സർക്കാരിനെ മുൾമുനയിൽ നിർത്തി ഗവർണറുടെ നാടകീയ നീക്കം ! ഒടുവിൽ ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കി സർക്കാരിൻ്റെ അനുനയ നീക്കം വിജയം കണ്ടു. ഇനി നാളെ സഭയിൽ നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഗവർണർ സമ്മർദം തുടരുമോ ? വി സി നിയമന വിവാദത്തിനു പിന്നാലെ പേഴ്സണൽ സ്റ്റാഫ് വിവാദത്തിലും ഗവർണർ കൊമ്പുകോർത്തതോടെ സർക്കാർ - ഗവർണർ ബന്ധത്തിൽ വിള്ളൽ ! എല്ലാം സെറ്റിൽമെൻ്റിൻ്റെ ഭാഗമെന്ന് പ്രതിപക്ഷവും. കേരളത്തിൽ ഇന്നു നടന്നത് അസാധാരണമായ സംഭവങ്ങൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട സമ്മർദ തന്ത്രങ്ങൾക്കൊടുവിൽ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടതോടെ സർക്കാരിന് ആശ്വാസം. ഇനി നാളെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതു കണ്ടു തന്നെ അറിയണം.

സാധാരണ ഗതിയിൽ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക.

ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. എന്നാൽ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അസാധാരണമായ പ്രതിസന്ധിയെയാണ് സര്‍ക്കാര്‍ അഭിമുഖീകരിച്ചത്.

ഉച്ചയോടെ ആരംഭിച്ച നാടകീയ നീക്കങ്ങൾ സർക്കാരിനെ ഒരു വേള വലിയ സമ്മർദത്തിലാക്കി. സഭാ സമ്മേളനം മാറ്റുന്നത് പോലും സർക്കാർ പരിഗണിച്ചു. പിന്നീട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി.

മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ എത്തിയിരുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പിഎ സ്ഥാനത്ത് ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

publive-image

സർക്കാരിൻ്റെ കത്ത് വന്നതിന് പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‍ അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ഗവർണറും ആവശ്യപ്പെട്ടു. ഈ വിഷയം മുൻനിർത്തിയാണു നയപ്രഖ്യാപനത്തിൽ ഒപ്പിടാത്തതെന്നായിരുന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയേയും ബന്ധപ്പെട്ടിരുന്നു. സിഎജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കും എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

എന്തായാലും ഗവർണറുടെ സമ്മർദം ഒടുവിൽ വിജയിച്ചു. മുതിർന്ന ഉദ്യോഗസ്ഥനായ കെ.ആര്‍.ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി സർക്കാർ നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു.

ഈ ഉത്തരവ് ഇറങ്ങിയതിന് ശേഷമാണ് ഗവർണർ തൻ്റെ നിലപാട് മാറ്റി നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഇതോടെ പ്രതിസന്ധിയും ഒഴിഞ്ഞു. ഇതാദ്യമായല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ സമ്മർദത്തിലാക്കുന്നത്.

2020ൽ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനം വായിക്കില്ലെന്ന നിലപാട് പരസ്യമായി ഗവർണർ സ്വീകരിച്ചിരുന്നു. പിന്നിട് വിയോജിപ്പോടെ വായിച്ചതും ചരിത്രം. ഗവർണറുടെ ഭരണഘടനാ ബാധ്യതയാണ് നയപ്രഖ്യാപനം നടത്തുക എന്നത്.

അതിൻ്റെ ബാധ്യത നിലനിൽക്കെ തന്നെ വലിയ സമ്മർദം ചെലുത്തി തൻ്റെ അധികാരം കാണിക്കാനാണ് ഗവർണർ ശ്രമിച്ചതെന്നാണ് വിമർശനം. ഗവർണറുടെ നടപടിയിൽ സർക്കാരിന് കടുത്ത വിയോജിപ്പ് ഉണ്ട്. എങ്കിലും തൽക്കാലം അത് പ്രകടിപ്പിക്കണ്ട എന്നു തന്നെയാണ് സർക്കാർ തീരുമാനം.

സർക്കാർ എടുത്ത തീരുമാനം നടപ്പാക്കിയ ഉദ്യോഗസ്ഥനെ ബലിയാടാക്കിയതിൽ ഉദ്യോഗസ്ഥരുടെ ഇടയിലും പ്രതിഷേധമുണ്ട്. വരും ദിവസങ്ങളിൽ ഇതു പലയിടത്തും പ്രതിഫലിക്കും.

അതേ സമയം കൊടുത്തും വാങ്ങിയും സര്‍ക്കാരും ഗവര്‍ണറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസം.

നയപ്രഖ്യാപന പ്രസംഗത്തിനായി നാളെ ഗവര്‍ണര്‍ നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിപക്ഷത്തിന് ഒരുപിടി വിഷയങ്ങളാണ് സഭയ്ക്കകത്തും പുറത്തും ഉള്ളത്. ഇത് പ്രതിപക്ഷം നാളെ സഭയിലും പ്രതിഫലിപ്പിക്കും.

Advertisment