തിരുവനന്തപുരം: രാജ്യസഭയില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവുന്ന ഏക സീറ്റില്‍ ഇനിയും മുതിര്‍ന്ന നേതാക്കളെ കുടിയിരുത്തരുതെന്ന പൊതുവികാരം കോണ്‍ഗ്രസില്‍ ശക്തമാകുകയാണ്. രാജ്യസഭയെ പോലെ മികച്ച ഡിബേറ്റുകള്‍ നടക്കേണ്ട ജനപ്രാധിനിധ്യസഭയില്‍ ഒരു പ്രയോജനവുമില്ലാത്ത ആളുകളെ നിയോഗിക്കുന്നതിനു പകരം കഴിവും പ്രാപ്തിയുമുള്ള യുവാക്കളെ നിയോഗിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം.
നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന് മികച്ച നേതാക്കളുടെ അഭാവം ഇപ്പോള്‍ തന്നെയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് കാര്യമായ സ്വാധീനം നഷ്ടമാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്നുണ്ടെങ്കില്‍ കൂടുതല്‍ യുവാക്കളെ തന്നെ നേതൃനിരയിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്.
ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ നിലപാടും അഭിപ്രായവും ജനപ്രതിനിധി സഭകളില്‍ ഉയര്‍ത്താന്‍ കഴിവുള്ള യുവാക്കളെ തന്നെ പരിഗണിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.
കൈവിടുമോ പി സരിനെ !
ലക്ഷങ്ങള്‍ ശമ്പളം പറ്റിയിരുന്ന സിവില്‍ സര്‍വ്വീസും ഉന്നത പദവിയും ഉപേക്ഷിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തകനായ നേതാവാണ് ഡോ. പി സരിന്‍. പാര്‍ട്ടിക്കു വേണ്ടി എല്ലാം ഉപേക്ഷിച്ചിട്ടും സരിനെ വേണ്ടവിധം പരിഗണിക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയെ തേടി വരുന്ന പുതു തലമുറയ്ക്ക് സരിന്‍റെ നിലവിലെ അനുഭവം നിരാശ പകരുന്നതാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്കു ലഭിക്കുന്ന സാജ്യസഭാ സീറ്റിലേയ്ക്ക് ഡോ. പി സരിനെ പരിഗണിക്കണമെന്ന ആവശ്യത്തിന്‍റെ പ്രസക്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പി സരിന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും കോട്ടയായ ഒറ്റപ്പാലത്ത് ഒരു വിജയസാധ്യതയുമില്ലാതിരുന്നിട്ടും സരിന്‍ മികച്ച പോരാട്ടം നടത്തിയിരുന്നു.
സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ സരിന്റെ കഴിവ് വേണ്ടവിധം പാര്‍ട്ടിക്ക് പ്രയോജനപ്പെടുത്താനായില്ലെന്നും ഇനിയെങ്കിലും അതുണ്ടാകണെമെന്നും പറയുന്നവരേറെയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തായാക്കിയ സരിന്‍ 2008ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. ആദ്യവസരത്തില്‍ തന്നെ 555-ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെച്ചു. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്തായിരുന്നു.
പിന്നീട് നാലു വര്‍ഷം കര്‍ണ്ണാടകത്തില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലായിരുന്നു. 2016ലാണ് സരിന്‍ തന്റെ നിര്‍ണായക തീരുമാനം എടുക്കുന്നത്. മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് ശേഷം സിവില്‍ സര്‍വീസില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പുതിയ ചുവടുവെയ്പ്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണവിഭാഗത്തിലും ഐ ടി സെല്ലിലും പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സംസ്ഥാന സെക്രട്ടറിയായതും സരിന്റെ നേട്ടം.
ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തന മികവും പ്രാപ്തിയുമുള്ള യുവാക്കള്‍ ഉള്ളപ്പോള്‍ എന്തിന് രാജ്യസഭയില്‍ പോയി മിണ്ടാതിരിക്കാനുള്ള നേതാക്കളെ തെരഞ്ഞെടുക്കണമെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
സരിന്‍ അല്ലെങ്കില്‍ അതുപോലെ തന്നെ പ്രവര്‍ത്തന മികവും കഴിവുമുള്ള യുവാക്കളെ തന്നെ പരിഗണിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.