/sathyam/media/post_attachments/aE013fWzPDaC665noPmn.jpg)
തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റില്‍ ഒരെണ്ണത്തിലാണ് യുഡിഎഫിന് വിജയിക്കാനാകുക. എകെ ആന്റണിയുടെ ഒഴിവിലായതിനാല്‍ സീറ്റ് കോണ്‍ഗ്രസിന് തന്നെ ലഭിക്കും. ഇതോടെയാണ് സീറ്റിനായി പലരും ഇപ്പോള്‍ തന്നെ മോഹമിട്ട് തുടങ്ങിയത്.
പ്രായം 82 കടന്ന എകെ ആന്റണി ഇനി മത്സരിക്കാനിടയില്ലെന്നു തന്നെയാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രതീക്ഷ. അനാരോഗ്യത്തെ തുടര്‍ന്ന് നാട്ടിലെത്തി ജഗതിയിലെ വീട്ടില്‍ വിശ്രമത്തിലാണ് ആന്റണി. അദ്ദേഹം ഒഴിവാകും എന്നു തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്.
ആന്റണി മാറിയാല്‍ പകരം ആര്‍ക്കു നറുക്കുവീഴുമെന്നാണ് പ്രധാന ചോദ്യം. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളെന്നാണ് വിവരം. മുല്ലപ്പള്ളിക്കും മറ്റു പദവികളൊന്നുമില്ലാത്തതിനാല്‍ രാജ്യസഭയിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്.
വിഎം സുധീരനെയും ഹൈക്കമാന്‍ഡിന് താല്‍പര്യമുണ്ട്. എന്നാല്‍ സുധീരന്‍ ഇനി ഒരു പദവികളിലക്കേും മത്സരിക്കില്ലെന്ന നിലപാട് നേരത്തെ തന്നെ എടുത്തിരുന്നു. അടുത്തയിടെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിനും രാജ്യസഭാ മോഹങ്ങളുണ്ട്.
പക്ഷേ അത് അത്ര പെട്ടന്ന് പ്രകടിപ്പിക്കുമോയെന്ന് കണ്ടറിയണം. പിന്നീട് സാധ്യതാ പട്ടികയിലുള്ളത് എംഎം ഹസനാണ്. യുഡിഎഫ് കണ്‍വീനറായ ഹസന് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ ഉമ്മന്‍ചാണ്ടിക്കും എതിരഭിപ്രായമില്ല.
/sathyam/media/post_attachments/W2s52RkS7sJzvLrNByDI.jpg)
എന്നാല്‍ എ ഗ്രൂപ്പ് ഒരു പേര് മുമ്പോട്ടു വച്ചാല്‍ അത് കെസി ജോസഫിന്റെ തന്നെയാകും. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട കെസി ജോസഫിന് എവിടെയെങ്കിലും ഒരു അക്കോമഡേഷന്‍ എന്നത് ഉമ്മന്‍ചാണ്ടിയും ആഗ്രഹിക്കുന്നുണ്ട്.
അതേസമയം ഇനിയും പഴയ പടക്കുതിരകളെ പരിഗണിക്കരുതെന്നും യുവാക്കളെ തന്നെ പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ പക്ഷം. അങ്ങനെ വന്നാല്‍ വിടി ബല്‍റാമിന്റെ പേരും അവര്‍ മുമ്പോട്ടു വയ്ക്കുന്നുണ്ട്. രാജ്യസഭ സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമെ ഇപ്പോള്‍ നടന്നിട്ടുള്ളൂ.
എന്തൊക്കെയാണെങ്കിലും എകെ ആന്റണിയുടെ മനസിലിരുപ്പ് അറിഞ്ഞാല്‍ മാത്രമെ മറ്റു ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളുവെന്നാണ് പല നേതാക്കളും അടക്കം പറയുന്നത്.