തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി രൂക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് മറുവിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി സൈബര്‍ ഇടങ്ങളില്‍ പ്രതിപക്ഷ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളുമായി എ,ഐ ഗ്രൂപ്പ് നേതാക്കള്‍ സജീവമാണ്.
പ്രതിപക്ഷ നേതൃസ്ഥാനം വിഡി സതീശന് ലഭിച്ചതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന എ, ഐ ഗ്രൂപ്പുകള്‍ കുറച്ചുനാളുകള്‍ നിശബ്ദതയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവിനെ കടത്തിവെട്ടാനുള്ള നടപടികളിലേക്ക് 'മുതിര്‍ന്ന നേതാക്കള്‍' കടക്കുന്നുവെന്നാണ് ആക്ഷേപം. പല സംഭവങ്ങളിലും പാര്‍ട്ടിയോടോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ ആലോചിക്കാതെ സ്വന്തം നിലയില്‍ മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല പ്രതികരിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷം രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ അന്ന് മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയും സഭയിലുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ചെന്നിത്തലയെ മറികടന്ന് മുന്‍കൂര്‍ ഒരുവിഷയത്തിലും അദ്ദേഹം നിലപാട് എടുത്തിട്ടില്ല.
എന്നാല്‍ ചെന്നിത്തല ഇപ്പോള്‍ സ്വീകരിക്കുന്നത് അതിന് നേരെ വിരുദ്ധമായാണ് നിലപാട് സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പക്ഷം. ഇത് സംസ്ഥാനത്തെ പുനസംഘടനയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് പറയുന്നു. ഐ ഗ്രൂപ്പിന് വേണ്ടത്ര പ്രാധാന്യം കിട്ടാത്തതും ഗ്രൂപ്പിലെ ചെന്നിത്തലയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടതുമാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചതെന്നും പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്.
അതേസമയം, രമേശ് ചെന്നിത്തലയുടെ ഈ നീക്കത്തിന് എ ഗ്രൂപ്പിന്റെ പിന്തുണയും ഉണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള നീക്കമെന്ന നിലയിലാണ് എ ഗ്രൂപ്പിന്റെ പിന്തുണ. എന്നാല്‍ ഭൂരിഭാഗം പ്രവര്‍ത്തകരും ചെന്നിത്തല ഇപ്പോള്‍ നടത്തുന്ന നീക്കത്തില്‍ അസംതൃപ്തരാണ്. അതേസമയം സമീപ കാലത്ത് ഏറ്റവും തളങ്ങിയ ഒരു പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നുണ്ട്.
പാര്‍ട്ടിയുടെ എതിരാളി സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാരുമാണെന്ന കാര്യം എ, ഐ ഗ്രൂപ്പുകള്‍ മറക്കുന്നുവെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പരസ്പ്പരം തമ്മിലടിച്ച് അനുകൂല സാഹചര്യമില്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം രമേശ് ചെന്നിത്തലയുടെ നീക്കത്തെ വിഡി സതീശന്‍ ക്യാമ്പും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ തിടുക്കത്തിലുള്ള പല പ്രതികരണവും സൂപ്പര്‍ പ്രതിപക്ഷ നേതാവാകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഈ നിലപാട് തുടര്‍ന്നാല്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഇവര്‍ ഒരുങ്ങുന്നുണ്ട്.