എറണാകുളം ചിറ്റൂർ റോഡിലെ കൃഷ്ണാ ആശുപത്രി ഡയറക്ടറും മികച്ച സർജനുമായ സഭാപതി ഡോക്ടർ ഗുരുവായൂരപ്പന്റെ പരമഭക്തനാണ്... ഗുരുവായൂരപ്പന്റെ സ്വന്തം കുചേലനായ സഭാപതി ഡോക്ടർ...

author-image
nidheesh kumar
New Update

publive-image

Advertisment

കൊച്ചി: എൺപത്താറു വയസ്സുള്ള ഡോ. എ.കെ. സഭാപതിയ്ക്ക് ജീവിതത്തിൽ ശുഭാപ്തി വിശ്വാസം നൽകുന്ന രണ്ടു വേഷങ്ങളാണുള്ളത്. അതിലൊന്ന് കർമ്മപഥത്തിൽ ആതുരസേവനത്തിനായി അണിയുന്ന ഡോക്ടറുടെ വേഷം. മറ്റൊന്ന് കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി ഗുരുവായൂരപ്പന് മുമ്പിൽ അണിയുന്ന കുചേലവേഷം.

എറണാകുളം ചിറ്റൂർ റോഡിലെ കൃഷ്ണാ ആശുപത്രി ഡയറക്ടറും മികച്ച സർജനുമായ സഭാപതി ഡോക്ടർ ഗുരുവായൂരപ്പന്റെ പരമഭക്തനാണ്. എല്ലാവർഷവും ഗുരുവായൂരിലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കുചേലദിനാഘോഷം അരങ്ങേറുമ്പോൾ ശ്രീകൃഷ്ണസതീർത്ഥ്യന്റെ വേഷത്തിൽ കണികൾക്കിടയിൽ നിന്നും കടന്നുവരുന്നത് ഡോക്ടറായിരിക്കും.

publive-image

കുചേലവേഷത്തിൽ എ.കെ. സഭാപതി ഡോക്ടർ

കൃഷ്ണഭക്തി തന്നെ കുചേലഭക്തിയായി കാണുന്ന ഭക്തർ അവിടെ നടക്കുന്ന കൃഷ്ണകുചേലന്മാരുടെ സൗഹൃദത്തിന്റെ ഗാഢമായ ആലിംഗനദൃശ്യാവിഷ്കാരം കണ്ട് അഞ്ജലീബദ്ധരാകാറുണ്ട്. ഇത്തവണയും ആ പതിവ് ഗുരുവായൂരിൽ കാണാനായി.

സദനം കൃഷ്ണൻകുട്ടി കൃഷ്ണനായും ചിത്ര രാമസ്വാമി രുഗ്മിണിയായും വേദിയിൽ നിൽക്കുമ്പോഴാണ് സഭാപതി ഡോക്ടറുടെ കുചേലന് 'സദ്ഗതി' കൈവന്നത്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ദരിദ്രനാരായണനായ സുദാമാവ് അവില്‍ പൊതിയുമായി ദ്വാരകയില്‍ എത്തിച്ചേരുന്ന രംഗം കാഴ്ചക്കാരിൽ ഭക്തിപാരവശ്യമുളവാക്കി.

മൂന്നര പതിറ്റാണ്ടിലേറെയായി ഡോക്ടർ കഥകളി വേഷം കെട്ടാൻ തുടങ്ങിയിട്ട്. പതിനഞ്ചു വർഷത്തോളം കലാമണ്ഡലം ശ്രീകണ്ഠൻനായരിൽ നിന്നും കഥകളി അഭ്യസിച്ച ശേഷമാണ് അദ്ദേഹം വേദിയിലേക്കെത്തിയത്. സന്താനഗോപാലം കഥയിലെ ബ്രാഹ്മണവേഷം ഡോക്ടറുടെ മാസ്റ്റർപീസുകളിൽ ഒന്നാണ്.

publive-image

ഗുരുവായൂരപ്പന്റെ മാഹാത്മ്യങ്ങള്‍ പാരായണം നടത്തുന്ന ഭാഗവതസത്രവേദികളിലും കുചേലവേഷം കെട്ടാറുണ്ട്. ഡോക്ടറുടെ കുചേലവേഷം കാണാൻ തന്നെ ഒരു കൗതുകമാണ്. നൂറു കണക്കിന് അരങ്ങുകളാണ് അദ്ദേഹം ഇതിനോടകം പൂർത്തിയാക്കിയത്. പച്ച, മിനുക്ക്, കരി, വേഷങ്ങളും കെട്ടിയിട്ടുണ്ടെങ്കിലും ഡോക്ടർക്ക് ഏറ്റവും ആത്മ സംതൃപ്തി നൽകുന്നത് കുചേല വേഷം കെട്ടുമ്പോഴാണ്.

മൂന്നു മാസം മുമ്പ് ശക്തമായ ഹൃദായാഘാതത്തെത്തുടർന്ന് പൂർണ്ണ വിശ്രമത്തിലായിരുന്നെങ്കിലും ഈ വർഷവും ഗുരുവായൂരിലെ പതിവ് മുടക്കാൻ അദ്ദേഹം തയ്യാറായില്ല. കലാമണ്ഡലം ഗോപാലകൃഷ്ണൻ, പള്ളിപ്പുറം സന്ദീപ് (പാട്ട് ), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട) ആർ .എൽ. വി. ജിതിൻ (മദ്ദളം) എരൂർ മനോജ് (ചുട്ടി) എന്നിവരാണ് കളിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

Advertisment