മുസ്ലീം ലീഗ് യുഡിഎഫ് വിട്ട് ഇടതില്‍ ചേക്കേറുമോ ? നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം ! ലീഗ് മുന്നണി വിട്ടാല്‍ യുഡിഎഫ് ദുര്‍ബലപ്പെടുമെന്ന വിലയിരുത്തലില്‍ സിപിഎം. പക്ഷേ ലീഗിനെ കൂടെ കൂട്ടാന്‍ പാര്‍ട്ടി പേര് തടസം ! ഇടതിനൊപ്പം ചേരാന്‍ ലീഗ് പേര് മാറ്റേണ്ടി വരും. കുഞ്ഞാലിക്കുട്ടി-ജലീല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നതോടെ രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാ വിഷയമായി ലീഗിന്റെ മുന്നണി മാറ്റം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണോ സമൂഹമാധ്യങ്ങളിലെ നേതാക്കളുടെ പ്രതികരണമെന്ന ചര്‍ച്ചകള്‍ സജീവം. കഴിഞ്ഞ ദിവസങ്ങളിലെ പല നേതാക്കളുടെയും ഫേസ്ബുക്ക് കുറിപ്പുകള്‍ വച്ച് മുസ്ലീംലീഗ് യുഡിഎഫ് വിടുന്നുവോ എന്നതാണ് പ്രധാന ചര്‍ച്ച. ഇത്തരം ചര്‍ച്ചകള്‍ സജീവമാകുമ്പോഴും നിലവിലെ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ ബെഞ്ചില്‍ ലീഗ് ഉറച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലീം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് ഒരു ദശാബ്ദത്തിലേറെ പഴക്കമുണ്ട്. ലീഗിനെ മുന്നണിയിലെടുക്കാന്‍ സിപിഎമ്മിന് ഒരു താല്‍പ്പര്യകുറവുമില്ല. മുസ്ലീംലീഗ് മുന്നണി വിട്ടാല്‍ യുഡിഎഫ് ദുര്‍ബലമാകുമെന്നതിനാല്‍ സിപിഎമ്മിന് അത് താല്‍പ്പര്യവുമുണ്ട്.

പക്ഷേ മുസ്ലീംലീഗ് എന്ന പേര് തന്നെയാണ് ലീഗിന്റെ ഇടതു പ്രവേശനത്തിന് പണ്ടും വിലങ്ങു തടിയായത്. അതു മാറ്റണമെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. ലീഗ് ഇതു സംബന്ധിച്ച് ചില നീക്കങ്ങളൊക്കെ നടത്തിയെങ്കിലും ഇടക്കാലത്ത് അതു ഉപേക്ഷിക്കുകയായിരുന്നു.

വീണ്ടും ലീഗ്-സിപിഎം അടുപ്പമുണ്ടോയെന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമിട്ടത് ജലീല്‍ -കുഞ്ഞാലിക്കുട്ടി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ മലപ്പുറത്തെ ഒരു വ്യവസായിയുടെ വീട്ടില്‍ വച്ച് മണിക്കൂകള്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വാര്‍ത്ത. ഇരുവരും വാര്‍ത്ത നിഷേധിച്ചില്ലെന്നു മാത്രമല്ല നല്‍കിയ വിശദീകരണങ്ങള്‍ കൂടുതല്‍ രസകരമായിരുന്നു.

publive-image

ഇതിനു പുറമെയാണ് കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റും വരുന്നത്. ഈ അസമയത്തുള്ള കുഞ്ഞാലിക്കുട്ടി പുകഴ്ത്തലില്‍ രാഷ്ട്രീയമുണ്ടെന്നു തന്നെയാണ് നിരീക്ഷകരുടെ പക്ഷം. പക്ഷേ അത് എത്രകണ്ട് ശരി എന്ന ചോദ്യവും പ്രസക്തമാണ്.

നിലവിലെ സാഹചര്യത്തില്‍ 10 വര്‍ഷം അധികാരത്തില്‍ നിന്നുമാറിയുള്ള നില്‍പ്പ് ലീഗിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നത് സത്യമാണ്. പക്ഷേ യുഡിഎഫ് സ്വഭാവമുള്ള അണികളെ എങ്ങനെ ഒപ്പം കൂട്ടും എന്നതും ലീഗ് നേരിടുന്നുണ്ട്. യുഡിഎഫ് വിടുന്ന ഒരു സാഹചര്യം ലീഗിനുണ്ടായാല്‍ അത് ആ പാര്‍ട്ടിയില്‍ പിളര്‍പ്പിന് വഴി തെളിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇപ്പോള്‍തന്നെ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഏതാണ്ട് ഒരുമിച്ചു കഴിഞ്ഞു. ലീഗിലെ നേതാക്കള്‍ക്കിടയിലും പുതിയ നീക്കങ്ങള്‍ ചര്‍ച്ചയായി കഴിഞ്ഞു. അതേസമയം പുതിയ സംഭവ വികാസങ്ങളെ കോണ്‍ഗ്രസ് നേതൃത്വവും നിരീക്ഷിക്കുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പോക്കോടെ യുഡിഎഫ് ദുര്‍ബലപ്പെട്ടെന്നത് സത്യമാണ്. ഇനി ലീഗ് കൂടി പോയാല്‍ അത് കൂടുതല്‍ ദുര്‍ബലപ്പെടുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുണ്ടാകില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

Advertisment