തിരുവനന്തപുരം: ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം യുഡിഎഫിനു ലഭിക്കുമെന്നിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറും.
സീറ്റിനായി പഴയ താപ്പാനകള്‍ ഇതിനോടകം തന്നെ അവകാശവാദവുമായി രംഗത്തു വന്നു കഴിഞ്ഞു. മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, മുന്‍ കെപിസിസി അധ്യക്ഷന്മാരായ എം.എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നിവരാണ് രംഗത്ത്.
ഗ്രൂപ്പ് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകളും ഉണ്ടായേക്കും. അതേസമയം പിസിഎമ്മിനേപ്പോലെ കോണ്‍ഗ്രസും രാജ്യസഭയിലേയ്ക്ക് യുവത്വത്തിന് മുന്‍ഗണന നല്‍കണമെന്ന പൊതുവികാരം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുവരികയാണ്. പ്രവര്‍ത്തന രഹിതരായ പഴയ നേതാക്കള്‍ക്ക് വിശ്രമജീവിതത്തിനുള്ള ഔദ്യോഗിക സംവിധാനമായി രാജ്യസഭാ സീറ്റിനെ കാണരുതെന്നാണ് പ്രധാന മുന്നറിയിപ്പ്.
അടുത്തിടെ കാലാവധി അവസാനിച്ച രാജ്യസഭാംഗങ്ങളായ വയലാര്‍ രവിക്കും എകെ ആന്‍റണിക്കും ആ പദവികളിലിരുന്ന് കഴിഞ്ഞ 6 വര്‍ഷവും നാടിനുവേണ്ടിയോ പാര്‍ട്ടിക്കുവേണ്ടിയോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
വയലാര്‍ രവിക്ക് ആദ്യ വര്‍ഷം ഒഴികെ കാര്യമായ ഓര്‍മ്മശേഷി പോലും ഉള്ള സാഹചര്യം ഇല്ലായിരുന്നു. അവസാന കാലത്ത് അനാരോഗ്യം മൂലം രാജ്യസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
എംപി ഫണ്ട് വിനിയോഗം പോലും കാര്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. അതേസമയം ഈ സ്ഥാനത്ത് ചെറുപ്പക്കാരായിരുന്നെങ്കില്‍ ആ പദവി പാര്‍ട്ടിക്കുവേണ്ടി ഊര്‍ജസ്വലമായി വിനിയോഗിക്കാന്‍ കഴിയുമായിരുന്നു. രാജ്യസഭാ എംപി എന്ന നിലയില്‍ സംസ്ഥാനം മുഴുവന്‍ ഓടിനടന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും പാര്‍ട്ടി വളര്‍ത്താനും ഉപകരിക്കുമായിരുന്നു.
ഈ സാഹചര്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥ് മുതല്‍ അനില്‍ അക്കര, രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടെയുള്ള യുവനിരയെ എന്തുകൊണ്ട് രാജ്യസഭയിലേയ്ക്ക് പരിഗണിച്ചുകൂടാ എന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
സിപിഎം കെ.കെ രാഗേഷ്, ജോണ്‍ ബ്രിട്ടാസ്, ശിവദാസ്, പി രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരൊക്കെ സിപിഎം രാജ്യസഭയിലേയ്ക്ക് പരിഗണിച്ച യുവ മുഖങ്ങളാണ്. അതേ മാതൃക കോണ്‍ഗ്രസും സ്വീകരിക്കണമെന്നാണ് ആവശ്യം.
നിലവില്‍ കാലാവധി അവസാനിക്കുന്ന എകെ ആന്‍റണി ഇനി രാജ്യസഭയിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഘടക കക്ഷികള്‍ക്കും സീറ്റ് ആവശ്യപ്പെടാനുള്ള ഊഴമില്ല.
പതിറ്റാണ്ടുകളായി നിയമസഭാ പ്രാതിനിധ്യമില്ലാത്ത സിഎംപിയുടെ നേതാവ് സി.പി ജോണിന് രാജ്യസഭയിലേയ്ക്ക് ആഗ്രഹം ഉണ്ടെങ്കിലും അതിനദ്ദേഹം ആദ്യം കോണ്‍ഗ്രസില്‍ ലയിക്കേണ്ടി വരും. ഘടക കക്ഷി എന്ന നിലയില്‍ അദ്ദേഹത്തെ പരിഗണിക്കാനിടയില്ല.
യുവത്വത്തിന് പരിഗണന നല്‍കണമെന്ന അഭിപ്രായക്കാരനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്‍റെ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകാനെന്നാണ് സാധ്യത.