/sathyam/media/post_attachments/XNwrJh0aWqcHy7APYgQ5.jpg)
തിരുവനന്തപുരം: മുതിര്‍ന്ന നേതാവവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സീനിയര്‍ ഒബ്‌സര്‍വറായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് ഇതുസംബന്ധിച്ച നിയമനം നടത്തിയത്.
തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് രമേശ് ചെന്നിത്തലയുടെ ദൗത്യം. സംഘടനാകാര്യങ്ങളുടെ ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കന്മാരെ സീനിയര്‍ ഒബ്‌സര്‍വര്‍മാരായി നിയമിക്കാറുണ്ട്. എന്നാൽ പാർട്ടി ഏറെ ദുർബലമായ തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള പദവി അത്ര പ്രാധാന്യമേറിയതല്ലെന്നാണ് വിലയിരുത്തൽ.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളെ നിരീക്ഷകരായി നിയമിച്ചിരുന്നു. മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തെ ഗോവയിൽ സീനിയര്‍ ഒബ്‌സര്‍വറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എന്നാൽ ചെന്നിത്തലയ്ക്ക് നൽകിയതാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ചുമതല മാത്രം. അതും ഡിഎംകെ നൽകുന്ന ചുരുക്കം സീറ്റുകളിൽ മത്സരിക്കുന്നതിന്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഏറെ ദുർബലമായ സംസ്ഥാനമാണ് തമിഴ്നാട്.
നേരത്തെ എഐസിസിയിൽ മികച്ച സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചെന്നിത്തലയ്ക്ക് പുതിയ പദവി വലിയ തിരിച്ചടി തന്നെയാണ്. രാഹുൽ ഗാന്ധിയുടെ അത്യപ്തിയാണ് ഇതിനു കാരണം എന്നാണ് ലഭിക്കുന്ന സൂചന.