/sathyam/media/post_attachments/bBX0fssWslSV9SiWDG2q.jpg)
കോട്ടയം: പിൻവാതിൽ വഴി ഇടതു മുന്നണിയിൽ കയറാനുള്ള പി ജെ ജോസഫിൻ്റെ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് എം രംഗത്ത്. ജോസഫിൻ്റെ സ്വഭാവവും പ്രവർത്തിയും അറിയാമെന്നും ഇനി കൂടെ കൂട്ടി ഭസ്മാസുരന് വരം നൽകിയതുപോലെ ആകില്ലെന്നും ചീഫ് വിപ്പ് എൻ ജയരാജ് പറഞ്ഞു.
നേരത്തെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ചേക്കേറാനുള്ള ജോസഫിൻ്റെ നീക്കം പൊളിഞ്ഞതിനു പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിൽ ലയിച്ച് ഇടതു മുന്നണിയിലെത്താൻ ജോസഫ് നീക്കം തുടങ്ങിയിരുന്നു. ഇതിൻ്റെ പ്രാഥമിക ചർച്ചകളും നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് കേരളാ കോൺഗ്രസ് എം കടുത്ത വിമർശനവുമായി രംഗത്ത് വന്നത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിയില്‍ പിന്‍വാതിലിലൂടെ കയറി അതിനെയും ദുര്‍ബലപ്പെടുത്താന്‍ ഉള്ള അച്ചാരം പിജെ ജോസഫ് ആരോടെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കൈവശം വച്ചാല്‍ മതിയെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു.
പിജെ ജോസഫും കൂട്ടരുമായും യാതൊരു രാഷ്ട്രീയ സഖ്യത്തിനും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചിന്തിച്ചിട്ടുപോലുമില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷക്കാലം പിജെ ജോസഫിനെയും കൂട്ടരെയും കൂടെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്നില്‍ നിന്ന് കുത്തി പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാന്‍ ആണ് ശ്രമിച്ചത്.
ഭസ്മാസുരന് വരം നല്‍കിയതുപോലെയാണ് പിജെ ജോസഫിനെയും കൂട്ടരെയും കേരളാ കോണ്‍ഗ്രസ് എമ്മിൽ കൂടെച്ചേര്‍ത്തതില്‍ ഉണ്ടായ അനുഭവം. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ എല്ലാമായ മാണി സാറിനെയും യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടിയെത്തന്നെയും ഇല്ലാതാക്കി, പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനാണ് പിജെ ജോസഫും കൂട്ടരും ശ്രമിച്ചത്.
മുറിച്ചുരിക പണിത ചതിയന്‍ ചന്തുവിന്റെ കാലം കഴിഞ്ഞുപോയി. പിണങ്ങി നിന്ന ശത്രുക്കള്‍ തിരികെ വരാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഗോഡ്‌ഫാദർ സിനിമയിലെ ആനപ്പാറ അച്ചാമ്മയുടെ വാക്കുകള്‍ ആണ് ഓര്‍മ്മവരുന്നത്. അവന്‍മാരെ ഇല്ലാതാക്കുവാന്‍ നീ എങ്ങനെയും അകത്തു കയറണം എന്ന് ചെറുമകളോട് ഉപദേശിച്ച രംഗം.
അത് തിരിച്ചറിയാന്‍ ഉള്ള ശേഷി കേരളാ കോണ്‍ഗ്രസ് എം നേതൃത്വത്തിനുണ്ട്. യുഡിഎഫില്‍ ഒരുമിച്ച് നിന്ന കാലത്ത് ആ മുന്നണിയെ ദുര്‍ബലപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്തുവെന്നത് ജനങ്ങള്‍ക്ക് അറിയാമെന്നും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.
ഇതോടെ ജോസഫിന്‍റെ ഇടതു നീക്കത്തിന് തുടക്കത്തിലേ തിരിച്ചടിയായിരിക്കുകയാണ്. ജോസ് കെ മാണിയെ പിണക്കി ജോസഫിനെ കൂടെ കൂട്ടുകയെന്നത് ഇടതു മുന്നണിക്ക് ക്ലേശകരമായിരിക്കും.