ഇടുക്കി: മോന്‍സ് ജോസഫിനെ മന്ത്രിയാക്കുക, പിജെ ജോസഫിന് ഇടുക്കി ലോക്സഭാ സീറ്റ് നല്‍കുക, തൊടുപുഴയില്‍ മകന്‍ അപു ജോസഫിനെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുക - മന്ത്രി ആന്‍റണി രാജുവിന്‍റെ ജനാധിപത്യ കേരള കോണ്‍ഗ്രസിലൂടെ ഇടതു മുന്നണി പ്രവേശനത്തിന് ശ്രമിക്കുന്ന പിജെ ജോസഫ് മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍ ഇത് മൂന്നുമാണ്. ബാക്കി കാര്യങ്ങള്‍ക്കൊക്കെ കടുംപിടുത്തമില്ലാതെ പരിഹാരമുണ്ടാക്കാം എന്നതാണ് ജോസഫിന്‍റെ നയം.
ഭരണം നോക്കി മുന്നണി മാറുന്നതില്‍ പണ്ടേ തന്ത്രശാലിയായ പിജെ ജോസഫിന്‍റെ പുതിയ നീക്കങ്ങള്‍ പക്ഷേ മാറിയ രാഷ്ട്രീയത്തില്‍ എങ്ങനെ വിജയിക്കും എന്ന് കണ്ടറിയണം.
80 വയസ് പിന്നിട്ട പിജെ ജോസഫിന് ഇനി യുഡിഎഫിനെ ശക്തിപ്പെടുത്തി നാലര വര്‍ഷം കഴിഞ്ഞ് ഒരു ഭരണം നേടാം എന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട ജോസഫിന്‍റെ പാര്‍ട്ടി യുഡിഎഫിന് ഭരണംകൂടി നഷ്ടപ്പെട്ടതോടെ തകര്‍ച്ചയുടെ വക്കിലാണ്. തെരഞ്ഞെടുപ്പില്‍ ജോസഫ് വാക്ക് പാലിക്കാതിരുന്നതോടെ പിസി തോമസ്, ജോണി നെല്ലൂര്‍, ഫ്രാന്‍സീസ് ജോര്‍ജ് എന്നിവരെല്ലാം നിരാശരായിരുന്നു.
അതിനാല്‍ തന്നെ ഇവര്‍ മൂവരും തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശേരി ഉള്‍പ്പെടെയുള്ള നേതാക്കളും പാര്‍ട്ടിയില്‍ മറ്റൊരു ഗ്രൂപ്പായിട്ടാണ് മുന്നോട്ടുപാകുന്നത്. പാര്‍ട്ടിയിലെ ഭൂരിപക്ഷവും ഇവര്‍ക്കൊപ്പമാണ്.
മറുപക്ഷത്ത് മോന്‍സ് ജോസഫും ജോയ് എബ്രാഹവുമാണുള്ളത്. ഇവര്‍ രണ്ടു കൂട്ടരും ജോസഫിന്‍റെ മകന്‍ അപു ജോസഫിനെ അംഗീകരിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ അപു ജോസഫിനേകൂടി സുരക്ഷിതനാക്കാനുള്ള നീക്കമാണ് ജോസഫ് നടത്തുന്നത്.
ഈ സാഹചര്യത്തിലാണ് തന്‍റെ 85 -ാം വയസില്‍ സംഭവിച്ചേക്കാവുന്ന യുഡിഎഫ് ഭരണമാറ്റമെന്ന സ്വപ്നത്തിന് കാത്തു നില്‍ക്കാതെ ഉടനടി ഭരണത്തില്‍ പങ്കാളിയാകുക എന്ന ലക്ഷ്യത്തോടെയുള്ള ജോസഫിന്‍റെ നീക്കം. ജോസ് കെ മാണി അടുപ്പിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആന്‍റണി രാജുവിന്‍റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വഴിയുള്ള ശ്രമം.
ആന്‍റണി രാജുവിന് രണ്ടര വര്‍ഷമാണ് മന്ത്രിസ്ഥാനം. അതുകഴിഞ്ഞാല്‍ മന്ത്രിസ്ഥാനം കെബി ഗണേശ് കുമാറിന് ഒഴിഞ്ഞു നല്‍കണം. എന്നാല്‍ ഗണേശ് കുമാറിന്‍റെ പാര്‍ട്ടിയിലെയും കുടുംബത്തിലെയും പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ മുന്നണിക്ക് ബാധ്യതയാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട്.
ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ നിന്നൊരു ഘടകകക്ഷി മുന്നണിയിലേയ്ക്ക് വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആന്‍റണി രാജുവിന്‍റെ കാലാവധി കഴിഞ്ഞാല്‍ ജോസഫ് വിഭാഗത്തിന് മന്ത്രിസ്ഥാനം നല്‍കാനാകും.
ജോസഫിന്‍റെ പാര്‍ട്ടി ദുര്‍ബലമായതിനാല്‍ മന്ത്രിസ്ഥാനമില്ലാതെ മുന്നണി മാറ്റത്തിന് പാര്‍ട്ടിയിലെ രണ്ടാം എംഎല്‍എ ആയ മോന്‍സ് ജോസഫ് തയാറാകില്ല. അതിനാല്‍ മന്ത്രിസ്ഥാനം മോന്‍സിന് നല്‍കി, തന്‍റെ അവശേഷിക്കുന്ന ആഗ്രഹമായ പാര്‍ലമെന്‍റംഗത്വം സാക്ഷാല്‍കരിക്കുകയാണ് ഇപ്പോള്‍ ജോസഫിന്‍റെ ലക്ഷ്യം. ഒപ്പം ജോസ് കെ മാണിയെ ഒതുക്കുകയുമാകാം. അതിന് സിപിഐയുടെ സഹകരണവും അവര്‍ പ്രതീക്ഷിക്കുന്നു.