/sathyam/media/post_attachments/SfxIr8MuKmtUjrf8gwmU.jpg)
തിരുവനന്തപുരം: ഉന്നത ഗ്രൂപ്പു നേതാവിൻ്റെ മകനടക്കമുള്ളവർക്ക് കെപിസിസി പ്രസിഡൻ്റിൻ്റെ താക്കീത്. ഗ്രൂപ്പു പ്രവർത്തനം ശക്തിപ്പെടുത്തുന്ന നീക്കത്തിനെതിരായാണ് കെപിസിസി പ്രസിഡൻ്റ് നേതാക്കളെ നേരിട്ട് വിളിച്ച് ശാസിച്ചത്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്ന സന്ദേശവും ഈ നേതാക്കൾക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കെപിസിസി അധ്യക്ഷൻ മുതിര്‍ന്ന നേതാവിന്‍റെ മകനടക്കം അഞ്ചു നേതാക്കൾക്ക് താക്കീത് നൽകിയത്. ഗ്രൂപ്പു പ്രവർത്തനം നടത്തുകയും പല ജില്ലകളിലും ഗ്രൂപ്പുയോഗം ചേരുന്നതിന് ശ്രമിക്കുകയും ചെയ്തതിൻ്റെ പേരിലാണ് നടപടി.
കോഴിക്കോടും പത്തനംതിട്ടയിലും ഒരു ഉന്നത ഗ്രൂപ്പ് നേതാവിൻ്റെ മകൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഈ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തിയിരുന്നു. കാര്യമായ പ്രവർത്തക - നേതൃത്വ പങ്കാളിത്തമില്ലാതെയായിരുന്നു യോഗം.
ഇതിനു പുറമെ ചില ക്യാമ്പയിൻ്റെ പേരിൽ കേരളത്തിലുടനീളം സഞ്ചരിച്ച് ഗ്രൂപ്പ് പ്രവർത്തനം ശക്തിപ്പെടുത്താൻ 'മകന്‍ നേതാവ്' ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു. സ്വന്തം ഗ്രൂപ്പിലുണ്ടായിരുന്ന ചില നേതാക്കൾ തന്നെയാണ് പരാതിക്കാർ.
പാര്‍ട്ടിയില്‍ ഒരു പദവിയും ഭാരവാഹിത്വവും ഇല്ലാതെ മുതിര്‍ന്ന നേതാവിന്‍റെ മകനെന്ന നിലയില്‍ മാത്രം ഗ്രൂപ്പ് നേതാവാകാന്‍ ഇയാള്‍ ശ്രമിക്കുന്നതിനെതിരെ ഗ്രൂപ്പിനുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ തന്നെ പരാതി നേരിട്ട് അന്വേഷിച്ചത്.
തൽക്കാലം നടപടിയെടുക്കുന്നില്ലെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നുമാണ് പ്രസിഡൻ്റ് നൽകിയ നിർദേശം. നേരത്തെ പാർട്ടിയുടെ യുവജന സംഘടനയിൽ ഭാരവാഹിത്വം വഹിച്ചിരുന്ന നേതാവ് നിലവിൽ ദേശീയ ഭാരവാഹിത്വത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു.