തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ക്ക് ഓര്‍ത്തു വയ്ക്കാനും പ്രവര്‍ത്തനങ്ങളില്‍ ആപ്തവാക്യമായി മനസില്‍ സൂക്ഷിക്കാനുമുള്ള ഒരു വാചകമാണ് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞുവച്ചിരിക്കുന്നത്. "ഗ്രൂപ്പോ... വേറെ പണിയില്ലേ, ഒരു പണിയുമില്ലാത്തവന്‍മാരാണ് ഗ്രൂപ്പുമായി നടക്കുന്നത്. എനിക്ക് വേറെ പണിയുണ്ട് " - ഇതായിരുന്നു ഇന്നത്തെ വിവാദ ഗ്രൂപ്പു മീറ്റിംങ്ങ് വാര്‍ത്തയോട് സതീശന്‍റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം കൂടിയെന്നും അത് കയ്യോടെ പിടികൂടാന്‍ കെപിസിസി പ്രസിഡന്‍റ് മിന്നല്‍ റെയ്‌ഡ് നടത്തിയെന്നുമായിരുന്നു വിവാദ വാര്‍ത്ത.
തിരുവനന്തപുരത്തെ എ, ഐ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 10 -ല്‍ താഴെ നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ കണ്ടതിനെയാണ് ഗ്രൂപ്പു യോഗമായി ചിത്രീകരിച്ചത്. ഈ സമയത്ത് മുന്‍കൂട്ടി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ സംഘടനാ ചുമതലയുള്ള ജനറള്‍ സെക്രട്ടറിയും കെപിസിസി പ്രസിഡന്‍റിന്‍റെ സെക്രട്ടറിയും അവരുടെ പാര്‍ട്ടിപരമല്ലാത്ത കാര്യങ്ങള്‍ക്കായി അവിടെയെത്തിയതിനെ റെയ്‌ഡായും ചിത്രീകരിച്ചു.
ഇതിനോടായിരുന്നു 'പോയ് പണിനോക്കാന്‍ പറ'യെന്ന മട്ടില്‍ വിഡി സതീശന്‍റെ പ്രതികരണം.
എന്തായാലും ഇന്ന് സതീശന്‍ പറഞ്ഞ ആ വാക്കുകള്‍ അനുസരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായാല്‍ പാര്‍ട്ടി രക്ഷപെടും. അല്ലായെങ്കില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ കേരളത്തിലും ഉണ്ടാകും.
സതീശന്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസ് രക്ഷപെട്ടില്ലെങ്കിലും വ്യക്തിപരമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത വേറെ പണിയില്ലാത്ത ചിലര്‍ തന്നെയാണ് ഗ്രൂപ്പിനു പിന്നാലെ കൂടിയിരിക്കുന്നത്.
എന്തായാലും വിഡി സതീശന്‍റെ ഈ പ്രതികരണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ഗ്രൂപ്പുകളില്‍ മുഴുവന്‍ വൈറലായിരിക്കുന്നത്.