Advertisment

രോഗവ്യാപനം കൂടുമ്പോഴും രോഗതീവ്രത പലമടങ്ങ് കുറഞ്ഞത് കേരളത്തിന് ആശ്വാസം തന്നെ ! കഴിഞ്ഞ വര്‍ഷം 4.26 ലക്ഷം രോഗികള്‍ ആശുപത്രികളില്‍ കഴിഞ്ഞിടത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടും ഇന്ന് ആശുപത്രികളിലുള്ളത് ആറായിരത്തില്‍ താഴെ മാത്രം ! ലോക്ക്ഡൗണ്‍ ഒഴിവാക്കി ആള്‍ക്കൂട്ട നിയന്ത്രണത്തിലൂടെ പ്രതിസന്ധി തരണം ചെയ്യും

New Update

publive-image

Advertisment

തിരുവനന്തപുരം: ടിപിആറും പ്രതിദിന രോഗബാധിതരുടെ എണ്ണവും റിക്കാര്‍ഡ് രേഖപ്പെടുത്തിയെങ്കിലും തീവ്ര രോഗബാധിതരുടെ എണ്ണം ഉയരാത്തത് പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന് ആശ്വാസമാണ്.

മുമ്പ് ടിപിആര്‍ 30 ശതമാനത്തിനടുത്തെത്തുകയും പ്രതിദിന രോഗബാധിതരുടെ എണ്ണം 43529 -ലെത്തുകയും ചെയ്തപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം സംസ്ഥാനത്ത് 4.26 ലക്ഷത്തിലെത്തിയിരുന്നു. ഓക്സിജന്‍ മാസ്കിനും ഐസിയുവിനും വെന്‍റിലേറ്ററിനും കടുത്ത ക്ഷാമം നേരിട്ടിരുന്നു.

എന്നാല്‍ തീവ്ര രോഗവ്യാപനം തുടരുന്നതിനിടയിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇപ്പോള്‍ ആറായിരത്തില്‍ താഴെ മാത്രമാണെന്നത് കേരളത്തിന് വലിയ ആശ്വാസം തന്നെയാണ്. സമ്പൂര്‍ണ വാക്സിനേഷനില്‍ കേരളം കൈവരിച്ച നേട്ടത്തിന്‍റെ ഫലമാണിത്.

ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം 46387 ആണ്. ടിപിആര്‍ 40.21 ശതമാനത്തിലെത്തി. കോവിഡിനുശേഷം കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നിട്ടും ആശുപത്രിയില്‍ ചികിത്സ തേടേണ്ട വിധം രോഗതീവ്രതയുള്ളവരുടെ എണ്ണത്തില്‍ ആശ്വാസകരമായ കണക്കുകള്‍ തന്നെയാണ് സംസ്ഥാനത്തിനുള്ളത്.

199041 രോഗബാധിതരില്‍ 193070 പേരും വീടുകളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുവെന്നാണ് കണക്കുകള്‍. ബാക്കി വരുന്ന ആറായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ആശുപത്രികളിലുള്ളത്.

ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടെന്ന നിലപാടിലേയ്ക്ക് സര്‍ക്കാര്‍ എത്തിയത്. വീണ്ടുമൊരു ലോക്ക്ഡൗണിനേക്കൂടി താങ്ങാനുള്ള കരുത്ത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയ്ക്കില്ല. അത് കോവിഡിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലേയ്ക്ക് നാടിനെ കൊണ്ടെത്തിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അതേസമയം അനാവശ്യ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന അഭിപ്രായം ശക്തമാണ്. സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ളതാണ്.

നൂറുകണക്കിനാളുകളെ സംഘടിപ്പിച്ചുകൊണ്ടുള്ള വിവാഹം പോലെയുള്ള ആഘോഷങ്ങളും നിയന്ത്രിക്കേണ്ടതുതന്നെ. തീവ്രവ്യാപനമുള്ളിടത്ത് 20 -ഉം മറ്റുള്ളിടത്ത് 50 -ഉം എന്നതാണ് പുതിയ മാനദണ്ഡം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കൂടുതലും ചികിത്സാ സൗകര്യങ്ങള്‍ പരിമിതവുമായ ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും.

ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞാല്‍ ലോക്ക്ഡൗണ്‍ എന്നതിലേയ്ക്ക് ആലോചനപോലുമില്ലാതെ പ്രതിസന്ധി നേരിടാനാകും.

Advertisment