കൊച്ചി: ആലപ്പുഴയില്‍ പിണറായി കാലത്തിനു ശേഷം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കസേരയിലേക്കെതിയ കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം തവണയും അതേ പദവിയില്‍ തുടരാന്‍ സമ്മേളന തീരുമാനം. പാര്‍ട്ടിയില്‍ ഒരു എതിര്‍ ശബ്ദവുമില്ലാതെയാണ് ഈ കോടിയേരിക്കാരന്റെ മൂന്നാമൂഴം.
ഇത്തവണ സെക്രട്ടറി സ്ഥാനത്തേക്കു മറ്റാരുടെയും പേരു പരിഗണനയില്‍ ഉണ്ടായിരുന്നില്ല. മൂന്നു തവണ പൂര്‍ത്തിയാക്കുംവരെ ഒരാളെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതാണു പാര്‍ട്ടി നയം. മക്കളുടെ പേരിലുയര്‍ന്ന വിവാദങ്ങളൊന്നും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടില്ലെന്നതും കോടിയേരിക്ക് ആശ്വാസമായി.
ഇത്തവണ സെക്രട്ടറിയായിരിക്കുമ്പോള്‍ ഇടക്കാലത്ത് കോടിയേരിക്ക് പാര്‍ട്ടി സെക്രട്ടറി പദവിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. മയക്കുമരുന്നു കടത്തലിന് സാമ്പത്തിക സഹായം നല്‍കിയെന്ന ആരോപണത്തില്‍ മകന്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റു ചെയ്ത് ജയിലിലായ സമയത്തായിരുന്നു കോടിയേരിയുടെ മാറി നില്‍ക്കല്‍. പിന്നീട് കോടിയേരി ശക്തമായി തിരിച്ചുവരുന്നതും കേരള രാഷ്ട്രീയം കണ്ടു.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ സിപിഎമ്മിന്റെ ഉന്നത നേതൃനിരയിലും സംസ്ഥാന സെക്രട്ടറി പദത്തിലും എത്തിയ നേതാവാണു കോടിയേരി ബാലകൃഷ്ണന്‍ (68). പാര്‍ട്ടിയുടെ ചിരിക്കുന്ന മുഖം എന്നാണു കോടിയേരിക്കുള്ള വിശേഷണം. അടിയന്തരാവസ്ഥക്കാലത്തു 16 മാസം 'മിസ' തടവുകാരനായി ജയിലില്‍ കഴിഞ്ഞ ചരിത്രവും കോടിയേരിക്കുണ്ട്.
കണ്ണൂര്‍ കോടിയേരി മൊട്ടമ്മല്‍ പരേതരായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനാണ്. കോടിയേരി ഓണിയന്‍ ഹൈസ്‌കൂള്‍, മാഹി എംജി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി കാല്‍നൂറ്റാണ്ടോളം നിയമസഭയില്‍ തലശേരിയെ പ്രതിനിധീകരിച്ചു.
ആഭ്യന്തര മന്ത്രിയുമായി. ഒരുവട്ടം പ്രതിപക്ഷ ഉപനേതാവുമായിരുന്നു കോടിയേരി. പിണറായി സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലും എല്‍ഡിഎഫ് വിപുലീകരണത്തിലുമെല്ലാം കോടിയേരിയായിരുന്നു ചുക്കാന്‍ പിടിച്ചത്.എക്കാലവും പിണറായുടെ വിശ്വസ്തനായിരുന്നു കോടിയേരി.
സിപിഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നാണു പാര്‍ട്ടി ജീവിതത്തിന്റെ തുടക്കം. ആറു വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കരുത്തുമായാണു പാര്‍ട്ടിയുടെ കേരളത്തിലെ അമരക്കാരനും പൊളിറ്റ് ബ്യൂറോ അംഗവുമായി കോടിയേരി തുടരുന്നത്.