തിരുവനന്തപുരം: ജനം തുടർച്ചയായ രണ്ടാം വട്ടവും അധികാരത്തിന് പുറത്തു നിർത്തിയിട്ടും പാഠം പഠിക്കാതെ കോൺഗ്രസ് നേതാക്കള്‍. കലഹവും ഗ്രൂപ്പുവഴക്കും തമ്മിൽ തല്ലുമുള്ള ഒരു പാർട്ടിയെ പുതിയ കാലഘട്ടത്തിലെ വോട്ടർമാർ അംഗീകരിക്കില്ലെന്ന യാഥാർത്ഥ്യം ഇനി എന്ന് നേതാക്കൾ തിരിച്ചറിയുമെന്ന ചോദ്യമാണ് നിരീക്ഷകര്‍ ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നത് ചെറിയ പ്രതീക്ഷ പകർന്നെങ്കിലും ഇപ്പോഴത്തെ വിവാദങ്ങൾ ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.
സംസ്ഥാനത്ത് ഭരണം നടത്തുന്ന സഖ്യത്തിലെ മുഖ്യ കക്ഷി നാലു വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം പുരോഗമിക്കുമ്പോഴാണ് സ്വന്തം പാർട്ടിയിൽ അധികാരം പിടിക്കാനാണ് കോൺഗ്രസിൽ തമ്മിൽ തല്ല് നടക്കുന്നത്. ഇത് കോൺഗ്രസിലെ പതിവാണെന്ന് നേതാക്കൾ പറയുമെങ്കിലും പുതുതലമുറ ഇതിനെ സ്വീകരിക്കില്ലെന്ന യാഥാർത്ഥ്യം മുതിർന്ന നേതാക്കൾ തിരിച്ചറിയുന്നില്ല, വോട്ട് അവരുടെ പക്കലാണ്.
ഒരു കാലത്ത് കോൺഗ്രസിന് ആവേശമായ ഗ്രൂപ്പുകൾ ഇന്ന് പാർട്ടിക്ക് തലവേദനയാണ്. കെ പി സി സിയുടെ അധ്യക്ഷന് പോലും ഗ്രൂപ്പില്ലാതെ പ്രവർത്തിക്കാനാവില്ലെന്ന നിലയിലാണ്. പാർട്ടിയെ ആകെമാനം നയിക്കേണ്ട നേതാവ് പോലും ഒരു ഗ്രൂപ്പിൻ്റെ വക്താവായാൽ പാർട്ടി എങ്ങനെ നന്നാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
ഗ്രൂപ്പില്ലെന്ന് വലിയ അവകാശവാദമുന്നയിച്ച നേതാക്കൾ തന്നെ കെപിസിസി അധ്യക്ഷ പദവിയിൽ എത്തിയപ്പോൾ ഗ്രൂപ്പുണ്ടാക്കിയത് കോൺഗ്രസിൽ ചരിത്രം. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പോലും അതിൽ നിന്നും മാറി നിന്നില്ല. ഗ്രൂപ്പുകള്‍ക്കതീതരായിട്ടായിരുന്നു ഇരുവരെയും കെപിസിസി തലപ്പത്തേയ്ക്ക് കൊണ്ടുവന്നത്. ഫലമോ, അവരും സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.
കെ. സുധാകരന്‍ ഇപ്പോള്‍ അതു തന്നെ ആവർത്തിക്കുകയാണ്. സുധാകരനും അധികാരത്തിലേറി കഴിഞ്ഞ് പ്രവർത്തിക്കാൻ തനിക്കൊപ്പം തൻ്റെ ഇഷ്ടക്കാർ വേണമെന്ന് ശഠിക്കുന്നു. ഇതിനെ മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നതാണ് ഇപ്പോൾ പാർട്ടിയിൽ ഉടലെടുത്ത തർക്കം.
പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന പരാതി മുതിർന്ന നേതാക്കളടക്കം പലവട്ടം പറഞ്ഞിരുന്നു. ഗ്രൂപ്പു നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നതിനെ പ്രവർത്തകർ അംഗീകരിക്കുന്നില്ലെങ്കിലും അഭിപ്രായ ഐക്യമില്ലാതെ പോകുന്ന ഏകാധിപത്യ ശൈലി കോൺഗ്രസിൽ ഗുണകരമല്ലെന്നു തന്നെയാണ് പ്രവർത്തകരും പറയുന്നത്.
പുനസംഘടന വിഷയത്തിൽ കെപിസിസി അധ്യക്ഷൻ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഗ്രൂപ്പ് എന്ന യാഥാർത്ഥ്യം പെട്ടന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് തനിക്ക് ഇഷ്ടമുള്ളവരെ മാത്രം നേതാക്കളാക്കുന്നതും ഗ്രൂപ്പ് പ്രവർത്തനമെന്നാണ് മറ്റു നേതാക്കൾ സുധാകരനെ ഓർമ്മിപ്പിക്കുന്നത്.
സുധാകരന്‍റ നോമിനികളുമായി ഭാരവാഹിത്വങ്ങളില്‍ എത്തിയവരില്‍ പലരും പൊതു സ്വീകാര്യതയില്ലാത്തവരായിരുന്നു. സംഘടന ചുമതല നല്‍കിയ ടിയു രാധാകൃഷ്ണന്‍പോലും ഏറെ കാലങ്ങളായി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നും മാറിനിന്ന നേതാവാണ്. സുധാകരന്‍റെ മറ്റൊരു നോമിനിയായ കോഴിക്കോട്ടു കാരനായ ഭാരവാഹിയെ മറ്റൊരു വര്‍ക്കിങ്ങ് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ മുറിയില്‍ നിന്നും ഇറക്കിവിടുന്ന സാഹചര്യം പോലുമുണ്ടായി.
അത്തരം നേതാക്കള്‍ ഇപ്പോഴേതന്നെ പുനസംഘടനയില്‍ അവരുടെ നോമിനികളുമായി രംഗത്തു വന്നപ്പോള്‍ അത് മറ്റുള്ളവര്‍ അംഗീകരിക്കില്ലെന്ന സ്ഥിതി വന്നതും തര്‍ക്ക കാരണമാണ്. എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളേണ്ട പ്രസിഡന്‍റ് ഇതിനിടെ ജനകീയരല്ലാത്ത ഇത്തരക്കാര്‍ക്കു വേണ്ടി പക്ഷം പിടിച്ചതും തര്‍ക്ക കാരണമായി.
ഇതിനിടെ മറ്റു ചില ഉന്നത ഗ്രൂപ്പു നേതാക്കള്‍ വീണ്ടും പ്രതിപക്ഷ നേതാവാകാൻ മത്സരിക്കുന്നുണ്ട്. ഇതും കോൺഗ്രസിന് ഗുണകരമാകില്ലെന്ന് നേതാക്കള്‍ക്ക് ഓർമ്മിപ്പിക്കേണ്ടി വരുന്നു.
എന്തായാലും നിലവിലെ തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കാന്‍ കഴിഞ്ഞുവെന്നത് സുധാകരന്‍റെയും വിഡി സതീശന്‍റെയും സമീപനം തന്നെയാണ്. നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നു തന്നെയാണ് ഇതിന്‍റെ സൂചന. പിന്നെ, ഇത്തരം തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണെന്നതും അംഗീകരിക്കാതെ വയ്യ.