തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ വിജയിക്കാനാവുന്ന രണ്ടെണ്ണം ഏറ്റെടുക്കാന്‍ സിപിഎം. ഒരു സീറ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ തന്നെ മത്സരിക്കും. മറ്റൊരു സീറ്റ് യുവനേതാക്കളില്‍ ആരെങ്കിലുമൊരാള്‍ക്ക് നല്‍കും.
നാളെ ചേരുന്ന സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. നിലവില്‍ ഒഴിവു വരുന്നതില്‍ ഒരെണ്ണം സിപിഎമ്മിന്റെയും മറ്റൊന്ന് എല്‍ജെഡിയുടെയുമാണ്. എംപി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ നല്‍കിയ സീറ്റ് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നു ശ്രേയാംസ് കുമാറിനു കൈമാറുകയായിരുന്നു.
എന്നാല്‍, നിയമസഭയില്‍ ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെഡിക്കു തുടര്‍ന്നു സീറ്റ് നല്‍കേണ്ടെന്നു തന്നെയാണ് സിപിഎം തീരുമാനം. എന്നാല്‍ എല്‍ഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം കിട്ടുകയോ ഉറപ്പു ലഭിക്കുകയോ ചെയ്തിട്ടുള്ളതിനാല്‍ തങ്ങള്‍ക്കു രാജ്യസഭാ സീറ്റ് നല്‍കണമെന്ന് എല്‍ജെഡി സമ്മര്‍ദം ചെലുത്തുന്നുണ്ട്. തല്‍ക്കാലം ഈ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തന്നെയാണ് സിപിഎം തീരുമാനം.
എ വിജയരാഘവന്‍ തന്നെയാകും ആദ്യ സ്ഥാനാര്‍ത്ഥി. എസ്ആര്‍പിയുടെ ഒഴിവില്‍ പോളിറ്റ് ബ്യൂറോയില്‍ എ വിജയരാഘവനെയാണ് പരിഗണിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിജയരാഘവന്‍ തന്നെ മത്സരിക്കട്ടെയെന്ന നിലപാട് പാര്‍ട്ടിക്ക് ഉണ്ട്.
മുന്‍ ധനമന്ത്രി തോമസ് ഐസകും രാജ്യസഭാ സീറ്റ് മോഹിക്കുന്നുണ്ട്. തനിക്ക് വ്യക്തിപരമായി സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അതു ഐസക് നിഷേധിച്ചിരുന്നില്ല. രാജ്യസഭയില്‍ പ്രതിനിധിയായാല്‍ ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്നും ഐസക് ആഗ്രഹിക്കുന്നു.
അതിനിടെ ഒരു സീറ്റ് യുവാക്കളിലാര്‍ക്കെങ്കിലും നല്‍കണമെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായ എഎ റഹീമിന്റെ പേരുവരെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിനിടെ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുടെ പേരും പരിഗണിക്കുന്നുണ്ട്.
പാര്‍ട്ടി സഹയാത്രികനായ നടന്‍ മമ്മൂട്ടിയുടെ പേരാണിത്. ഇടക്കാലത്ത് മമ്മൂട്ടിയുടെ പേര് സിപിഎം രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു. ഈയാഴ്ചതന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.