ടിയു രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവിനെ കണ്ടത് മുന്‍കൂര്‍ അനുമതി വാങ്ങി വിശ്വകര്‍മ്മ സഭാ ആലുവ സമ്മേളനത്തിന് ക്ഷണിക്കാന്‍ - ഒപ്പം കെ സുധാകരന്‍റെ സെക്രട്ടറിയെത്തിയത് തികച്ചും സ്വകാര്യമായ ഒരാവശ്യം വിഡി സതീശനെ അറിയിക്കാനും. ഇവരെത്തുമ്പോള്‍ കന്‍റോണ്‍മെന്‍റ് ഹൗസിലുണ്ടായിരുന്ന പത്തോളം നേതാക്കളില്‍ 'എ' ഗ്രൂപ്പുകാര്‍ വന്നത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയും. നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ കൂടിക്കാഴ്ചകള്‍ക്ക് 'കഥ ചമച്ച് ' വാര്‍ത്ത സൃഷ്ടിച്ച ചാനല്‍ ചര്‍ച്ചകളിലൂടെ സജീവമായ നേതാവിനെതിരെ നടപടിക്ക് സാധ്യത ! കോണ്‍ഗ്രസിലെ പുതിയ രാത്രി നാടകം ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ തെറ്റിയെന്ന ആ പ്രചാരണവും പൊളിയുന്നു. ഇരു നേതാക്കളും തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ഇവര്‍ തന്നെ വ്യക്തമാക്കിയതോടെ ഇരുവരെയും തെറ്റിക്കാന്‍ പ്രമുഖ ഗ്രൂപ്പ് നേതൃത്വം പുറത്തെടുത്ത അവസാന നീക്കവും പാളുകയാണ്.

എ, ഐ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ കാണാനെത്തിയതും ഈ സമയത്തു തന്നെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനും കെ സുധാകരന്‍റെ സെക്രട്ടറി വിപിന്‍ മോഹനും അവിടെയെത്തിയതാണ് ഗ്രൂപ്പ് യോഗമെന്ന് സംശയിച്ച് കെപിസിസി അധ്യക്ഷന്‍റെ മിന്നല്‍ പരിശോധനയെന്ന രീതിയില്‍ പ്രചരിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ എന്തും വിളിച്ചു പറയുന്ന രീതിയില്‍ വീറോടെ വാദിക്കുന്ന പ്രമുഖ ഗ്രൂപ്പ് നേതാവായിരുന്നു വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍.

ഇന്നലെ രാത്രി തിരുവനന്തപുരത്തെ നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കൊപ്പം പ്രതിപക്ഷ നേതാവിനെ കാണാനെത്തിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസമായതിനാല്‍ ഇവര്‍ക്ക് 9 മണിക്കു ശേഷമായിരുന്നു പ്രതിപക്ഷ നേതാവ് സമയം അനുവദിച്ചത്.

ഇതേ സമയത്തു തന്നെയാണ് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം സംഘടനാ ചമുതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനും കെ സുധാകരന്‍റെ സെക്രട്ടറി വിപിന്‍ മോഹനും കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയത്.

മാര്‍ച്ച് -7ന് ആലുവയില്‍ നടക്കുന്ന വിശ്വകര്‍മ്മ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് സംസാരിക്കാനായിരുന്നു വിശ്വകര്‍മ്മ സമുദായ നേതാവുകൂടിയായ രാധാകൃഷ്ണന്‍റെ സന്ദര്‍ശനം. മുന്‍കൂര്‍ അനുമതി വാങ്ങിയായിരുന്നു രാധാകൃഷ്ണന്‍ സതീശനെ കാണാനെത്തിയതും.

അദ്ദേഹത്തിനൊപ്പം കെ സുധാകരന്‍റെ സെക്രട്ടറിയായ വിപിന്‍ മോഹന്‍ പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലെത്തിയതും വിപിന്‍റെ ഒരു സ്വകാര്യ ആവശ്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു. യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ നേരം ഇരുട്ടി വെളുത്തപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ വീട്ടില്‍ കെപിസിസി പ്രസിഡന്‍റിന്‍റെ മിന്നല്‍ പരിശോധന എന്ന നിലയ്ക്കായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പത്തില്‍ താഴെ മാത്രം നേതാക്കള്‍ അതും ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രതിപക്ഷ നേതാവിനെ കാണാനെത്തിയത് ഗ്രൂപ്പുയോഗമെന്ന് പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആ യോഗത്തില്‍ പങ്കെടുത്ത ചില 'എ' ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ ആറിവോടെയായിരുന്നു പ്രതിപക്ഷ നേതാവിനെ കാണാനെത്തിയതും. 'എ', 'ഐ' ഗ്രൂപ്പുകളില്‍ ഉറച്ചു നില്‍ക്കുന്നവര്‍ തന്നെയായിരുന്നു ഇവരില്‍ പലരും.

ചാനല്‍ ചര്‍ച്ചകളിലൂടെ തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമുഖ ഗ്രൂപ്പ് നേതാവാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കെപിസിസി നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

സുധാകരനെയും സതീശനെയും തമ്മില്‍ തെറ്റിക്കുകയാണ് ഇപ്പോള്‍ ഐ ഗ്രൂപ്പിന്‍റെ പ്രധാന നീക്കം. ഇതേപ്പറ്റി സുധാകരനും സതീശനും ഉറച്ച ബോധ്യവുമുണ്ട്.

Advertisment