പതിനേഴു വര്‍ഷം കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ! എന്നിട്ടും പാർട്ടിക്ക് ന്യൂനപക്ഷ വിഭാഗം എന്നൊരു സംവിധാനം ഉണ്ടെന്ന കാര്യം പ്രവർത്തകർ പോലും അറിഞ്ഞില്ല. പുതിയ ചെയര്‍മാനെ വച്ചപ്പോള്‍ പരാതിയുമായി മുന്‍ ചെയര്‍മാന്‍ കെകെ കൊച്ചു മുഹമ്മദിന്റെ രംഗപ്രവേശം ! ഇത്രയും കാലം പ്രവര്‍ത്തിച്ച തന്നെ അറിയിക്കാതെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ചെന്നും സോണിയാ ഗാന്ധി തനിക്ക് നന്ദി പറഞ്ഞില്ലെന്നും കൊച്ചുമുഹമ്മദിന്റെ പരാതി. ഗ്രൂപ്പുകാരുടെ ഉപദേശം കേട്ട് സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ ലക്‌ഷ്യം കെസി വേണുഗോപാലും ! ഗ്രൂപ്പിന്റെ പേരു പറഞ്ഞ് പദവികളിൽ വിഹരിക്കുന്നവർ പാർട്ടിക്ക് ബാധ്യതയാകുന്നത് ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നീണ്ട 17 വര്‍ഷം കെപിസിസി ന്യൂനപക്ഷ വിഭാഗത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച കെകെ കൊച്ചുമുഹമ്മദ് പുതിയ ചെയര്‍മാനെ നിയമിച്ചതിനു പിന്നാലെ പുതിയ പരാതിയുമായി രംഗത്ത്. പുതിയ ചെയര്‍മാന്റെ നിയമനം താന്‍ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ഇത്രയും കാലം പ്രവര്‍ത്തിച്ച തനിക്ക് ആരും നന്ദി പറഞ്ഞില്ലെന്നുമാണ് കൊച്ചുമുഹമ്മദിന്റെ പരാതി. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് കൊച്ചുമുഹമ്മദ് പരാതി നല്‍കിയത്.

കഴിഞ്ഞ 17 വര്‍ഷമായി കൊച്ചുമുഹമ്മദാണ് കെപിസിസി ന്യൂനപക്ഷ വിഭാഗത്തിന്റെ ചെയര്‍മാന്‍. എന്നാല്‍ അത്തരമൊരു വിഭാഗം പാര്‍ട്ടിയിലുണ്ടെന്നുപോലും ഇതുവരെ കേരളമറിഞ്ഞിട്ടില്ല. പാർട്ടിക്കാർക്കുമറിയില്ല. അത്രയായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രവര്‍ത്തനമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഇടക്കാടത്ത് കെപിസിസി പുനസംഘടനില്‍ കെകെ കൊച്ചുമുഹമ്മദിനെ കെപിസിസി ട്രഷറുമാക്കിയിരുന്നു. ആ സമയത്തുപോലും തന്റെ പദവി ഒഴിഞ്ഞ് മറ്റൊരാള്‍ക്ക് നല്‍കാത്ത നേതാവാണ് ഇന്നു തന്നെ ഒഴിവാക്കിയത് അറിയിച്ചില്ലെന്ന പരാതിയുമായി രംഗത്ത് വരുന്നത്. ഇരുന്നിരുന്നു കസേരയിൽ വേര് കിളുത്തതല്ലാതെ ചെയര്‍മാനെന്ന നിലയില്‍ ആ സംഘടനയ്ക്ക് ഒരു ഗുണവും ചെയ്യാത്ത നേതാവിന്റെ പരാതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളിക്കളയുകയാണ് വേണ്ടതെന്നാണ് പ്രവര്‍ത്തക വികാരം.

ഗ്രൂപ്പിന്റെ പിന്‍ബലത്തില്‍ മൂന്നുതവണ യൂത്ത്‌കോണ്‍ഗ്രസ് ട്രഷറര്‍, കെപിസിസി ട്രഷറര്‍, ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് 72കാരനായ കൊച്ചുമുഹമ്മദ്. ഏതാണ്ട് 55 വര്‍ഷത്തോളം വിവിധ സ്ഥാനമാനങ്ങളിലായി പ്രവര്‍ത്തിച്ച നേതാവാണ് കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ ഒഴിഞ്ഞ പദവിയില്‍ പകരം ആളെ വച്ചത് അറിഞ്ഞില്ലെന്ന പരാതിയുമായി വരുന്നത്.

ഇത്രയും കാലം പ്രവര്‍ത്തനമില്ലാതെ ന്യൂനപക്ഷ വിഭാഗം അനാഥമായി കിടന്നപ്പോള്‍ ഒന്നും മിണ്ടാത്ത നേതാവിന് ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ അറിയിക്കാതെ ചെയ്തുവെന്ന പരാതി പുതിയ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കത്തിൽ ഉന്നം വച്ചിരിക്കുന്നത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയാണ്. ഇത് ചില ഗ്രൂപ്പ് നേതാക്കളുടെ ഉപദേശ പ്രകാരം ആണെന്നാണ് കേൾവി.

മാത്രമല്ല കത്തിലെ ' ആത്‍മാഭിമാനമുള്ള കോൺഗ്രസ്സ്കാർക്ക് സംഘടനയിൽ നിൽക്കുവാൻ പ്രയാസമുണ്ടെന്ന് അങ്ങയെ വിനയപൂർവം അറിയിക്കുന്നു.' എന്ന പരാമർശം കോൺഗ്രസിലെ അവസരങ്ങൾ കഴിഞ്ഞപ്പോൾ പുതിയ ലാവണങ്ങൾ അന്വേഷിച്ചു തുടങ്ങിയതിന്റെ ലക്ഷണമായി കണക്കാക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു . ഈ സാഹചര്യത്തിൽ ഇത്തരം ആളുകൾ എന്തു പരാതി പറഞ്ഞാലും ഗൗനിക്കേണ്ടെന്നാണ് പാർട്ടിയിലെ പൊതു വികാരം.

Advertisment