പിണറായി വിജയന്റെ രണ്ടാമൂഴം ! കെ സുധാകരന്റെ സ്ഥാനാരോഹണം. രാഷ്ട്രീയ ചലനങ്ങളില്‍ കേരളം ഒപ്പത്തിനൊപ്പം. എല്ലാം നഷ്ടപ്പെട്ട കോവിഡ് കാലം. ജലംകൊണ്ട് മുറിവേറ്റ് കൂട്ടിക്കലും കൊക്കയാറും. ഡിജിപിയേയും എഡിജിപിയേയും മോശയുടെ അംശവടി പിടിപ്പിച്ച മോന്‍സണ്‍ മാവുങ്കല്‍ ! 2021ന്റെ നഷ്ടങ്ങളായി പിടി തോമസും ഗൗരിയമ്മയും. 2021 കേരളത്തെ ഓര്‍മ്മിപ്പിക്കുന്നത് !

New Update

publive-image

ഭരണതുടര്‍ച്ചയിലൂടെ പിണറായി വിജയന്‍ ചരിത്രമെഴുതിയ 2021. നഷ്ടപ്പെട്ടിടത്തുനിന്നും തിരിച്ചുവരവിന്റെ പാതയില്‍ കോണ്‍ഗ്രസ്. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ വിചിത്രമായിരുന്നു. മാറിമാറി മുന്നണികളെ വരിക്കുന്ന സമ്പ്രദായത്തോട് കേരളം മുഖം തിരിച്ചപ്പോള്‍ ഇക്കുറി ഭരണ തുടര്‍ച്ച. വികസനത്തിനൊപ്പം വിവാദവും വളരുന്ന കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം സംഭവിച്ചതെന്തൊക്കെ. ഒന്നു പിന്തിരിഞ്ഞു നോക്കാം.

Advertisment

രണ്ടാമൂഴം ! കരുത്തനായി പിണറായി

കേരള നിയമസഭയുടെ തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇക്കുറി ചരിത്രം തിരുത്തി. 99 സീറ്റുകള്‍ നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നിലനിര്‍ത്തി. 2016-21 മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് രണ്ടാം തവണയും മുഖ്യമന്ത്രി പദവി.

publive-image

രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് കൊടുക്കാതെ സിപിഎം മന്ത്രിസഭാ രൂപീകരണത്തിലും പഴയ മുഖങ്ങളെ ഒഴിവാക്കി. കഴിഞ്ഞ മന്ത്രിസഭയില്‍ തിളങ്ങിയ കെകെ ശൈലജ പോലും പുറത്തായി. പുതുമുഖങ്ങളുമായി ഭരണം തുടങ്ങിയ പിണറായി സര്‍ക്കാരിന് പക്ഷേ ഒന്നാം ടേമിനെക്കാള്‍ പരാതികള്‍ രണ്ടാമൂഴത്തില്‍ കേള്‍ക്കേണ്ടി വന്നു.

ഫോണ്‍ കെണിയിലും പാഠം പഠിക്കാത്ത ശശീന്ദ്രന്‍; രണ്ടാമൂഴത്തില്‍ വിവാദങ്ങള്‍ക്ക് കുറവില്ല

ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍കെണിയില്‍ പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ കെ ശശീന്ദ്രന് ഇക്കുറിയും മികച്ച തുടക്കമല്ല കിട്ടിയത്. മുട്ടില്‍ മരം മുറിയും പീഡന പരാതി ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ അച്ഛനെ ഫോണില്‍ വിളിച്ചതുമെല്ലാം ശശീന്ദ്രന് കല്ലുകടിയായി. ഫോണ്‍-ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് പദവിയൊഴിയേണ്ടി വന്നു.

മുല്ലപ്പെരിയാറിലെ മരം മുറിയിലും വിവാദം

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിയ വിഷയത്തിലെ വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. വനം-ജലവിഭജ മന്ത്രിമാര്‍ വിഷയം അറിഞ്ഞില്ലെന്നത് സര്‍ക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കി.

സംഭവത്തില്‍ സിസിഎഫിനെ സസ്‌പെന്‍ഡ് ചെയ്ത് വിവാദം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒരുമാസത്തിനകം അദ്ദേഹത്തെ തിരിച്ചെടുക്കേണ്ടിയും വന്നു.

സര്‍ക്കാരും ഗവര്‍ണറും തമ്മിലെ ഗുസ്തി

നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ച ഗവര്‍ണര്‍ വര്‍ഷമവസാനിക്കാറായപ്പോഴേക്കും സര്‍ക്കാരുമായി ഗുസ്തി തുടങ്ങിയതാണ് മറ്റൊരു സംഭവം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

publive-image

വിസി നിയമനവുമായി ബന്ധപ്പെട്ടു തന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതാണ് ഗവര്‍ണറുടെ പരാതി. ഇതിനു മുന്‍പ് കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേരള സര്‍ക്കാര്‍ പ്രമേയം പാസാക്കാന്‍ തുനിഞ്ഞപ്പോഴും സര്‍ക്കാരും ഗവര്‍ണറും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

കോവിഡിന്റെ മുന്നില്‍ കീഴടങ്ങി കേരളം

കോവിഡിന്റെ ആദ്യതരംഗത്തെ കൃത്യമായി നേരിട്ട കേരലം രണ്ടാം തരംഗത്തില്‍ പിടിവിട്ടുപോകുന്ന കാഴ്ചയും നാം കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് ഇന്ന് കേരളം.

ഏറ്റവും കൂടുതല്‍ മരണങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 1.41 ലക്ഷം പേര്‍ മരിച്ച മഹാരാഷ്ട്രയാണ് ഒന്നാമത്. ഏറ്റവുമൊടുവില്‍ കോവിഡിന്‍രെ കാലത്ത് നടന്ന തട്ടിപ്പുകളും അഴിമതികളും ഇന്നു പുറത്തുവരുന്നതും നാം കാണുകയാണ്.

തലമുറ മാറിയില്ലെങ്കിലും തലമാറി കോണ്‍ഗ്രസ്

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നേതൃമാറ്റം സംഭവിച്ചതാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളിലൊന്ന്. പ്രതിപക്ഷ നേതാവായി വിഡി സതീശനും കെപിസിസി പ്രസിഡന്റായി കെസുധാകരനും വന്നു. മുഖ്യമന്ത്രിക്ക് ഒത്ത എതിരാളികളായി ഇരുവരും എന്നതാണ് യാഥാര്‍ത്ഥ്യം.

publive-image

തുടര്‍ച്ചയായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഇരുവരുടെയും വരവ് ഗുണം ചെയ്യുമെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികള്‍ ഇവരുടെ ഭാഗ്ത്തുനിന്നും ഉണ്ടാകുന്നു എന്നതും പാര്‍ട്ടിക്ക് ഗുണകരമാണ്.

കൂടുന്ന രാഷ്ട്രീയകൊലകള്‍ ! ശാന്തമായ കണ്ണൂര്‍

വലിയ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ പക്ഷേ ഇപ്പോഴും രാഷ്ട്രീയകൊലകള്‍ക്ക് പഞ്ഞമില്ല. ബിജെപി-ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷങ്ങളും ആലപ്പുഴയില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞതുമൊക്കെയായാണ് ഈ വര്‍ഷാവസാനം കടന്നു പോകുന്നത്. പാലക്കാട് ബിജെപി പ്രവര്‍ത്തകനും തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമൊക്കെ കൊല്ലപ്പെട്ടത് രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ.

അതേസമയം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട കണ്ണൂര്‍ പോയവര്‍ഷം ശാന്തമായിരുന്നു. കാര്യമായ സംഘര്‍ഷം പോലും അവിടെ ഉണ്ടായില്ല എന്നതാണ് സത്യം.

കലി തുള്ളി പ്രളയം ! കൂട്ടിക്കലും കൊക്കയാറും കേരളത്തിന്റെ കണ്ണീര്‍

മെയ് മാസത്തില്‍ അറബിക്കടലില്‍ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റില്‍ സംസ്ഥാനത്തു മരിച്ചത് പത്തുപേര്‍. മേയ് 15 മുതല്‍ സംസ്ഥാനത്തു കനത്ത മഴയും നാശനഷ്ടങ്ങളും വെള്ളപ്പൊക്കവും ശക്തമായ കാറ്റും നാശംവിതച്ചു. നൂറിലധികം വീടുകള്‍ തകര്‍ന്നു.

publive-image

കുട്ടനാടുള്‍പ്പടെ പല കൃഷിമേഖലകളും വെള്ളത്തിനിടയിലായി. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍, എറണാകുളത്തെ ചെല്ലാനം, കാസര്‍ഗോഡ് ജില്ല എന്നിവിടങ്ങളില്‍ ടൗട്ടെ നാശം വിതച്ചു.

ഒക്ടോബര്‍ 16നു കാലവര്‍ഷത്തിന്റെ രണ്ടാം വരവില്‍ ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കൂട്ടിക്കല്‍,കൊക്കയാര്‍ പഞ്ചായത്തുകളില്‍ മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലും. 18 ജീവനുകളാണ് പൊലിഞ്ഞത്.

ഇന്നും ദുരിതത്തില്‍ നിന്നും ആ നാടു കരകയറിയിട്ടില്ല. കാര്യമായ നഷ്ടപരിഹാരമോ പുരധിവാസമോ ഇനിയും ആയിട്ടില്ല. അധികൃതരുടെ അവഗണനയില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.

നിറഞ്ഞു കവിഞ്ഞ് ഇടുക്കി ! ആശങ്കയുടെ അണ നിറച്ച് മുല്ലപ്പെരിയാര്‍

മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അടക്കമുള്ള ഡാമുകള്‍ പലവട്ടം തുറന്നു.മുല്ലപ്പെരിയാര്‍ ഡാം 136 അടിക്ക് മേല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പലവട്ടം രാത്രിയില്‍ തുറന്നു. പെരിയാറിന്റെ താഴ് വരയില്‍ വെള്ളം കയറിയതും ജനം ആശങ്കയിലായതും നിരവധി തവണയാണ്. ഇടുക്കി ഡാമും മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി നാലുവട്ടമാണ് തുറന്നത്.

കേരളത്തെ നടുക്കിയ സ്ത്രീമരണങ്ങള്‍, ഉത്ര കൊലക്കേസ് വിധി

വിദ്യാഭ്യാസത്തിലും വിവേകത്തിലും കേരളം ഒന്നാം സ്ഥാനത്തെന്ന അവകാശപ്പെടുമ്പോഴും ക്കുമ്പോഴും സ്ത്രീകളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാം ഏറെ പിന്നിലെന്ന് തെളിഞ്ഞ നിരവധി സംഭവങ്ങളാണ് 2021 സാക്ഷ്യം വഹിച്ചത്. ശാസ്താംകോട്ടയില്‍ ഭര്‍തൃപീഡനത്തില്‍ കൊല്ലപ്പെട്ട അവസാന വര്‍ഷ ആയുര്‍വേദ വിദ്യാര്‍ഥി വിസ്മയയുടെ മരണം സമൂഹ മനഃസാക്ഷിയെ വേദനിപ്പിച്ചു.

publive-image

സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ച ഭര്‍ത്താവ് കിരണ്‍ കുമാറിനെ മോട്ടര്‍ വാഹന വകുപ്പില്‍നിന്നു പിരിച്ചുവിട്ടു. കേരളത്തെ ഞെട്ടിച്ച മറ്റൊന്നായിരുന്നു ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിനു കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. പാമ്പിനെക്കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകമാണ് സൂരജ് നടത്തിയത്. 2020 മേയ് 7നാണ് ഉത്ര കൊല്ലപ്പെട്ടത്.

മാനസയും നിഥിനയും കണ്ണീരായത് പ്രണയത്തിന്റെ പേരില്‍

പ്രണയ നഷ്ടത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഇരകളാകുന്നത് കേരളത്തില്‍ വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ ആശങ്ക പരത്തിയ രണ്ടു കൊലപാതകങ്ങള്‍ക്കും 2021 സാക്ഷിയായി. എറണാകുളം ജില്ലയിലെ കോതമംഗലം ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് വിദ്യാര്‍ഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ രഖില്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തു.

ഒക്ടോബര്‍ ഒന്നിന് പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി നിതിനയെ കൊല ചെയ്തത് സഹപാഠി അഭിഷേക് ആയിരുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ 22കാരി നിതിനയെ അഭിഷേക് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

ഗതാഗത രംഗത്തെ നേട്ടങ്ങള്‍; കുതിരാന്‍ മുതല്‍ സില്‍വര്‍ ലൈന്‍ വരെ

ദേശീയ പാത 544ന്റെ പരിധിയില്‍ വരുന്ന കുതിരാന്‍ തുരങ്കത്തിന്റെ ഒരു ഭാഗം തുറന്നതും 2021ലെ പ്രധാന മുന്നേറ്റമാണ്. വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയില്‍ പാലക്കാടു ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള തുരങ്കമാണു തുറന്നുകൊടുത്തത്. ഇവ കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതി (അതിവേഗ റെയില്‍ കോറിഡോര്‍) സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ നടക്കാന്‍ വരും വര്‍ഷത്തില്‍ സാധ്യത തെളിയുന്നുമുണ്ട്.

മലയാളിയെ മുഴുവന്‍ പറ്റിച്ച മോണ്‍സണ്‍ മാവുങ്കല്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലെന്ന വ്യക്തി അറസ്റ്റിലായതോടെയാണ് അയാള്‍ പറ്റിച്ച പ്രമുഖരുടെ പട്ടിക പുറത്തുവരുന്നത്. മോശയുടെ അംശവടി മുതല്‍ പ്രവാചകന്റെ വിളക്ക് വരെ കയ്യിലുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ പറ്റിച്ച ഒരാള്‍.

publive-image

അയാള്‍ പറ്റിച്ചവരില്‍ സംസ്ഥാനത്തെ ഡിജിപി മുതല്‍ സാധാരണക്കാര്‍ വരെ ഉണ്ടെന്നതാണ് ഏറെ രസകരം.

കണ്ണീരോര്‍മ്മയായി പിടിയും ഗൗരിയമ്മയും മാര്‍ ക്രിസോസ്റ്റവും

കേരളത്തിന്റെ പൊതുരംഗത്തു നിറഞ്ഞുനിന്ന പല വിശിഷ്ട വ്യക്തിത്വങ്ങളും ഓര്‍മയായ വര്‍ഷമാണ് 2021. മേയ് അഞ്ചിനു മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന വ്യക്തിയുമായിരുന്നു.

കേരളത്തിന്റെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മ (102) വിടവാങ്ങിയതും 2021ലെ പ്രധാന നഷ്ടമായിരുന്നു. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്‌കരണ നിയമം അടക്കമുള്ള നിര്‍ണായക ചുവടുകള്‍ ഗൗരിയമ്മയുടെ നേട്ടമാണ്.

publive-image

കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ( 71) വേര്‍പാട് വലിയ വേദനയാണ് കേരളത്തിനുണ്ടാക്കിയത്. മരണശേഷവും തന്റെ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകള്‍ അദ്ദേഹം സൂക്ഷ്മതയോടെ സംരക്ഷിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള (86) ഓര്‍മയായതും 2021ലാണ്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍, മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) കാലയവനികയില്‍ മറഞ്ഞതു കലാലോകത്തിനു വലിയ നഷ്ടമായിരുന്നു. പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (63), മലയാള ചലച്ചിത്രഗാനാസ്വാദകര്‍ ഓര്‍മിക്കുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല എന്നിവരുടെ വേര്‍പാടും 2021ന്റെ നഷ്ടമാണ്.

Advertisment