/sathyam/media/post_attachments/hq6c06Gh3gj4rPf6y03o.jpg)
കോഴിക്കോട്: 'എ' ഗ്രൂപ്പും രമേശ് ചെന്നിത്തലയുമായുള്ള സഹകരണത്തില്‍ കരുതലോടെ നീങ്ങാന്‍ കെ മുരളീധരന്‍ എംപി. പാര്‍ട്ടിയിലെ തന്‍റെ അടുപ്പക്കാരോടാണ് രമേശുമായുള്ള സഹകരണത്തില്‍ ആവേശം വേണ്ടതില്ലെന്ന് മുരളീധരന്‍ നിര്‍ദേശം നല്‍കിയത്. മാത്രമല്ല, കടുത്ത ഗ്രൂപ്പ് പ്രവര്‍ത്തനം ഇനി വേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമായാല്‍ അത് പാര്‍ട്ടിയിലും പൊതുസമൂഹത്തിലുമുള്ള തന്‍റെ ജനകീയതയ്ക്ക് പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയവും മുരളീധരനുണ്ട്.
ഡിസിസി-ബ്ലോക്ക് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനിടെയാണ് രമേശ് ചെന്നിത്തല കെ മുരളീധരനുമായി ചര്‍ച്ച നടത്തിയതും ഒന്നിച്ചു നീങ്ങാന്‍ ധാരണയായതും.
മുരളീധരന് പാര്‍ട്ടിയില്‍ തടയിടുന്നത് കെസി വേണുഗോപാലാണെന്നാണ് ചെന്നിത്തല മുരളീധരനെ ധരിപ്പിച്ചത്. മുരളീധരനും വേണുഗോപാലുമായി ഏറെക്കാലമായി അത്ര അടുപ്പത്തിലല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആ അതൃപ്തി പ്രകടമായിരുന്നു.
ഇരുവര്‍ക്കുമിടയിലെ ഈ അസംതൃപ്തി മുതലെടുക്കുകയായിരുന്നു രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്‍റെയും നീക്കം.
കെസി വേണുഗോപാല്‍, വിഡി സതീശന്‍ ടീമിനൊപ്പം നിന്നാല്‍ മുരളീധരന് പാര്‍ട്ടിയില്‍ പരിഗണന കിട്ടില്ലെന്നാണ് 'ഐ' ഗ്രൂപ്പ് ഉപദേശം. അതില്‍ മുരളീധരന്‍ അല്പം വീഴുകയും ചെയ്തു. എന്നാല്‍ കടുത്ത ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ അത് സ്വന്തം ജനപ്രീതിയെ ബാധിക്കുമോയെന്ന ആശങ്ക മുരളീധരനുണ്ട്. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ നേതൃനിരയിലേയ്ക്ക് പരിഗണിക്കാനിടയുള്ള പേരുകളിലൊന്നാണ് മുരളിയുടേത്. ആ സാധ്യതകള്‍ രമേശിനുവേണ്ടി ഇല്ലാതാക്കേണ്ടതില്ലെന്നാണ് മുരളിയുടെ നിലപാട്.