/sathyam/media/post_attachments/9nSVUNLLkaAfU6pXUIsN.jpg)
കോഴിക്കോട്: ഭരണമില്ലാത്ത കാലത്ത് സംഘടനയെ നയിക്കുക, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി അതു തന്നെയാണ്. ഇതിൽ വിജയിച്ചാൽ മുസ്ലിംലീഗിൻ്റെ സംസ്ഥാന അധ്യക്ഷ പദവി സാദിഖലി തങ്ങൾക്ക് സുഗമമാകും.
കൊടപ്പനയ്ക്കൽ തറവാടും ലീഗുമായുള്ള ബന്ധവും പാരമ്പര്യവും കണക്കിലെടുക്കുമ്പോൾ സാദിഖലി തങ്ങളുടെ പദവി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. മുൻഗാമിയിൽ നിന്നും വ്യത്യസ്തമായി ശക്തമായ നിലപാട് എടുക്കും എന്നതു തന്നെയാണ് സാദിഖലിയുടെ പ്രത്യേകത.
ഒരു പക്ഷേ ലീഗിൽ തങ്ങൾമാർ എന്നത് പലപ്പോഴും അച്ചടക്കത്തിൻ്റെ വാളോങ്ങാനും നയതന്ത്രത്തിനും പരമാവധി ഉപയോഗിച്ചിരുന്ന പദവി കൂടിയായിരുന്നു. സൗമ്യതയും മിതഭാഷണവുമുള്ള തങ്ങൾമാർ സ്വരം ഉയർത്തി പറയുന്ന സാഹചര്യം നന്നേ കുറവായിരുന്നു.
എന്നാൽ സാദിഖലി തങ്ങൾ അങ്ങനെയല്ല. സൗമ്യതയുള്ളപ്പോഴും കാര്യങ്ങൾ കർശനമായി പറയാനും സ്വരം ഉയർത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. സ്വന്തമായ നിലപാടിൽ ഉറച്ചു നിന്ന പ്രകൃതക്കാരനാണ് അദേഹം.
പാർട്ടിയിൽ പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുമ്പോഴും മറുചേരിയിലെ ആളുകളെ ഉൾക്കൊള്ളാൻ സാദിഖലി ശ്രമിച്ചിരുന്നു. അതു കൊണ്ടു തന്നെ എതിർ ശബ്ദങ്ങൾക്കും അതിൻ്റേതായ പ്രാധാന്യം ഇനി കിട്ടുമെന്ന് ഉറപ്പാണ്.
അതേ സമയം ചില വെല്ലുവിളികളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പാർട്ടിക്ക് അപ്പുറം സമുദായത്തിലാണ് ഈ വെല്ലുവിളി ഏറെയുണ്ടാകുക. പ്രായമുള്ളവർ ഉള്ള സാമുദായ സംഘടനകളിൽ സാദിഖലിക്ക് വിനയാകുന്നത് പ്രായക്കുറവ് തന്നെയാകും.
അതിനെ മറികടക്കാൻ പാണക്കാട് തങ്ങൾ എന്ന ലേബൽ അദ്ദേഹത്തെ സഹായിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.