കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഘടനകളിലും സഖ്യങ്ങളിലും വീണ്ടും മാറ്റം. പ്രമുഖരൊക്കെ ഗ്രൂപ്പ് ലാവണങ്ങള്‍ ഒഴിഞ്ഞെങ്കിലും കെ മുരളീധരനെ ഒപ്പം കൂട്ടി രമേശ് ചെന്നിത്തലയുടെ പുതിയ നീക്കം. രണ്ട് എംപിമാരും മൂന്ന് എംഎല്‍എമാരും ഒഴികെയുള്ള ജനപ്രതിനിധികളൊക്കെ ഗ്രൂപ്പുകളെ കൈയ്യൊഴിഞ്ഞു. പുതിയ ഗ്രൂപ്പ് നീക്കത്തിന് തുടക്കത്തിലെ തിരിച്ചടി കിട്ടിയതോടെ കെ സുധാകരന്‍റെ നീക്കങ്ങളും നിര്‍ണായകമാകും...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണെങ്കിലും കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് ഘടനയില്‍ പുതിയ രൂപാന്തരങ്ങള്‍.

ആദ്യം എതിര്‍ത്തെങ്കിലും മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റുമായിരുന്ന രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി അടുക്കുന്നതും ചെന്നിത്തലയും കെ മുരളീധരനുമായി യോജിച്ചതുമാണ് ഏറ്റവും പുതിയ സമവാക്യങ്ങള്‍.

പഴയ ഐ ഗ്രൂപ്പിലെ വലിയൊരു വിഭാഗം ഇപ്പോള്‍ സുധാകരനൊപ്പമാണ്. ഇതാണ് സുധാകരനുമായി കൈകോര്‍ക്കാന്‍ രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചത്. ചെന്നിത്തലയുടെ ഏറ്റവും അടുപ്പക്കാരനായിരുന്ന ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്‍റ് എം ലിജു അടക്കമുള്ളവര്‍ ഇപ്പോള്‍ 'പ്രത്യക്ഷത്തില്‍' സുധാകരനൊപ്പമാണ്.

പരസ്യമായി പാര്‍ട്ടിയില്‍ ചെന്നിത്തലയെ തള്ളിപ്പറയുന്ന ലിജു, എന്‍ സുബ്രഹ്മണ്യന്‍ അടക്കമുള്ളവരുടെ പ്രേരണയാണ് രമേശുമായി യോജിക്കാന്‍ സുധാകരനെ സമ്മതിപ്പിച്ചതെന്നാണ് മറ്റൊരു കൗതുകം.

പഴയ ഐ ഗ്രൂപ്പില്‍ ജോസഫ് വാഴയ്ക്കനും ജ്യോതികുമാര്‍ ചാമക്കാലയുമാണ് ഇപ്പോഴും രമേശിനൊപ്പം ഉറച്ചു നില്‍ക്കുന്നത്. എംഎല്‍എമാരില്‍ അന്‍വര്‍ സദത്ത് മാത്രമാണ് രമേശിനെ പിന്തുണയ്ക്കുന്നത്. ഐക്കാരായിരുന്ന കെസി വേണുഗോപാലും വിഡി സതീശനും കൈകോര്‍ത്തതും ചെന്നിത്തലയെ പ്രകോപിപ്പിച്ചു.

ഇതേ പ്രശ്നങ്ങള്‍ എ ഗ്രൂപ്പിലുമുണ്ട്. ഗ്രൂപ്പ് തലപ്പത്തുള്ളവരുടെ പൊതുസ്വീകാര്യതയില്ലായ്മയാണ് 'എ'യുടെ പ്രതിസന്ധി. കെസി ജോസഫ്, ബെന്നി ബഹനാന്‍ എന്നിവരെ അംഗീകരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നില്ല. പിസി വിഷ്ണുനാഥ് എംഎല്‍എയാണ് ആ വിഭാഗത്തില്‍ കൂടുതല്‍ കരുത്തന്‍. എന്നാല്‍ 'എ'യിലെ മറുചേരിയില്‍ ടി സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ മറ്റൊരു പ്രമുഖ വിഭാഗവുമുണ്ട്.

ഗ്രൂപ്പ് രഹിതനായി മാറിയിരിക്കുകയാണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരുടെ പിന്തുണ സിദ്ദിഖിനുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരില്‍ ഭൂരിഭാഗത്തിന്‍റെ പിന്തുണ വിഡി സതീശനുണ്ട്. സതീശന്‍ ഗ്രൂപ്പിന്‍റെ ഭാഗമാണെങ്കിലും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്.

എംഎല്‍എമാരിലും എംപിമാരിലും ഭൂരിപക്ഷം വിഭാഗവും ഇവര്‍ക്കൊപ്പമാണ്. ബെന്നി ബഹനാന്‍ എംപി എ ഗ്രൂപ്പിനൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നതൊഴിച്ചാല്‍ മറ്റ് എംപിമാര്‍ ആരും തന്നെ ഉറച്ച ഗ്രൂപ്പുകാരല്ലാതായി മാറിയിരിക്കുന്നതും ശ്രദ്ധേയമാണ്.

കെ മുരളീധരന്‍ എംപിയുമായി രമേശ് ചെന്നിത്തല വീണ്ടും യോജിച്ചുവെന്നതാണ് കോണ്‍ഗ്രസിലെ ഏറ്റവും പുതിയ വാര്‍ത്തയെങ്കിലും അത് അധികം ആയുസുള്ള കൂട്ടുകെട്ടായി ആരും കാണുന്നില്ല. മുരളീധരന്‍ ഇനി ഏതെങ്കിലും ഗ്രൂപ്പിന്‍റെ ചാവേറായി മാറുമെന്ന് കരുതാനാവില്ല. താല്‍ക്കാലികമായ ഒരു ധാരണ എന്നതല്ലാതെ അതില്‍ കൂടുതലുള്ള പ്രാധാന്യം അതിന് മറ്റാരും കല്‍പിക്കുന്നില്ല.

മാത്രമല്ല, എ ഗ്രൂപ്പിന്‍റെയും മുരളീധരന്‍ പോലുള്ള നേതാക്കളുടെയും പിന്തുണയില്ലാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനുള്ള ശക്തി ഐ ഗ്രൂപ്പിനില്ലെന്ന് കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്. 'ഐ'ക്കാരായ എംപിമാരും ഇപ്പോള്‍ ഗ്രൂപ്പിലില്ല. അന്‍വര്‍ സാദത്തും രമേശ് ചെന്നിത്തലയുമല്ലാതെ വേറെ എംഎല്‍എമാരും 'ഐ'യിലില്ല.

എ യില്‍ ഉറച്ചു നില്‍ക്കുന്ന എംഎല്‍എമാര്‍ ഉമ്മന്‍ ചാണ്ടിക്കു പുറമെ പിസി വിഷ്ണുനാഥും സനീഷ് ജോസഫും മാത്രമാണ്. രണ്ട് ഗ്രൂപ്പിലെയും ഈ എംഎല്‍എമാര്‍ പോലും കടുത്ത ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ പാര്‍ട്ടി രക്ഷപെടില്ലെന്ന അഭിപ്രായക്കാരാണെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും കാര്യമായ പിന്തുണ കെ സുധാകരനില്ലെങ്കിലും പാര്‍ട്ടിയെ ഗ്രൂപ്പിനതീതമായി ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി രംഗത്തുവന്നാല്‍ സുധാകരനെ പിന്തുണയ്ക്കാന്‍ മറ്റെല്ലാവരും തയ്യാറാണ്. പാര്‍ട്ടിയെ അടിത്തറ മുതല്‍ ഊര്‍ജസ്വലമാക്കാനുള്ള സുധാകരന്‍റെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിന്‍റെയും പിന്തുണയുണ്ട്.

ഗ്രൂപ്പ് വ്യത്യാസമില്ലാതെ അണികളില്‍ നല്ലൊരു ശതമാനവും പാര്‍ട്ടിയില്‍ സുധാകരന്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളില്‍ ആവേശം കൊള്ളുന്നവരാണ്. അതിനൊക്കെ ശക്തമായ പിന്തുണയുമായി വിഡി സതീശനും ഒപ്പമുണ്ട്.

അതിനിടയിലുണ്ടായ പുതിയ പുനസംഘടനാ തര്‍ക്കവും പരസ്യ വിമര്‍ശനവും അവര്‍ക്ക് നിരാശയുണ്ടാക്കിയെന്നതും വാസ്തവം തന്നെ.

Advertisment