കൊച്ചി: കുറുക്കുവഴികളിലൂടെ ഇടതു മുന്നണിയിലെത്താനുള്ള പിജെ ജോസഫിന്‍റെ നീക്കം മുളയിലെ നുള്ളി സിപിഎം. പുതിയ ഘടകകക്ഷികളെ മുന്നണിയിലെടുക്കുകയല്ല പരിപാടിയെന്നും പാര്‍ട്ടിയുടെയും മുന്നണിയുടെയും ജനകീയ അടിത്തറ വിപുലമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് വ്യക്തമായി മറ്റൊരു മുന്നറിയിപ്പുകൂടി നല്‍കിയിരിക്കുകയാണ്.
പുതിയ കക്ഷികള്‍ക്കു പകരം പ്രാദേശിക തലങ്ങളില്‍ ജനകീയ അടിത്തറയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും മുന്നണി ഘടകകക്ഷികളിലെത്തിക്കുകയാണ് ഇടതുപക്ഷത്തിന്‍റെ പുതിയ ഉന്നം.
കേരള കോണ്‍ഗ്രസില്‍ നിന്നും പിജെ ജോസഫും മോന്‍സ് ജോസഫും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു പകരം ജില്ലാതലങ്ങളില്‍ നിന്നും ആ പാര്‍ട്ടിയിലെ നേതൃഗുണവും ജനകീയ അടിത്തറയുമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ഇടതു മുന്നണിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇതിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസിലെ പഴയ സഹപ്രവര്‍ത്തകരുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ആദ്യപടിയായാണ് ആലപ്പുഴ ജില്ലയില്‍ കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിന്‍റെ ശക്തമായ പ്രബല വിഭാഗത്തെ അടര്‍ത്തി മാറ്റിയത്. ജോസഫ് വിഭാഗത്തിന്‍റെ ജില്ലയിലെ നെടുംതൂണായിരുന്ന ജോസഫ് കെ നെല്ലുവേലിയും കൂട്ടരും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരള കോണ്‍ഗ്രസ് - എമ്മില്‍ ചേര്‍ന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജോസഫ് വിഭാഗം നേതാക്കളുമായും കൂടിക്കാഴ്ച നടക്കുന്നുണ്ട്. രണ്ടു ജില്ലകളില്‍ നിന്നും ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗം പ്രാദേശിക ഘടകങ്ങളും കേരള കോണ്‍ഗ്രസ് - എമ്മില്‍ എത്തിച്ചേരുമെന്നാണ് സൂചന.
ഇടുക്കി ജില്ലയില്‍ കൂടുമാറ്റം നേരത്തെ തുടങ്ങിയിരുന്നു. തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളടക്കം അടുത്തിടെ കേരള കോണ്‍ഗ്രസ് - എമ്മില്‍ എത്തിയിരുന്നു. ജോസഫിന്‍റെ തട്ടകമായ ഇടുക്കി ജില്ലയിലെ മറ്റു ചില പ്രധാന നേതാക്കളും ഇതിനോടകം തന്നെ ജോസ് കെ മാണിയുമായും മന്ത്രി റോഷി അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കോട്ടയത്തും സമാന നീക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ ശക്തമായ പിന്തുണയുള്ള നേതാക്കള്‍ മാത്രം മതിയെന്നാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ നിലപാട്. പാലാ നിയോജക മണ്ഡലത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ ചില പ്രധാന തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍ കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ നേതാക്കളുമായി ധാരണയിലെത്തിയിട്ടുണ്ട്.
കാസര്‍കോഡ് ജോസഫ് വിഭാഗത്തിന്‍റെ ജില്ലാ കമ്മറ്റി ഒന്നടങ്കം എന്നു പറയുന്നതുപോലാണ് കഴിഞ്ഞ മാസം ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൃശൂരില്‍ നിന്നും അതുപോലെതന്നെ പിസി ജോര്‍ജിന്‍റെ ജനപക്ഷത്തിന്‍റെ ജില്ലയിലെ നേതാക്കള്‍ ഒന്നടങ്കം കേരള കോണ്‍ഗ്രസ് - എമ്മിലെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ മുന്നണിക്ക് രാഷ്ട്രീയ ബാധ്യത ഉണ്ടാകാത്ത വിധം മുന്നണി ഘടകകക്ഷികളുടെ ശക്തി വര്‍ധിപ്പിച്ച് മുന്നണിയുടെ ജനകീയ അടിത്തറ വര്‍ധിപ്പിക്കുകയാണ് സിപിഎമ്മും ലക്ഷ്യം വയ്ക്കുന്നത്.
ഇതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ലയിച്ച് ഇടതുമുന്നണിയിലെത്താനുള്ള പിജെ ജോസഫിന്‍റെയും മോന്‍സ് ജോസഫിന്‍റെയും നീക്കമാണ് പൊളിയുന്നത്. ഇതിനായി മന്ത്രി ആന്‍റണി രാജുവുമായി ജോസഫ് വിഭാഗം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പിസിഎം നേതൃത്വം ഇത് അപ്പാടെ തള്ളിയിരുന്നു. ജോസഫ് മുന്നണിയിലെത്തുന്നതിലുള്ള ശക്തമായ വിയോജിപ്പ് ജെസ് കെ മാണിയും മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു.
സര്‍ക്കാരില്‍ ആന്‍റണി രാജുവിന്‍റെ ആദ്യ രണ്ടര വര്‍ഷത്തെ കാലാവധി അവസാനിച്ചാല്‍ മോന്‍സ് ജോസഫിനെ മന്ത്രിയാക്കാനായിരുന്നു ചര്‍ച്ചകള്‍. പിജെ ജോസഫിന് ലോക്സഭയിലേയ്ക്ക് മല്‍സരിക്കാന്‍ ഇടുക്കി സീറ്റും ആവശ്യപ്പെട്ടിരുന്നു. അതേസമയം ജോസഫ് വിഭാഗത്തിലെ പ്രബലനായ പിസി തോമസ്, ഫ്രാന്‍സീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ നേതാക്കള്‍ യുഡിഎഫ് വിടുന്നതിന് എതിരായിരുന്നു.
എന്തായാലും ഇടതു നീക്കം പാളിയതോടെ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ് ജോസഫ് വിഭാഗത്തിന് മുമ്പിലുള്ള പോംവഴി. ഇടതു നീക്കം പുറത്തുവന്നതോടെ യുഡിഎഫിലെ വിലപേശല്‍ ശേഷിയും ജോസഫ് വിഭാഗത്തിന് നഷ്ടമായിരിക്കുകയാണ്.