ജോസ് കെ മാണിയുമായി സഹകരിക്കാൻ ഒരുക്കമാണെന്ന പി ജെ ജോസഫിൻ്റെ പ്രസ്താവന യുഡിഎഫിനെ സമ്മർദത്തിലാക്കല്‍ ! ജോസഫിൻ്റെ മനസിലുള്ളത് കോൺഗ്രസിനെ വിരട്ടി കോട്ടയം ലോക്സഭാ സീറ്റ് ഏറ്റെടുക്കല്‍. ജോസഫിനെ  തള്ളി കേരളാ കോൺഗ്രസ്. കേരളാ കോൺഗ്രസ് എമ്മിൽ ചേക്കേറാന്‍ ജോസഫ് ശ്രമം തുടങ്ങിയത് രണ്ടു മാസം മുമ്പ് ? ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ജോസ് പക്ഷം ! 100 പ്രവർത്തകർ തികച്ചില്ലാത്ത പാർട്ടിക്ക് കോട്ടയത്ത് സീറ്റില്ലെന്ന് കോൺഗ്രസും

New Update

publive-image

Advertisment

കോട്ടയം: സാധ്യമായ വിഷയങ്ങളിൽ കേരളാ കോൺഗ്രസ് മാണി വിഭാഗവുമായി സഹകരിക്കുമെന്ന കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിൻ്റെ പ്രസ്താവന യുഡിഎഫിനെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതില്‍ കോൺഗ്രസിൽ കടുത്ത എതിർപ്പുണ്ട്. ജില്ലയിൽ 100 പ്രവർത്തകർ പോലുമില്ലാത്ത ജോസഫിന് സീറ്റ് നൽകിയാൽ കോൺഗ്രസിൽ അത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കും. സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും.

ഇത് പിജെ ജോസഫിന് കൃത്യമായി അറിയാം. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ സമ്മർദത്തിലാക്കാനാണ് ജോസ് കെ മാണിയുമായിട്ടടക്കം സഹകരിക്കുമെന്ന നിലപാട് ജോസഫ് പരസ്യമാക്കിയത്.

എന്നാൽ പിജെ ജോസഫ് നേരിട്ട് ചർച്ച നടത്തിയാൽ പോലും ഇടതുമുന്നണിയിലേക്കോ, കേരളാ കോൺഗ്രസ് എമ്മിലേക്കോ ജോസഫിനെ സ്വീകരിക്കില്ലെന്ന് ജോസ് പക്ഷം വ്യക്തമാക്കി കഴിഞ്ഞു.


എങ്ങനെയും നല്ല വാര്‍ത്തമാനം പറഞ്ഞ് ഒരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ നാളുകള്‍ കഴിയും മൂന്‍പ് അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടി പിളര്‍ത്തി ചിഹ്നവും കൊടിയുമായി കടന്നുകളയുന്നതാണ് ജോസഫിന്‍റെ ചരിത്രം.

അത് ഏറ്റവും നന്നായി അനുഭവിച്ചവരാണ് കെ എം മാണിയും മകന്‍ ജോസ് കെ മാണിയും. അതിനാല്‍ ഒരു സാഹചര്യത്തിലും ജോസഫുമായി സഹകരണം ഉണ്ടാകില്ലെന്ന് ജോസ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇല്ലാത്ത ശക്തി അവകാശപ്പെട്ട് ജോസഫ് വിഭാഗം കോട്ടയത്ത് അടക്കം നേടിയെടുത്ത സീറ്റുകളിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു.

മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം കിട്ടിയ കേരളാ കോൺഗ്രസിന് ലോക്സഭാ സീറ്റ് നൽകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വത്തെ സമ്മർദത്തിലാക്കി കോട്ടയം സീറ്റ്  കൈവശപ്പെടുത്താനാണ് ജോസഫ് ശ്രമിക്കുന്നത്. പക്ഷേ അത് വിജയിക്കാനിടയില്ല.

യുഡിഎഫിൽ ഒരു സീറ്റുമില്ലാത്ത ആർഎസ്‌പിക്ക് ലോക്സഭാ സീറ്റ് നൽകുന്നത് ചൂണ്ടിക്കാട്ടി കോട്ടയം ചോദിക്കുക എന്നതാണ് പിജെ ജോസഫ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രേമചന്ദ്രന് നൽകിയ വാഗ്ദാനം ഒരു ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പായ്ക്കേജ് ആയിരുന്നെന്നും ആളും അണികളും ഇല്ലാത്ത കേരളാ കോൺഗ്രസിൻ്റെ കാര്യത്തിൽ ആ പരിഗണന ആവശ്യമില്ലെന്നുമാണ് യുഡിഎഫ് നിലപാട്.

publive-image

അങ്ങനെയെങ്കിൽ താൻ ഇടതുമുന്നണിയിലേക്ക് പോകുമെന്ന ഒരു സന്ദേശം കോൺഗ്രസിന് മുന്നിൽ നീട്ടിയെറിഞ്ഞതാണ് ജോസഫ്. എന്നാൽ ജോസഫിൻ്റെ ഈ പ്രസ്താവനയെ തള്ളിക്കളയുകയാണ് ഇടതു മുന്നണിയും കേരളാ കോൺഗ്രസ് മാണിയും. ജോസഫിൻ്റെ സ്വഭാവം ഏറെ നന്നായി അറിയുന്ന കേരളാ കോൺഗ്രസ് എം ഒരിക്കലും ജോസഫുമായി ഒരു സഹകരണത്തിന് തയ്യാറാകില്ല.


രണ്ടു മാസം മുമ്പ് പി ജെ ജോസഫുമായി അടുപ്പമുള്ള ചിലർ ജോസ് കെ മാണിയെ നേരിട്ട് കണ്ട് ജോസഫിൻ്റെ മടങ്ങി വരവ് ചർച്ച ചെയ്തിരുന്നുവെന്നാണ്  വിവരം. ഒരു ഉപാധികളുമില്ലാതെ മടങ്ങാമെന്നായിരുന്നു ഇവർ മുന്നോട്ടു വച്ച നിർദേശം. മകന്‍റെ രാഷ്ട്രീയ സംരക്ഷണം മാത്രമായിരുന്നു ജോസഫിന്‍റെ ആവശ്യം.  എന്നാൽ ജോസ് കെ മാണി ഇതു തള്ളിയിരുന്നു.


തനിക്ക് ശേഷം മകൻ അപു ജോസഫിനെ തൊടുപുഴയിൽ പിൻഗാമിയാക്കണമെന്നാണ് പിജെ ജോസഫിൻ്റെ ആഗ്രഹം. നിലവിൽ അതിന് പറ്റിയ സാഹചര്യം കേരളാ കോൺഗ്രസ് മാണി തന്നെയാണെന്നും അദേഹം വിലയിരുത്തുന്നുണ്ട്.

ഇതു കൂടി മുന്നിൽ കണ്ടാണ് ജോസഫിൻ്റെ പ്രസ്താവന എന്നും വ്യക്തം. ജോസഫിനെ മാത്രമല്ല , കെഎം മാണിയുടെ മരണശേഷം ജോസഫിനൊപ്പം പോയ ഒരു നേതാക്കളെയും തിരിച്ചെടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും മറ്റ് മുതിര്‍ന്ന നേതാക്കളും. അതേ സമയം ജോസഫിനൊപ്പം ഉണ്ടായിരുന്ന അണികളില്‍ നല്ലൊരു പങ്കും ഇതിനോടകം കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നുകഴിഞ്ഞു.

Advertisment