തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നുവോ ? കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകെയും സംശയത്തിലാണ്. രാഷ്ട്രീയ നിരീക്ഷകരും പലവിധത്തിലുള്ള സംശയം പങ്കുവയ്ക്കുന്നു. എന്തെങ്കിലും പുതിയ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുവോ ?
ചോദ്യങ്ങള്‍ നിരവധിയാണ്. ശശി തരൂര്‍ എംപി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരുമായുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതോടെയാണ് പല അഭ്യൂഹങ്ങളും പരക്കുന്നത്.
മാര്‍ച്ച 10ന് അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ ഫലം പുറത്തുവരും. ഇതു കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളിലെങ്കിലും നേട്ടമുണ്ടായില്ലെങ്കില്‍ അത് രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായും നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒന്നടങ്കവും തിരിച്ചടിയാകും.
ഈ സാഹചര്യത്തില്‍ ജി 23 നേതാക്കളുടെ നിലപാട് എന്താകും ? ജി 23ല്‍ ഉള്‍പ്പെട്ട പ്രധാന നേതാവായ ശശി തരൂരിന്റെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം ഇവിടെയാണെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായാല്‍ അത് രാഹുലിന്റെ നേതൃത്വത്തിനെ തന്നെ ചോദ്യം ചെയ്യലാകും.
നിരന്തരം തോല്‍ക്കുന്ന ഒരു നേതാവിനെ മുന്‍നിര്‍ത്തി എത്രകാലം മുമ്പോട്ടുപോകാനാകുമെന്ന ചോദ്യവും പ്രസക്തമാണ്. അതുകൊണ്ടുതന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കെണ്ടെത്തെണമെന്ന ആവശ്യവും ഉയര്‍ത്താനാണ് ജി23 നേതാക്കളുടെ നീക്കം. അങ്ങനെ വന്നാല്‍ അവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ശശി തരൂരിനെയാണെന്നാണ് വിവരം.
ഇതിന്റെ ഭാഗമാണ് തരൂര്‍ മുതിര്‍ന്ന നേതാക്കളെ കാണുന്നതെന്നും സൂചനകളുണ്ട്. അതിനിടെ അതല്ല, കേരളത്തില്‍ തരൂരിനെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പോരാട്ടമാണ് നല്ലതെന്ന് നേതൃത്വം തിരിച്ചറിഞ്ഞതിനാലാണ് പുതിയ നീക്കമെന്ന് വിലയിരുത്തുന്നവരുണ്ട്. ഈ നീക്കത്തിന്റെ ഭാഗമായി തരൂര്‍ മുതിര്‍ന്ന നേതാക്കളെ വരും ദിവസങ്ങളില്‍ കാണുമെന്നും പറയപ്പെടുന്നു.
അതിനിടെ കേരളത്തിലെ സംഘടനാ നേതൃത്വത്തിന് പണികൊടുക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ ശശി തരൂരിനെ കെപിസിസി അധ്യക്ഷനാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെന്നും അതിന് തരൂര്‍ വഴങ്ങിയില്ലെന്നും സൂചനകളുണ്ട്. എന്തായാലും കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ നീക്കം സജീവമാണെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം.