/sathyam/media/post_attachments/4cvmgPfsPetXqKcvIpdd.jpg)
പാലക്കാട്: ആരെയും കൂസാത്ത സ്വന്തം പ്രകൃതി തന്നെയാണ് കൂറമ്പാച്ചിമല കീഴടക്കാനുള്ള പരിശ്രമത്തിനിടെ ബാബുവിനെ പാറയിടുക്കില്‍ കുടുക്കിയത്. നാട്ടിലെ പത്ര വിതരണക്കാരനായ ബാബു മറ്റ് മൂന്നു കൂട്ടുകാര്‍ക്കൊപ്പമാണ് നാട്ടുകാര്‍ക്കെന്നും കൗതുകമായിരുന്ന ചെറാട് കൂറമ്പാച്ചി മലയിലേയ്ക്ക് നടന്നു കയറിയത്.
മുകള്‍വശം കൂര്‍ത്ത ആകൃതിയിലുള്ള മലയായതിനാലാണ് ഇതിനെ കൂറമ്പാച്ചി മലയെന്ന് വിളിക്കുന്നത്. ആയിരം മീറ്റര്‍ ഉയരമുള്ള കൂറമ്പാച്ചിയുടെ കൂര്‍ത്ത നെറുകയില്‍ കയറിയവരാരും മലമ്പുഴയിലില്ല. അങ്ങനെയാരും ഈ മല കയറിയതായും നാട്ടുകാര്‍ക്കറിവില്ല.
ആ വെല്ലുവിളിയാണ് ബാബുവിന്‍റെ നാല്‍വര്‍ സംഘം ഏറ്റെടുത്തത്. മലയുടെ നാലിലൊന്ന് ഉയരം വരെയൊക്കെ നാട്ടുകാര്‍ എത്താറുണ്ട്. ബാബുവും കൂട്ടുകാരും എത്തിയതും അവിടം വരെ മാത്രം.
/sathyam/media/post_attachments/q4Dm1jN350R9esQSsECo.jpg)
200 മീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ തങ്ങള്‍ സ്ഥിരം കയറുന്ന വഴി മാറിപോയതായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് മനസിലായിരുന്നു. അങ്ങനെ ഇനി മുകളിലേയ്ക്കില്ലെന്ന് തീരുമാനിച്ച് രണ്ട് പേര്‍ പിന്‍വാങ്ങി. തിരിച്ചുപോകാമെന്ന് ഇവര്‍ പറഞ്ഞിട്ടും ബാബുവും മൂന്നാമനും സമ്മതിച്ചില്ല. കയറ്റം തുടര്‍ന്ന് മുന്നൂറ് അടി പിന്നിട്ടപ്പോള്‍ മൂന്നാമനും പരാജയപ്പെട്ടു.
പക്ഷേ ബാബു പിന്‍വാങ്ങാന്‍ ഒരുക്കമായിരുന്നില്ല. കൂട്ടുകാരന്‍ മടങ്ങിയെങ്കിലും ബാബു മുകളിലേയ്ക്ക് കയറ്റം തുടര്‍ന്നു. അറുനൂറ് അടി പിന്നിട്ടപ്പോഴാണ് മുകളില്‍ നിന്നും തെന്നി മാറി ഏതോ ഭാഗ്യമെന്നോണം ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.
/sathyam/media/post_attachments/rPzjrxki0kgaENPimTw2.jpg)
അതിനിടെ മുട്ടിന് പരുക്കും സംഭവിച്ചു. അതോടെ ഇനി മുകളിലേയ്ക്ക് കയറാനാകില്ലെന്ന് ബാബുവും ഉറപ്പിച്ചു. പിന്നെ എങ്ങനെങ്കിലും രക്ഷപെടാനുള്ള വെപ്രാളമായിരുന്നു. മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടായിരുന്നതാണ് അനുഗ്രഹമായത്.
കൂട്ടുകാരെ ഫോണില്‍ വിളിച്ച് താന്‍ പാറയിടുക്കില്‍ കുടുങ്ങിയ കാര്യം അറിയിച്ചു. പക്ഷേ സ്ഥലം കണ്ടെത്താന്‍ പാടുപെട്ടു. ഷര്‍ട്ട് ഊരി വീശി ആളുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചു. രാത്രിയായപ്പോള്‍ മൊബൈലിന്‍റെ ലൈറ്റ് തെളിച്ചും സ്ഥലം അറിയിച്ചു. പക്ഷേ തിങ്കളാഴ്ച രാത്രി വരിയും ചൊവ്വാഴ്ച പകലും ശ്രമിച്ചിട്ടും രക്ഷാ പ്രവര്‍ത്തനം വിജയം കണ്ടില്ല.
ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും വിജയിച്ചില്ല. ഒടുവില്‍ കരസേനയുടെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു രാത്രിയും ഒന്നര പകലും പിന്നിട്ടതോടെ വെള്ളവും ഭക്ഷണവും കഴിക്കാതെ കുടുങ്ങിക്കിടക്കുന്ന ബാബുവിന്‍റെ ആരോഗ്യ നിലയിലായിരുന്നു ആശങ്ക.
/sathyam/media/post_attachments/UkwH1uin8mKIJqJ2uKfm.jpg)
ബുധനാഴ്ച പുലര്‍ച്ചെ ബാബുവിന് അടുത്തെത്തിയ ദൗത്യസംഘം തങ്ങളുടെ സാമീപ്യം അറിയിച്ചും ബാബു തളര്‍ന്നു വീഴാതെ ആത്മവിശ്വാസം പകര്‍ന്നും നേരം പുലരും വരെ കാത്തിരുന്നു. ഒടുവില്‍ 9.30 ഓടെ ദൗത്യ സംഘത്തിലെ ബാല എന്ന സൈനികന്‍ ബാബുവിന്‍റെ കരം കവര്‍ന്നതോടെ ഒരു വ്യക്തിക്കുവേണ്ടി കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യത്തിന് പ്രതീക്ഷ കൈവരിക്കുകയായിരുന്നു.
/sathyam/media/post_attachments/WPNjKpYmlT0U1Lo9C0rj.jpg)
മലമ്പുഴയില്‍ വാടക വീട്ടിലാണ് 23 കാരനായ ബാബുവും അമ്മയും കുടുംബവും താമസിക്കുന്നത്. ബാബുവിന്‍റെ അനുസരണക്കേടാണ് ആപത്ത് വിളിച്ചു വരുത്തിയതെങ്കിലും പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാടൊന്നാകെ രക്ഷാ ദൗത്യത്തിനായി ഊണും ഉറക്കവും ഒഴിച്ച് കൈകോര്‍ക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us