തൃക്കാക്കരയില്‍ കണ്ണുവച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ! സീറ്റിനായി ശ്രമിക്കുന്ന 73 വയസ് കഴിഞ്ഞ രണ്ടു പേരില്‍ മുന്‍പ് പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവും. ഗ്രൂപ്പിന്‍റെയും സമുദായത്തിന്‍റെയും പേരു പറഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള രണ്ടു മുതിര്‍ന്ന നേതാക്കളും രംഗത്ത്. സീറ്റ് മോഹികളായ കടുംവെട്ട് നേതാക്കളെ വെട്ടാന്‍ തൃക്കാക്കരയില്‍ ഉമ തോമസിനെ മത്സരിപ്പിക്കാനുറച്ച് സംസ്ഥാന നേതൃത്വം

New Update

publive-image

Advertisment

കൊച്ചി: പിടി തോമസിന്റെ വിയോഗത്തോടെ ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ കണ്ണുനട്ട് കൊച്ചിയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഏതാണ്ട് അരഡസനിലേറെ നേതാക്കളാണ് സീറ്റ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കിയത്. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണത്തിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളത്.

തൃക്കാക്കരയില്‍ പിടിയുടെ പിന്‍ഗാമിയായി ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കണമെന്ന വികാരം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ട്. സ്ഥലം എംപി ഹൈബി ഈഡന്‍ അടക്കമുള്ള ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ഈ ആഗ്രഹമുണ്ട്.

കെപിസിസി നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും ഉമ തോമസ് മത്സരിക്കുന്നതിനോടാണ് താല്‍പര്യം. നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് സീറ്റ് നിലനിര്‍ത്തണമെന്നു തന്നെയാണ് ഇവരുടെ ആഗ്രഹം. അതുകൊണ്ടുതന്നെ നല്ല സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ പിടിയുടെ വിധവ ഉമാ തോമസ് പിടിയോട് ഏറെ അടുപ്പമുണ്ടായിരുന്ന നേതാക്കളോട് പോലും ഇതുസംബന്ധിച്ച് മനസ് തുറന്നിട്ടില്ല. അവര്‍ മത്സരിക്കാനില്ലെന്ന സൂചനയാണ് നല്‍കിയിട്ടുള്ളതും.

എന്നാല്‍ തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായതിനാല്‍ അവിടെ മത്സരിക്കാനുള്ള ആഗ്രഹം കൊച്ചിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഉണ്ട്. ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ച് സീറ്റു കിട്ടാതിരുന്ന രണ്ടു പേരാണ് ഇതില്‍ മുമ്പന്‍മാര്‍. രണ്ടു പേരും സീറ്റിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്.

മുന്‍ എംഎല്‍എമാരും മന്ത്രിമാരുമായിരുന്ന ഇരുവര്‍ക്കും ഇപ്പോള്‍ തന്നെ 73 വയസ് പിന്നിട്ടു കഴിഞ്ഞു. അതില്‍ തന്നെ ഒരാള്‍ മുമ്പ് തന്നെ പാര്‍ട്ടിയിലെയും പാര്‍ലമെന്ററി രംഗത്തെയും കോണ്‍ഗ്രസില്‍ കിട്ടാവുന്ന എല്ലാ പദവികളും വഹിച്ചു കഴിഞ്ഞതാണ്. ഇനിയും പാര്‍ലമെന്ററി പദവി കിട്ടണമെന്ന അടങ്ങാത്ത ആഗ്രഹത്താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ സീറ്റ് കിട്ടാത്തതിനാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ നേതാവ് കൂടിയാണ് ഇദ്ദേഹം. ഇരുവരും പിടി തോമസിനൊപ്പമുള്ള പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ കൂടെ നടന്ന ചിത്രങ്ങളുമൊക്കെയായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.


കഴിഞ്ഞ 2 തെരെഞ്ഞെടുപ്പുകളില്‍ തൃക്കാക്കരപോലെ യു ഡി എഫിന് നിഷ്പ്രയാസം ജയിക്കാനാവുന്ന 2 സീറ്റുകളില്‍ മത്സരിച്ച് തോറ്റ ഒരു മുന്‍ ജനപ്രതിനിധിയും സീറ്റിനായി നീക്കം നടത്തുന്നുണ്ട്.


അതിനിടെ ജില്ലയ്ക്കു പുറത്തുനിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവും തൃക്കാക്കര ലക്ഷ്യമിട്ട് സജീവമാണ്. എ,ഐ ഗ്രൂപ്പുകളുടെ പ്രമുഖരായ ഈ നേതാക്കളില്‍ ഒരാള്‍ തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലത്തിലെ എതിര്‍പ്പിനെ തുടര്‍ന്ന് മണ്ഡലം വിടേണ്ടി വന്ന നേതാവാണ്.

ഇവര്‍ സീറ്റിനായി സമ്മര്‍ദ്ദം നടത്തുന്നത് ഗ്രൂപ്പു നേതാക്കളുടെ പിന്‍ബലത്താലാണ്. പക്ഷേ ഇവരെ എറണാകുളം ജില്ലയില്‍ പോലും കയറ്റരുതെന്ന ആവശ്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ മുന്നണിയെ സംബന്ധിച്ചു നിര്‍ണായകമായ ഉപതെരെഞ്ഞെടുപ്പില്‍ ഉമാ തോമസിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മത്സര രംഗത്ത് കൊണ്ടുവരാനാണ് പുതിയ നേതൃത്വത്തിന്‍റെ ശ്രമം.

Advertisment