഷം തന്നെ.

പുതുമോടിയോടെ മോദി സര്‍ക്കാരിന്റെ മുഖം മിനുക്കല്‍

ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടന്നതും ഈ വര്‍ഷം തന്നെ. ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ് സോനോവാളുമടക്കം 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിച്ചു. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു.

വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന. ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി. മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയത്.

ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, നിയമം-ഐ.ടി.വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ മന്ത്രിസഭയ്ക്ക് പുറത്തായി. നിലവില്‍ സഹമന്ത്രിമാരടക്കം 77 പേരാണ് മോദി മന്ത്രിസഭയില്‍ ഉള്ളത്.

അശാന്തിയില്‍ അതിര്‍ത്തി; ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷം

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പോയ വര്‍ഷമാണ് തുടങ്ങിയത്. ഈ വര്‍ഷവും അതു തുടര്‍ന്നു. നയതന്ത്ര സൈനിക ഉദ്യോഗസ്ഥ തല ചര്‍ച്ചകളും ഈ വര്‍ഷം നടന്നു.

അനധികൃത കടന്നു കയറ്റവും കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നത്. ചൈനീസ് സേനയുടെ പിന്‍മാറ്റ പ്രഖ്യാപനവും പിന്നീടുള്ള കടന്നു കയറ്റവും ചര്‍ച്ചകളിലെ പരാജയവും ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളിയാണ്. ദോക്ലാം, ഹോട്ട്സ് പ്രിംഗ് മേഖലകളില്‍ നിന്നുള്ള സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന ഇപ്പോഴും പ്രതികരിച്ചില്ല.

ആറരപതിറ്റാണ്ടിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്

എയര്‍ ഇന്ത്യ കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കിയത് ഈ വര്‍ഷഷത്തെ പ്രധാന സംഭവമായിരുന്നു. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറിയത്. ഈമാസം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും.

publive-image

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്. നഷ്ടത്തിലായ എയര്‍ ഇന്ത്യ വിറ്റൊഴിക്കാനുള്ള സര്‍ക്കാര്‍ ലേലത്തില്‍ ടാറ്റ സണ്‍സ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്.

ദുരിതം വിതട്ട് ദുരന്തങ്ങള്‍; പ്രളയം തുടരുന്ന കേരളം

അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ആണ് ഈ വര്‍ഷമാദ്യം നാശം വിതച്ച ചുഴലിക്കാറ്റ്. പിന്നാലെ, ഗുലാബ്, ജവാദ്, ഷഹീന്‍ ചുഴലിക്കാറ്റുകള്‍ ചെറു നാശം വിതച്ച് കടന്നു പോയി.

ചെന്നെയും പരിസര പ്രദേശങ്ങളും കഴിഞ്ഞ നവംബറില്‍ വീണ്ടും പ്രളയത്തിന്റെ പിടിയിലമര്‍ന്നു. ഉത്തരാഖണ്ഡിലും കേരളത്തിലും മധ്യപ്രദേശിലും ശക്തമായ മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപക നാശമാണ് ഉണ്ടാക്കിയത്.

ആഗോള കത്തോലിക്കാസഭാധ്യക്ഷന്‍ ഇന്ത്യയിലേക്ക്; പാപ്പായെ കണ്ട് മോദി

ജി 20 ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പാപ്പയുടെ വസതിയായ വത്തിക്കാന്‍ പാലസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

publive-image

പാപ്പായെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷം തന്നെ പാപ്പായുടെ ഇന്ത്യ സന്ദര്‍ശനം ഉണ്ടാകും.

കര്‍ഷക വിജയം

കാര്‍ഷികമേഖലയെ സ്വകാര്യമേഖലയ്ക്ക് പണയപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി, രാജ്യതലസ്ഥാനം വളഞ്ഞ കര്‍ഷകരുടെ ഇച്ഛാശക്തിയുടെ വിജയത്താല്‍ അടയാളപ്പെടുത്തിയ വര്‍ഷമാണ് 2021. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഷകമുന്നേറ്റത്തിനാണ് 2021 ന്റെ അവസാന നാളുകളില്‍ വിജയം നേടാനായത്.

നവംബര്‍ 19-ന് മൂന്ന് വിവാദകര്‍ഷകനിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷന്‍ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചതോടെയാണ് ഒരു വര്‍ഷക്കാലം നീണ്ടു നിന്ന പ്രതിഷേധ സമരം അവസാനിച്ചത്.

കൂനൂരിലെ കണ്ണീര്‍; ഇന്ത്യയുടെയും. ബിപിന്‍ റാവത്ത് ഓര്‍മ്മയില്‍

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം രാജ്യത്തെ ഞെട്ടിച്ചു. 2021 ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്.

publive-image

ബിപിന്‍ റാവത്തും പത്‌നിയും ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടര്‍ തമിഴ്‌നാട് ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ മി 17എം ഫൈവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര.

ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. എല്ലാവരും ദുരന്തത്തില്‍ മരിച്ചു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക്; തര്‍ക്കവും ആക്ഷേപവും

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ചത് സാമൂഹ്യമായും രാഷ്ട്രീയമായും ഏറെ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. എന്നാല്‍, രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പല വിഭാഗത്തില്‍ നിന്നും എതിര്‍പ്പും ഉയരുന്നുണ്ട്.

അതേസമയം ഭൂരിഭാഗം പെണ്‍കുട്ടികളും ഈ ബില്ലിനെ സ്വാഗതം ചെയ്യുന്നതും നാം കണ്ടു.

Advertisment