/sathyam/media/post_attachments/0qwA4os2SGe6r9aHMb7c.jpg)
കോട്ടയം: കന്യാസ്ത്രി നൽകിയ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതോടെ ഏറ്റവും അധികം നിരാശരായത് മുഖ്യധാരാ ചാനലുകൾ. ഇന്നു രാവിലെ ഏഴു മുതൽ പ്രത്യേക വാർത്താ ബുള്ളറ്റിനും ഓരോ അരമണിക്കൂറിലും ചർച്ചയും നടത്തിയ ചാനലുകൾ വിധി വന്ന 11 മണിക്ക് ശേഷം എല്ലാ സന്നാഹവും വെട്ടിച്ചുരുക്കി.
സാധാരണ ഗതിയിൽ അന്തിച്ചർച്ച നയിക്കുന്ന പ്രധാന അവതാരകരായിരുന്നു എല്ലാ ചാനലിലും 11 മണിയോടെ പ്രത്യക്ഷപ്പെട്ടത്. ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും മീഡിയാ വണ്ണും ചർച്ചകൾക്കായി പ്രത്യേക പാനലിസ്റ്റുകളെ സ്റ്റുഡിയോയിൽ എത്തിച്ചിരുന്നു.
കോടതി മുറിയിൽ നിന്നും വാർത്തകൾ എത്തിക്കാനും വിശദീകരിക്കാനും ഹൈക്കോടതി വാർത്തകൾ റിപ്പോർട്ടു ചെയ്ത് തഴക്കവും പഴക്കവുമുള്ള റിപ്പോർട്ടർമാരെ തന്നെ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും എത്തിച്ചിരുന്നു. അവരാണ് കോട്ടയത്തെ ചാനൽ റിപ്പോർട്ടർമാരെക്കാൾ കോടതി റിപ്പോർട്ടിങ് ആധികാരികമായി പറഞ്ഞു തുടങ്ങിയത്.
കേസിൽ ബിഷപ്പിനെ കുറ്റക്കാരനെന്നു കണ്ടെത്തും എന്നു തന്നെയായിരുന്നു ഇവരുടെ നിരീക്ഷണം. കുറ്റക്കാരനാണെന്നു വിധിച്ചാൽ തുടർനടപടി വരെ റിപ്പോർട്ടർമാർ വാചാലരായിരുന്നു. പക്ഷേ 11.04 ഓടെ കോടതിയിൽ നിന്നും കേട്ട വിധി എല്ലാവരെയും ഞെട്ടിച്ചു. കാര്യമായ വിലയിരുത്തൽ പോലും ഉണ്ടായില്ല പല ചാനലിലും.
ചർച്ചയ്ക്കായി വിളിച്ചു വരുത്തിയ പാനലിസ്റ്റുകളെ മടക്കി അയച്ച് മറ്റു വാർത്തകളിലേക്ക് കടക്കുകയായിരുന്നു ചാനലുകൾ. സഭാ വിരുദ്ധ നിലപാടുള്ളവരായിരുന്നു ചാനലിലെ ചർച്ചക്കാർ. വിധി വന്നാലുടൻ പ്രതികരണത്തിനായി കുറവിലങ്ങാട് മഠത്തിലും ലൈവ് യൂണിറ്റുകൾ ഒരുക്കിയിരുന്നു.
പക്ഷേ എല്ലാം പൊളിഞ്ഞു. ചാനൽ അജണ്ട നടപ്പാക്കാനാകാതെ വന്നതോടെ പല ഒ ബി വാനുകളും വേഗം ആൻ്റിന താഴ്ത്തി മടങ്ങി.