പിജെ ജോസഫിന്‍റെ ഇടതു പാലായനത്തിന് തുടക്കത്തിലെ തടയിട്ട് ജോസ് കെ മാണി ! ആ 'സഹകരണം' ഇനി ആലോചിക്കാന്‍ പോലുമാകില്ലെന്ന് തുറന്നടിച്ച് ഡോ. എന്‍ ജയരാജ് ! മുന്നണി നേതൃത്വത്തെ എതിര്‍പ്പറിയിച്ച് ജോസ് കെ മാണിയും ! ശിഷ്ടകാലം പിജെ ജോസഫിന് യുഡിഎഫില്‍ തന്നെ തുടരേണ്ടി വരുമോ ?

New Update

publive-image

Advertisment

കോട്ടയം: പിന്‍വാതിലിലൂടെ ഇടതു പ്രവേശനത്തിനായി കരുക്കള്‍ നീക്കിയ പിജെ ജോസഫിന്‍റെ തന്ത്രങ്ങള്‍ മുളയിലെ നുള്ളി കേരള കോണ്‍ഗ്രസ് എം. പിജെ ജോസഫും കൂട്ടരുമായി യാതൊരുവിധത്തിലും സഹകരിക്കില്ലെന്ന ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്‍റെ പ്രസ്താവന ഇടതു മുന്നണിയ്ക്കു കൂടിയുള്ള സന്ദേശം കൂടിയാണ്.

ജോസഫുമായുള്ള കഴിഞ്ഞ 10 വര്‍ഷത്തെ സഹകരണ ചരിത്രം വിവരിച്ചുകൊണ്ടാണ് ഡോ. എന്‍ ജയരാജിന്‍റെ പ്രസ്താവന. ജോസഫിനെ കൂടെ കൂട്ടിയത് ഭസ്മാസുരന് വരം നല്‍കിയതുപോലായിപ്പോയെന്നും ആ ചരിത്രം ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ജയരാജിന്‍റെ പ്രസ്താവന ഇടതു നേതാക്കളെ ലക്ഷ്യം വച്ചുള്ളതാണ്.

ഇടതു മുന്നണിയില്‍ നിന്നും ജോസഫിനെ യുഡിഎഫിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന തങ്ങളെ ചവിട്ടി പുറത്താക്കി പാര്‍ട്ടി പിടിച്ചടക്കാനാണ് ജോസഫും കൂട്ടരും ശ്രമിച്ചതെന്ന് ജയരാജ് പറയുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ മാത്രമല്ല, മുന്നണി തലത്തില്‍പോലും ഇനി പിജെ ജോസഫുമായി സഹകരണത്തിനില്ലെന്ന് അടിവരയിടുന്നതാണ് ജയരാജിന്‍റെ പ്രസ്താവന.

മന്ത്രി ആന്‍റണി രാജുവിന്‍റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വഴി ജോസഫ് ഇടതു പ്രവേശനത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകളോട് ജോസ് കെ മാണിയുടെയും കൂട്ടരുടെയും പ്രതികരണം ആകാംഷയോടെയാണ് സിപിഎമ്മും ഇടതു നേതാക്കളും കാത്തിരുന്നത്.

മുതിര്‍ന്ന നേതാവുതന്നെ കടുത്ത പ്രതികരണവുമായി രംഗത്തു വന്നതോടെ ജോസഫുമായുള്ള സഹകരണ നീക്കവുമായി മുന്നോട്ടു പോകുക ഇടതുപക്ഷത്തിനും ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, ജോസഫിന്‍റെ നീക്കങ്ങളിലുള്ള ആശങ്ക പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ മുന്നണി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞതായും സൂചനയുണ്ട്.

ജോസ് കെ മാണിയുമായി സഹകരിക്കേണ്ട മേഖലകളില്‍ സഹകരിക്കുമെന്ന പിജെ ജോസഫിന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതോടെയാണ് ആന്‍റണി രാജുവും ജോസഫുമായി നടത്തിയ ചര്‍ച്ചകള്‍ പുറത്തായത്. ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ കൂടെക്കൂട്ടുമെന്ന് കഴിഞ്ഞ ദിവസം ആന്‍റണി രാജു പ്രതികരിച്ചത് കേരള കോണ്‍ഗ്രസ് എമ്മിനെ ചൊടിപ്പിച്ചിരുന്നു.

ഇടതു പക്ഷത്തിന്‍റെ പഴയ ഘടകകക്ഷി എന്ന നിലയില്‍ ജോസഫിന്‍റെ മടങ്ങിവരവിന് സ്വാഭാവികമായും വലിയ കടമ്പകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇനി ജോസഫിനു മുമ്പെ ഇടതുപക്ഷത്തെത്തിയ ജോസ് കെ മാണിയെ പിണക്കി ജോസഫിനെ ഒപ്പം കൂട്ടാന്‍ സിപിഎം ഒരുക്കമല്ല. പ്രത്യേകിച്ച് ജനകീയ അടിത്തറയും അംഗബലവുമുള്ള പാര്‍ട്ടി ജോസ് കെ മാണി നേതൃത്വം നല്‍കുന്നതാണെന്ന സാഹചര്യത്തില്‍ ജോസിന്‍റെ നിലപാടിനു തന്നെയാകും ഇടതു മുന്നണി പ്രാമുഖ്യം നല്‍കുക.

മുന്നണി പ്രവേശനത്തിന് ജോസഫ് സിപിഐയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമായി പഴയ അകല്‍ച്ച ഇപ്പോഴില്ല. അതിനാല്‍ സിപിഐയും പുതിയ നീക്കത്തെ അനുകൂലിക്കില്ല. ഇതോടെ ജോസഫിന്‍റെ ഇടതു പാലായനം തല്‍ക്കാലം അടഞ്ഞ അദ്ധ്യായമാകും.

Advertisment