സുധാകരൻ - വി ഡി ' പുതിയ നേതൃത്വം ' - ഐക്യം പൊളിച്ചത് ചെന്നിത്തലയുടെ കരുനീക്കങ്ങൾ. സുധാകരനെ ബ്രെയിൻവാഷ് ചെയ്യാൻ ഇന്ദിരാ ഭവനിൽ നിത്യസന്ദർശകനായത് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ നേതാവ്. ഗ്രൂപ്പുകളുടെ അടുത്ത ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്. തോൽവിയുണ്ടായാൽ പുതിയ നേതൃത്വത്തെ കെട്ടുകെട്ടിക്കും. കെണിയിൽ വീണ് നേതാക്കൾ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പുതിയ നേതൃത്വമെന്ന് കൊട്ടിഘോഷിച്ച കെ. സുധാകരന്‍-വിഡി സതീശന്‍ അച്ചുതണ്ട് തകര്‍ത്തത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുശാഗ്രബുദ്ധിയെന്ന് സൂചന.

ഗ്രൂപ്പുകള്‍ക്കെതിരെ തുടക്കത്തില്‍ ഒറ്റക്കെട്ടായി രംഗത്തുവന്ന സുധാകരനെയും തമ്മില്‍ അകറ്റുകയായിരുന്നു എ, ഐ ഗ്രുപ്പുകളുടെ ലക്ഷ്യം. അതിനായി ആദ്യം എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചായിരുന്നു തുടക്കത്തിലെ നീക്കം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതിലും പിന്നീട് കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചതിലും ഇരു ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നിന്നെങ്കിലും അന്നത്തെ അത്രത്തോളം യോജിപ്പ് ഇപ്പോള്‍ എയും ഐയും തമ്മിലില്ല.

ഇതോടെയാണ് ഐ ഗ്രൂപ്പ് പഴയ സഹയാത്രികനായിരുന്ന കെ സുധാകരനുമായി അടുത്തത്. ഇതിനായി ഐ ഗ്രൂപ്പിലെ പ്രമുഖ നേതാവ് കെപിസിസി ഓഫീസില്‍ നിത്യസന്ദര്‍ശകനായി മാറി. സതീശന്‍റെ ഓരോ ഇടപെടലുകളും ഒന്നൊന്നായി എടുത്തുകാണിച്ച് അത് സുധാകരനെ കടത്തിവെട്ടുന്നതായി ചിത്രീകരിക്കുകയായിരുന്നു ഈ നേതാവിന്‍റെ ദൗത്യം. അത് വിജയം കണ്ടുവെന്നതാണ് നിലവിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

അതേസമയം ഇതേ നേതാവുതന്നെ രാത്രി വിഡി സതീശനെ സന്ദര്‍ശിച്ച് താന്‍ സതീശന് എതിരല്ലെന്ന് ധരിപ്പിക്കുകയും പതിവായിരുന്നു. മുമ്പ് കെഎസ്‌യു കാലത്ത് സഹായിച്ചതിന്‍റെ കടപ്പാട് സതീശനും ഈ നേതാവിനോടുണ്ടായിരുന്നു. അത് മുതലാക്കി സതീശന്‍റെ കൂടി സഹായത്താല്‍ പുനസംഘടന വരുമ്പോള്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് പദവി കൈപ്പിടിയിലൊതുക്കാനായിരുന്നു ഈ നേതാവിന്‍റെ ഇരട്ട തന്ത്രം. എന്തായാലും അത്തരം നീക്കങ്ങള്‍ സതീശന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.

മാത്രമല്ല, സുധാകരനുമായി തന്നെ തെറ്റിച്ചത് ഐ ഗ്രൂപ്പിന്‍റെ നിരന്തര ഇടപെടലിലൂടെയാണെന്ന് സതീശനറിയാം. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ സുധാകരനും ബോധ്യം വന്നിട്ടുണ്ട്. ഇതോടെ പരസ്പരം തെറ്റിദ്ധാരണകള്‍ പരിഹരിച്ച് ഒന്നിച്ച് നീങ്ങാനാണ് സുധാകരനും സതീശനും ശ്രമിക്കുന്നത്.

ഒന്നിച്ചുനിന്നില്ലെങ്കിലേ അപകടം രണ്ടുപേര്‍ക്കും ബോധ്യവുമുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഴയ വിജയം ആവര്‍ത്തിക്കാനായില്ലെങ്കില്‍ ഇരുവര്‍ക്കുമെതിരെ പടപ്പുറപ്പാടിനാണ് ഗ്രൂപ്പുകളുടെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സതീശനും-സുധാകരനും എതിരെ പ്രവര്‍ത്തക വികാരം തിരിച്ചുവിടാനുള്ള എല്ലാ തന്ത്രങ്ങളും ഈ ഗ്രൂപ്പുകള്‍ പുറത്തെടുക്കുകയും ചെയ്യും. തോറ്റാല്‍ നേതൃമാറ്റം ആവശ്യപ്പെടുകയും അപ്പോള്‍ കസേരയില്‍ തിരിച്ചെത്തുകയുമാണ് ഗ്രൂപ്പുകളുടെ തന്ത്രം.

സതീശന് ഇത് ബോധ്യമുണ്ട് - സുധാകരനും അപകടം മണക്കുന്നുണ്ട്. അതാണ് അഭിപ്രായഭിന്നത പെട്ടെന്ന് പരിഹരിക്കാന്‍ ഇരുവരും തയ്യാറായത്. അതേസമയം, ഇരുവരും അടുക്കാതിരിക്കാന്‍ ഗ്രൂപ്പുകള്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്.

Advertisment