തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ബ്രാഹ്മണിയമ്മമാരായ അല്ലിമംഗലം പുഷ്പകത്ത് സഹോദരിമാർ
പെരുമ്പാവൂര്‍: ആചാരങ്ങളിലും വിശ്വാസങ്ങളിലും ഏറെ സവിശേഷതകളുള്ള മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷത്തിൽ ഒരിയ്ക്കൽ മാത്രമുള്ള ബ്രാഹ്മണിപ്പാട്ട് ഏറെ പ്രശസ്തമാണ്.
നടതുറപ്പുത്സവത്തിനെത്തുന്ന ഭക്തരിൽ ബഹൂഭൂരിപക്ഷം പേർക്കും ഒഴിച്ചുകൂടാനാകാത്ത വഴിപാടായ ബ്രാഹ്മണിപ്പാട്ട് ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അന്യം നിന്നു പോകാനിടയുള്ള അനുഷ്ഠാനകലകളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രസംഗീതകലാരൂപമാണ് ബ്രാഹ്മണിപ്പാട്ട്. കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ അനുഷ്ഠാനകല ഇപ്പോഴും നിലനില്‍ക്കുന്നത്.
നങ്ങ്യാര്‍ക്കൂത്ത്, തിരുവാതിരക്കളി പോലെ സ്ത്രീസമൂഹത്തിന് മാത്രം അവതരിപ്പിക്കാന്‍ അവകാശമുള്ള ബ്രാഹ്മണിപ്പാട്ട് പുഷ്പകത്ത് നമ്പീശന്‍ കുടുംബങ്ങളിലെ സ്ത്രീകളാണ് ആലപിക്കുന്നത്. നിലവില്‍ വിരലിലെണ്ണാവുന്ന ബ്രാഹ്‌മണിപ്പാട്ട് കലാകാരികള്‍ മാത്രമാണുള്ളത്.
ബ്രാഹ്മണിപ്പാട്ട് പാടുന്നവര്‍ ബ്രാഹ്മണിയമ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതു കാലത്താണ് ഈ കലാരൂപത്തിന്റെ ഉത്പത്തി എന്ന കാര്യം അവ്യക്തമാണെങ്കിലും മധ്യകേരളത്തിലെ ചില പ്രധാനക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് ബ്രാഹ്‌മണിപ്പാട്ട്.
തിരുവൈരാണിക്കുളത്ത് എത്തുന്ന ഭക്തരിൽ ഏറെയും ബ്രാഹ്മണിയമ്മയെ കണ്ട് അവരവരുടെ സങ്കടങ്ങൾ പറയുന്ന പതിവുണ്ട്. ബ്രാഹ്മണിയമ്മ പാടുന്ന പാട്ടിലൂടെ അവരുടെ സങ്കടങ്ങൾക്ക് പരിഹാരമാകുമെന്ന വിശ്വാസമാണ് ഇതിനു പിന്നിൽ.
ശ്രീപാർവ്വതീദേവിയുടെ ഇഷ്ടതോഴിയായ പുഷിപിണിയത്രെ ഇവിടത്തെ ബ്രാഹ്മണിയമ്മ. വർഷത്തിലൊരിയ്ക്കൽ മാത്രമുള്ള നടതുറപ്പിനും നടയടയ്ക്കലിനും ചില ആചാരക്രമങ്ങൾ ഉണ്ടിവിടെ. അതിൽ പ്രധാന സ്ഥാനമുള്ളവരാണ് ഇവർ.
ക്ഷേത്രം ഊരാണ്മക്കാരായ അകവൂർ മനക്കാരുടെയും സമുദായം തിരുമേനിയുടെയും നിർദ്ദേശപ്രകാരം നടതുറക്കാനും നടയടയ്ക്കാനും വിളിച്ചു ചൊല്ലുന്നത് ബ്രാഹ്മണിയമ്മയാണ്. നടതുറപ്പ് ഉത്സവകാലമായ് 12 ദിവസം മുഴുവൻ നാലമ്പലത്തിനകത്തെ പാട്ടുപുരയിൽ ദേവിയ്ക്ക് കൂട്ടായി തോഴിയമ്മയുമുണ്ടാകും.
നിത്യവും രാത്രി ക്ഷേത്രനട അടച്ചശേഷം പാട്ടുപുരയിലേയ്ക്ക് എഴുന്നള്ളുന്ന ദേവിയ്ക്ക് തളികയിൽ താളമിട്ട് അകമ്പടി സേവിയ്ക്കുന്നതും പുലർച്ചെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നളിയ്ക്കുന്നതും ബ്രാഹ്മണിയമ്മയാണ്.
ഭക്തരെ കാണാൻ പാട്ടുപുരയിൽ തന്നെയാണ് ബ്രാഹ്മണിയമ്മ ഇരിക്കുന്നത്. ശിവപാർവ്വതീ പരിണയകാലത്തെ കൗമാര ദശയിലുള്ള ദേവിയാണ് പ്രതിഷ്ഠാസങ്കല്പം. കഥകളും ഗീതങ്ങളും കുമാരിയായ ദേവിയ്ക്ക് അത്രമേൽ ഇഷ്ടമുള്ളതായതിനാൽ പരിണയകഥ ഇതിവൃത്തമാക്കി പാടുകയാണ് ബ്രാഹ്മണിയമ്മ ചെയ്യുന്നത്.
ഹിമവാൻ പാർവ്വതീപരിണയത്തിനായി ചെയ്യുന്ന ഒരുക്കങ്ങൾ പാടിയാണ് തുടക്കാം. "അക്കാലത്ത് ഹിമവാനാകാ പിന്നെ..." എന്നു തുടങ്ങുന്ന വരികൾ ഭക്തിപുരസ്സരം പാടുകയാണവർ. തോരണങ്ങളും കൊടികളും മണിവിളക്കുകളും തൂക്കി ദേവഗണങ്ങൾ വിവാഹ രംഗവേദിയി ലേക്കെത്തുന്ന വിവരണം അതിസുന്ദര പദാവലികളാൽ എഴുതപ്പെട്ടൊരു കാവ്യഗീതമാണ്.
പാർവ്വതിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തത്തെ ഭക്തർക്കായി പാടികേൾപ്പിയ്ക്കുമ്പോൾ അവരുടെ ദുരിതദോഷങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. അല്ലിമംഗലത്ത് തറവാട്ടിലെ മുതിർന്ന സ്ത്രീകൾക്കാണ് ക്ഷേത്രത്തിലെ ബ്രാഹ്മണിയമ്മയാകാനുള്ള അവകാശം.
മുൻഗാമികൾ വായ്മൊഴിയായി പകർന്നുനൽകിയ ഗീതങ്ങൾ ഇവർ തലമുറകളായി പാടിവരുന്നു. എടനാട് അല്ലിമംഗലം പുഷ്പകത്ത് തങ്കമണി ടീച്ചറാണ് 36 വർഷമായി ഇവിടത്തെ ബ്രാഹ്മണി അമ്മ.
അവരുടെ അടുത്ത സഹോദരിയും ഇപ്പോൾ ഒപ്പമുണ്ട്. എടനാട് സെന്റ് അഗസ്റ്റിൻ എൽ.പി. സ്‌കൂൾ റിട്ടയേർഡ് അധ്യാപികയാണ് തങ്കമണിയമ്മ. ഡിസംബർ 30ന് നടയടയ്ക്കുന്നതുവരെ ബ്രാഹ്മണിയമ്മ ക്ഷേത്രത്തിലുണ്ടാകും.