തൊടുപുഴ: മുന്നണി പ്രവേശനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ പ്രതികരണങ്ങള്‍ കരുതലോടെ. മുന്നണി മാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ജോസ് കെ മാണിയുടെ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഇന്നലത്തെ ജോസഫിന്‍റെ പ്രതികരണം.
എന്നാല്‍ പിജെ ജോസഫും മോന്‍സ് ജോസഫും മുന്നണി മാറ്റത്തിന് ശ്രമിക്കുന്നത് ഗതാഗതമന്ത്രി ആന്‍റണി രാജു നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിലൂടെയാണെന്ന യഥാര്‍ഥ നീക്കം സംബന്ധിച്ച വാര്‍ത്തകളോട് അറിഞ്ഞ ഭാവം നടിക്കാതെയാണ് ജോസഫിന്‍റെ ഈ പ്രതികരണം.
പിജെ ജോസഫ് ജോസ് കെ മാണിയുടെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ നീക്കം തുടങ്ങിയെന്ന വാര്‍ത്ത പടച്ചു വിട്ടത് ഊഹാപോഹങ്ങള്‍ മാത്രം വാര്‍ത്തയാക്കുന്ന ഒരു പത്രമായിരുന്നു. ജോസ് കെ മാണിയുമായി സഹകരിക്കേണ്ട വിഷയങ്ങളില്‍ സഹകരിക്കുമെന്ന ജോസഫിന്‍റെ പ്രസ്താവന കണ്ടായിരുന്നു ഈ തെറ്റായ വാര്‍ത്ത.
അതേസമയം ജോസ് കെ മാണിയുമായി സഹകരിക്കേണ്ട വിഷയങ്ങളില്‍ സഹകരണത്തിനു ശ്രമിക്കുമെന്ന് ജോസഫ് പറഞ്ഞത്, ആന്‍റണി രാജുവിന്‍റെ പാര്‍ട്ടി വഴി എല്‍ഡിഎഫില്‍ എത്താനുള്ള ശ്രമത്തിന് ഇപ്പോള്‍ മുന്നണിയിലെ മൂന്നാമത് ഘടകകക്ഷിയായ ജോസ് കെ മാണിയുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള കരുതലായിരുന്നു. പക്ഷേ ജോസഫിന്‍റെ ഈ നീക്കം ജോസ് പക്ഷം ശക്തമായി എതിര്‍ക്കും.
എന്തായാലും ആന്‍റണി രാജുവുമായി സഹകരിച്ച് ഇടതു മുന്നണിയിലെത്താനാണ് ജോസഫിന്‍റെ ശ്രമമെന്ന വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചതുമില്ല. വിവരം തിരക്കിയ യുഡിഎഫ് നേതാക്കളോടും ജോസ് കെ മാണിയുമായി ചേരില്ല എന്നു മാത്രമായിരുന്നു ജോസഫിന്‍റെ മറുപടി.
മാത്രമല്ല, ആ പ്രസ്താവനയില്‍പോലും പതിവുപോലെ ജോസ് കെ മാണിയെ കുത്തിപറയാതെ വളരെ സംയമനത്തോടെയായിരുന്നു ജോസഫിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയം. അതായത് ജോസിനെ പിണക്കിയാല്‍ ഇടതു മുന്നണി പ്രവേശനം ക്ലേശകരമാകും എന്ന് ജോസഫിനറിയാം.
ആന്‍റണി രാജുവിന്‍റെ പാര്‍ട്ടിയില്‍ ലയിച്ച് രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മോന്‍സ് ജോസഫിനെ മന്ത്രിയാക്കാനാണ് ജോസഫിന്‍റെ നീക്കം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മല്‍സരിച്ച് പാര്‍ലമെന്‍റംഗമാകുകയെന്നതാണ് പിജെ ജോസഫിന്‍റെ ലക്ഷ്യം.
മാത്രമല്ല, മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ എംഎല്‍എ ആയ മോന്‍സ് ജോസഫ് മുന്നണി മാറാന്‍ തയ്യാറല്ല. മന്ത്രിയാക്കാം എന്ന ഉറപ്പിലാണ് മോന്‍സും മുന്നണിമാറ്റത്തിനുള്ള നീക്കങ്ങളില്‍ സജീവമായിരിക്കുന്നത്.
യുഡിഎഫില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റാണ് ഇടുക്കി ലോക്സഭ. കഴിഞ്ഞ 5 വര്‍ഷമായി ജോസഫിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് ലോക്സഭാംഗമാകുകയെന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. തൊടുപുഴ മകന്‍ അപു ജോസഫിന് കൈമാറുകയുമാകാം.