രണ്ട് പതിറ്റാണ്ടുകാലത്തെ ചെറിയാന്‍ ഫിലിപ്പിന്‍റെ ഇടതു വിദ്യാഭ്യാസം മുതലാക്കാനൊരുങ്ങി കെ സുധാകരന്‍റെ പുതിയ നീക്കം. ചെറിയാന്‍റെ 'പുനരധിവാസ പഠനകേന്ദ്ര'ത്തിലെ ഒഴിവാക്കാനാകാത്ത അധ്യായത്തെപ്പറ്റി സൂചിപ്പിച്ച് നേതാക്കളും ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയി ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിന് 'പുനരധിവാസ കേന്ദ്രം' അനുവദിച്ച് കെപിസിസി. ചെറിയാന്‍ ഫിലിപ്പിനെ കെപിസിസിയുടെ പുതിയ രാഷ്ട്രീയ പഠനകേന്ദ്രത്തിന്‍റെ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പുതിയതായി രൂപീകരിക്കുന്ന സംവിധാനമാണ് രാഷ്ട്രീയ പഠനകേന്ദ്രം.

കോണ്‍ഗ്രസിന്‍റെ ആശയപരമായ അടിത്തറയും ചരിത്ര പാരമ്പര്യവും ശക്തിപ്പെടുത്തുകയാണ് പുതിയ ഉദ്യമത്തിന്‍റെ ലക്ഷ്യം. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും സംഘടിപ്പിക്കുകയെന്നതാണ് രാഷ്ട്രീയ പഠന കേന്ദ്രത്തിന്‍റെ ഉദ്ദേശം.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അടികളികളിലെ സുപ്രധാന ചുമതലക്കാരിലൊരാളായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ ഇടതു സര്‍ക്കാരിനെതിരായ നയപരമായ നീക്കങ്ങളുടെ സൂത്രധാരനാക്കി മാറ്റുന്നത് രാഷ്ട്രീയപരമായി ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

ഇടതുമനസും കുതന്ത്രങ്ങളും ശൈലികളും രണ്ടു പതിറ്റാണ്ടിലേറെക്കാലം സഹയാത്രികനായി നിന്ന് മനസിലാക്കിയ ചെറിയാന്‍ ഫിലിപ്പിനേക്കാളും യോഗ്യനായ ഒരാളെ ഈ പദവിക്ക് കിട്ടാനില്ലെന്നതാണ് കെപിസിസി വിലയിരുത്തല്‍. ചെറിയാന്‍റെ ഇടതു രാഷ്ട്രീയ അനുഭവം കോണ്‍ഗ്രസിന് നേട്ടമാക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ ചുമതല.

അതേസമയം ആഗ്രഹിക്കുന്നിടത്തോളം ലഭിക്കാതെ വരുമ്പോള്‍ നിരാശ മൂത്ത് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് എതിര്‍ ചേരിയുടെ വക്താവും പ്രചാരകനുമാകാനുള്ള ചിന്തയില്‍ നിന്ന് നേതാക്കളെ എങ്ങനെ സംരക്ഷിക്കാം എന്ന പാഠം കൂടി ചെറിയാന്‍റെ ചുമതലയിലുള്ള ഈ പഠന കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും വിമര്‍ശനമുണ്ട്.

Advertisment