/sathyam/media/post_attachments/2M2qWRIDih9UNEDl91i9.jpg)
തിരുവനന്തപുരം: പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായതോടെ വിഷയത്തില്‍ നഷ്ടമേറെയും രമേശ് ചെന്നിത്തലയ്ക്ക് തന്നെ. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെ ചെന്നിത്തലയുടെ കൂടെ നിന്ന എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും രമേശിനെ കൈവിട്ടു. ഡിസിസി പുനസംഘടനാ വിഷയത്തില്‍ തങ്ങളുടെ കൂടെ നിന്നുവെന്ന് വരുത്തി തീര്‍ത്ത ശേഷം രമേശ് ഒറ്റയ്ക്ക് നടത്തിയ നീക്കങ്ങളാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൂടെ കൂട്ടി മറ്റു നേതാക്കളെ വെട്ടാനായിരുന്നു രമേശ് ചെന്നിത്തല ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും ഉമ്മന്‍ചാണ്ടിയുമടക്കമുള്ളവരെ വെട്ടിനിരത്താനായിരുന്നു രമേശ് നീക്കം നടത്തിയത്. ഇതു തിരിച്ചറിഞ്ഞതോടെയാണ് എ ഗ്രൂപ്പ് രമേശിനെതിരെ തിരിഞ്ഞത്.
ഇതിനിടെ സുധാകരനും സതീശനും തമ്മില്‍ സംസാരിച്ചതോടെ അസ്വാരസ്യങ്ങള്‍ പൂര്‍ണമായും പറഞ്ഞു തീര്‍ത്തു. പുനസംഘടനയിലും ഒരുമിച്ചു തന്നെ നീങ്ങാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി നേട്ടമുണ്ടാക്കാമെന്ന രമേശ് ചെന്നിത്തലയുടെ മോഹമാണ് പൊലിഞ്ഞത്.
ഇതിനിടെയില്‍ എ ഗ്രൂപ്പ് നല്‍കിയ പട്ടിക കെപിസിസി അംഗീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഇടപെട്ടാണ് എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും നല്‍കിയ നേതാക്കളെ പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള പട്ടികയാകും അടുത്തയാഴ്ച ഇറങ്ങുക.
ഇതോടെ ഉമ്മന്‍ചാണ്ടിക്കും പുനസംഘടനയില്‍ കാര്യമായ പരാതികളില്ലാതായി. എ ഗ്രൂപ്പിനൊപ്പം കുറച്ചെങ്കിലും നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതും പുനസംഘടനയില്‍ നിര്‍ണായകമായി.
ഇതിനു പുറമെ പുനസംഘടന അട്ടിമറിക്കാന്‍ എല്ലാ കരുനീക്കങ്ങളും നടത്തിയത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണെന്ന് കെ സുധാകരനും ബോധ്യപ്പെട്ടുവെന്നാണ് വിവരം. ഇതോടെ ചെന്നിത്തലയുമായി ഒരു നീക്കുപോക്കിനും ഇല്ലെന്ന് തന്നെ സുധാകരനും തീരുമാനിച്ചിട്ടുണ്ട്.