രണ്ടു മണിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് തെരെഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍ അത് 3 മണിയാകില്ല. ഉന്നതരെ മാറ്റി നിര്‍ത്തിയതും ചെറുപ്പക്കാരെ അകത്തു കയറ്റിയതും ഒരിലയനങ്ങാതെ ! 4 ദിവസം ചര്‍ച്ച ചെയ്തത് 2026 ല്‍ മൂന്നാം തവണയും ഭരണം പിടിക്കുന്ന കാര്യം. കോണ്‍ഗ്രസിലാണെങ്കില്‍ ഒരു നയവുമില്ല, പരിപാടികളുമില്ല. 9 മാസം മുന്‍പ് തുടങ്ങിയ പുനസംഘടന എന്താകുമെന്ന് സോണിയാ ഗാന്ധിക്ക് പോലുമറിയില്ല. അപ്പുറത്തുള്ളവര്‍ 26 ലെ ഭരണം പിടിക്കാന്‍ നോക്കുമ്പോള്‍ ഇവിടെ ബ്ലോക് കമ്മിറ്റി പിടിക്കാനുള്ള തമ്മിലടി ! കഴിഞ്ഞ 4 ദിവസങ്ങളില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും സംഭവിച്ചത് ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ സിപിഎം അതിന്‍റെ സംസ്ഥാന സമ്മേളനവും ഭാരവാഹി, കമ്മിറ്റി തെരഞ്ഞെടുപ്പുകളും നടത്തിയത് ചുരുങ്ങിയത് കേരളത്തിലെ കോണ്‍ഗ്രസുകാരെങ്കിലും കണ്ടു പഠിക്കേണ്ടതാണ്. അതു കണ്ടിട്ടും പഠിക്കുന്നില്ലെന്നു മാത്രമല്ല, 8 മാസം മുമ്പു തുടങ്ങിയ പാര്‍ട്ടി പുനസംഘടനയുടെ രണ്ടാം ഘട്ടം തര്‍ക്കം മൂത്ത് ചര്‍ച്ചകള്‍ വഴിമുട്ടി നിര്‍ത്തി വച്ചിരിക്കുകയാണ്.

നാല് ദിവസം - വിശദമായ ചര്‍ച്ചകള്‍, വിഷയാവതരണങ്ങള്‍ ഒടുവില്‍ നാലാം ദിവസം - പുനസംഘടന. അതൊക്കെ പറഞ്ഞ സമയത്ത് ഒരു തര്‍ക്കവുമില്ലാതെ (ഉണ്ടെങ്കിലും അങ്ങനെ തന്നെ) ഒരു മിനിട്ടുപോലും വൈകിക്കാതെയുള്ള തീരുമാനങ്ങള്‍.

2 മണിക്ക് സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ അത് 3 മണി പോലും ആകില്ല. ആ സമയത്ത് നടക്കും. പ്രമുഖരെ ഒഴിവാക്കി പുതിയ തലമുറയെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയുമൊക്കെ തെരഞ്ഞെടുത്തത് പറഞ്ഞ സമയത്ത് അടുക്കോടും ചിട്ടയോടും കൂടി തന്നെ.

എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളില്‍ അജണ്ടകളില്‍ ഉള്‍പ്പെടുത്തിയതുപോലെ. അപ്പുറത്താണെങ്കില്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ എന്താണെന്ന് സോണിയാ ഗാന്ധിക്കുപോലും നിശ്ചയമുണ്ടാകില്ല. ദേശീയ തലത്തില്‍ ആ പാര്‍ട്ടിക്ക് ഒരു അധ്യക്ഷനില്ലാതായിട്ട് രണ്ടര വര്‍ഷം.

കെപിസിസി പുനസംഘടന പ്രക്രിയ 8 മാസം മുമ്പ് തുടങ്ങിയതാണ്. ജൂണ്‍ 8 -ന് പ്രസിഡന്‍റിനെ തീരുമാനിച്ചു, വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരെയും. പിന്നെ മാസങ്ങള്‍ കഴിഞ്ഞ് ഡിസിസി പ്രസിഡന്‍റുമാരുടെ ലിസ്റ്റ് - അതും കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറിമാരും എക്സിക്യൂട്ടിവും. എന്നിട്ടും പുനസംഘടന പൂര്‍ത്തിയായിട്ടില്ല.

പ്രസിഡന്‍റിനെ പ്രഖ്യാപിച്ച് 9 മാസം ആകാന്‍ പോകുന്നു. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ലിസ്റ്റിലാണ് പുതിയ തര്‍ക്കവും നിര്‍ത്തിവയ്ക്കലും എല്ലാം. ഒന്നിനും ഒരു സമയ പരിധിയില്ല, ക്ലിപ്തതയില്ല, മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് പറയുന്നു, പക്ഷേ ഒന്നുനില്ല, ഗ്രൂപ്പില്ലെന്നു പറയുന്നു, പക്ഷേ ഇല്ലാത്ത ഗ്രൂപ്പുകൂടി ഉണ്ടാവുകയാണ്.

പാര്‍ട്ടിക്ക് ഒരു നയമോ പരിപാടികളോ ഇല്ല. ഭരിക്കുന്ന പാര്‍ട്ടി രണ്ടാം തവണയും പിന്നിട്ട് 2026 -ല്‍ മൂന്നാം തവണയും പാര്‍ട്ടി പിടിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് ഈ സമ്മേളനത്തില്‍ രൂപം നല്‍കിയത്. മുന്നോട്ടുള്ള നാളുകളിലേയ്ക്ക് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നയങ്ങളും പരിപാടികളും ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. അത് നടപ്പാക്കാനുള്ള കര്‍മ്മ പദ്ധതികളുമായി.

അപ്പോഴും കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ ബ്ലോക്ക് ഭരണ നേതൃത്വം പിടിക്കാനുള്ള അടി തുടരുകയാണ്. സ്വന്തം നേതാവിനെ ഗ്രൂപ്പുകാരനും കൊള്ളരുതാത്തവനുമായി ചാപ്പകുത്താന്‍ വ്യാജ വാര്‍ത്തകളുമായി ഓടി നടക്കുന്നത് സ്ഥാനം നഷ്ടപ്പെട്ടവര്‍ തന്നെ. മറ്റുള്ളവരെയൊക്കെ മോശക്കാരാക്കി ഞാന്‍ മാത്രം മിടുക്കനാകണം എന്ന് ഓരോ നേതാക്കളും ചിന്തിക്കുന്നു.

ഒരേ സമയത്ത് ഒരേ സാഹചര്യങ്ങളില്‍ ഇരു പാര്‍ട്ടികളേയും ജനം വിലയിരുത്തുന്നു എന്ന ചിന്ത പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. ജനം എന്ത് ചിന്തിക്കുന്നുവെന്ന് വേവലാതി ഇല്ല. അവര്‍ക്ക് പ്രധാനം ബ്ലോക്ക് കമ്മറ്റി പിടിക്കലും ഡിസിസി ഭരണം പിടിക്കലും തന്നെ.

എല്ലാവര്‍ക്കും ധൈര്യം പകരേണ്ട കെപിസിസി പ്രസിഡന്‍റു പോലും പറയുന്നത് ഞാന്‍ എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറെന്നത്രെ ! എന്തായാലും ഒരു കാര്യം ഉറപ്പായി. ജനം വിധിയെഴുതി കഴിഞ്ഞു - ഇവര്‍ ഒരു കാലത്തും നന്നാകില്ലെന്ന് !!

Advertisment