മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പരമോന്നത സമിതിയായ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട 8 അംഗ സമിതിയിലും പിജെ ജോസഫിന് ഭൂരിപക്ഷം നഷ്ടമായി. പാര്‍ട്ടിയില്‍ ശക്തരായി ഫ്രാന്‍സീസ് ജോര്‍ജും പിസി തോമസും ? മുന്നണി മാറ്റം അപു ജോസഫിനെ സുരക്ഷിതനാക്കാനെന്ന ആക്ഷേപവുമായി മുതിര്‍ന്ന നേതാക്കളും !

New Update

publive-image

Advertisment

തൊടുപുഴ: മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ പി.ജെ ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ഭാരവാഹികളെ നിശ്ചയിക്കുന്നതിലും ജില്ലാ പ്രസിഡന്‍റുമാരുടെ വീതം വയ്പ് സംബന്ധിച്ചും കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള 8 അംഗ കമ്മിറ്റിയുടെ ഏറ്റവും അവസാനം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

അതിനിടെ യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെ തീരുമാനിക്കുന്നത് സംബന്ധിച്ചത തര്‍ക്കത്തിനിടെ തന്‍റെ പാര്‍ട്ടിയില്‍ ലയിച്ചശേഷം ജില്ലാ പ്രസിഡന്‍റു മുതല്‍ പാര്‍ട്ടി ചെയര്‍മാന്‍ വരെയുള്ള പദവികള്‍ തീരുമാനിച്ചതിലെ ക്രമപ്രശ്നം ചൂണ്ടിക്കാട്ടി ഭീഷണി ഉയര്‍ത്താന്‍ വരെ വര്‍ക്കിംങ്ങ് ചെയര്‍മാനായ പിസി തോമസ് തയ്യാറായതും ശ്രദ്ധേയമായി.

നേരത്തെ തോമസ് വിഭാഗത്തിന് നല്‍കാമെന്ന് വാക്ക് നല്‍കിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പദവിയുടെ കാര്യം പിസി തോമസ് യോഗത്തില്‍ ഉന്നയിച്ചപ്പോഴായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിലവില്‍ ശക്തനായ ഒരു ജില്ലാ പ്രസിഡന്‍റ് ഉണ്ടല്ലോ എന്ന് അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയാണ് മറുചോദ്യം ഉന്നയിച്ചത്. ഇതോടെയാണ് തര്‍ക്കിക്കാനാണെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ വലിയ തോതിലുള്ള ഉറപ്പ് ആരും കാണേണ്ടതില്ലെന്ന് തോമസ് സൂചന നല്‍കിയത്.

അങ്ങനെയെങ്കില്‍ 'ചെയര്‍മാനോ' ? എന്ന മറുചോദ്യം ഉടന്‍ യോഗത്തില്‍ ഉയര്‍ന്നു. ഉച്ചത്തിലുള്ള ചിരിയായിരുന്നു ആദ്യ പ്രതികരണം. പിന്നാലെ, കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലായി കാണുമല്ലൊ എന്ന മറുപടിയും തോമസില്‍ നിന്നും ഉണ്ടായത്രെ.

ജോസഫിന്‍റെ ഗ്രൂപ്പ് പിസി തോമസിന്‍റെ ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ലയിച്ച ശേഷം ഭരണഘടനാ പ്രകാരമുള്ള നടപടികളിലൂടെയല്ല ഭാരവാഹികളെ തെരഞ്ഞെടുത്തത് എന്ന കാര്യമാണ് പിസി തോമസ് ചൂണ്ടിക്കാട്ടിയതെന്ന് വ്യക്തം.

കേരള കോണ്‍ഗ്രസില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങള്‍. പാര്‍ട്ടിയിലും ഭാരവാഹികളിലും ഭൂരിപക്ഷവും പിസി തോമസ്-ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗങ്ങള്‍ക്കൊപ്പമാണ്. മുതിര്‍ന്ന നേതാക്കള്‍ മാത്രമുള്ള 8 അംഗ കമ്മിറ്റിയില്‍ പോലും 5 പേരുടെയും പിന്തുണ ഇവര്‍ക്കാണ്.

മുതിര്‍ന്ന നേതാക്കളില്‍ ജോസഫും മോന്‍സ് ജോസഫും ജോയ് എബ്രാഹവും മാത്രമാണ് ഔദ്യോഗിക ഗ്രൂപ്പ്. മകന്‍ അപു ജോസഫിനെ പാര്‍ട്ടിയില്‍ സജീവമാക്കാന്‍ ജോസഫിന് താല്‍പര്യം ഉണ്ടെങ്കിലും തനിക്കൊപ്പമുള്ള മോന്‍സും ജോയി എബ്രാഹവും പോലും അപുവിനെതിരാണ്.

ഇതോടെ ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള പിജെ ജോസഫിന്‍റെ നീക്കങ്ങള്‍ക്കും കേരള കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗത്തിന്‍റെ എതിര്‍പ്പുണ്ട്. പിസി തോമസ്, ഫ്രാന്‍സീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരൊന്നും ഏത് സാഹചര്യത്തിലും യുഡിഎഫ് വിടാന്‍ ഒരുക്കമല്ല. മോന്‍സ് ജോസഫിനും മുന്നണി മാറ്റ നീക്കത്തോട് തല്‍ക്കാലം യോജിപ്പില്ലെന്നാണ് സൂചന.

അതേസമയം മകന്‍ അപു ജോസഫിന്‍റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ വേണമെന്ന നിലപാടിലാണ് പിജെ ജോസഫ്. പ്രത്യേകിച്ചും പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങളും അപു ജോസഫിനെ പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍ തന്‍റെ 'മേല്‍നോട്ടത്തില്‍' തന്നെ അപുവിനെ സുരക്ഷിതനാക്കാനുള്ള തന്ത്രമാണ് ജോസഫ് പയറ്റുന്നത്.

അതിനിടയില്‍ ഇടതു മുന്നണി പ്രവേശനം സാധ്യമായില്ലെങ്കിലും മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കി സമ്മര്‍ദ്ദ നീക്കത്തിലൂടെ യുഡിഎഫില്‍ നിന്നും ലോക്സഭാ സീറ്റ് തരപ്പെടുത്താനും ജോസഫ് കരുക്കള്‍ നീക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഭിന്നതയും മുന്നണി മാറ്റവും തമ്മില്‍ എങ്ങനെ യോജിച്ചു പോകാനാകും എന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Advertisment