തിരുവനന്തപുരം: പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. പണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിലായിരുന്നു പുനസംഘടന തടസ്സപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിമാറി. തല്‍ക്കാലം പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് കൂടി നിര്‍ദേശിച്ചതോടെ സംസ്ഥാന നേതൃത്വത്തിന് അതു തിരിച്ചടിയായി.
പുനസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂക്ഷമായ കലാപമാണ് നടക്കുന്നത്. ആറ് എംപിമാരാണ് തങ്ങളുമായി ആലോചിക്കാതെയാണ് പുനസംഘടനയെന്ന പരാതി ഉന്നയിച്ചത്. ഇതോടെയാണ് ഹൈക്കമാന്‍ഡ് പുനസംഘടന നിര്‍ത്തിവെപ്പിച്ചത്.
ഹൈക്കമാന്‍ഡ് നടപടിയില്‍ കടുത്ത അതൃപ്തനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. തന്നെ മറയാക്കി മറ്റു ചിലര്‍ പുതിയ കരുക്കള്‍ നീക്കുന്നുവെന്ന സംശയം സുധാകരനുണ്ട്. അതുകൊണ്ടുതന്നെയാണ് പരാതി കൈമാറാന്‍ സുധാകരന്‍ ആവശ്യപ്പെട്ടത്.
മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ എംപിമാരോടും എംഎല്‍എമാരോടും ഗ്രൂപ്പ് നേതാക്കളോടും ചര്‍ച്ച ചെയ്താണ് പട്ടിക തയ്യാറാക്കിയതെന്നാണ് കെ സുധാകരന്റെ നിലപാട്. ചര്‍ച്ചകള്‍ നടത്തി പുനസംഘടന അനന്തമായി നീളുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ട്.
എംപിമാരും എംഎല്‍എമാരും ഗ്രൂപ്പുകളും കൈമാറിയ പട്ടിക തന്റെ കൈവശമുണ്ടെന്നാണ് സുധാകരന്റെ നിലപാട്. ഇവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിസിസി പുനസംഘടനാ കരട് തയ്യാറാക്കിയതെന്നാണ് പ്രസിഡന്റിന്റെ നിലപാട്.
അതുകൊണ്ടുതന്നെയാണ് തനിക്കെതിരെയുള്ള നീക്കമാണോ ഇപ്പോള്‍ നടക്കുന്നതെന്ന സംശയം സുധാകരനുണ്ടായത്. അതേസമയം ഗ്രൂപ്പ് രഹിതനായി ചുമതലയേറ്റ സുധാകരൻ സ്വന്തം ഗ്രൂപ്പിനായി അണിയറ നീക്കങ്ങൾ നടത്തുന്നതായ പരാതി നേതാക്കൾ പലർക്കുമുണ്ട്. പ്രസിഡന്റുമായി സഹകരിച്ചു പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടു സുധാകരനുമായി അടുത്ത ബന്ധമുള്ള ചില നേതാക്കൾ പാർട്ടി നേതാക്കളെ ബന്ധപ്പെടുന്നുണ്ട് എന്നാണ് ആരോപണം.
അതിനിടെ പരാതി ഉന്നയിച്ച നേതാക്കളുമായി സംസാരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് നിര്‍ദേശിച്ചിട്ടുണ്ട്. എംപിമാരോട് ചര്‍ച്ച നടത്തി പുനസംഘടന നടത്താനാണ് നിര്‍ദേശം. അതേസമയം ഗ്രൂപ്പ് നേതാക്കള്‍ വലിയ കലഹം ഇത്തവണ ഉണ്ടാക്കിയിട്ടില്ലെന്നതാണ് അതിശയകരം.
ജംബോ കമ്മറ്റികളെ ചെറുതാക്കാനുള്ള നീക്കത്തോടാണ് നേതാക്കളുടെ എല്ലാം എതിര്‍പ്പ്. പലരുടെയും ഇഷ്ടക്കാരെ കമ്മറ്റികളില്‍ തിരുകി കയറ്റാത്തതാണ് എതിര്‍പ്പിനു കാരണമെന്നാണ് വിവരം. എത്ര ചര്‍ച്ച നടത്തിയാലും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ എതിര്‍പ്പു തുടരുകയും ചെയ്യും.