/sathyam/media/post_attachments/WYSkrAUdTQM1yWUJE6Uk.jpg)
തിരുവനന്തപുരം: ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റില്‍ വിജയിക്കാനാവുന്ന രണ്ടു സീറ്റില്‍ മത്സരിക്കണമെന്ന് സിപിഎം തീരുമാനം. ഇന്നു തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഘടകകക്ഷികളെ സീറ്റിലേക്ക് പരിഗണിക്കേണ്ടെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഇടതുമുന്നണിയോഗം ഉടന്‍ ചേരും. ഇത്തവണ രണ്ടു സീറ്റിലും മത്സരിക്കുന്ന സാഹചര്യം സിപിഎം മറ്റു ഘടകകക്ഷികളെ ബോധ്യപ്പെടുത്തും. നേരത്തെ നിലവിലെ എംപിയുള്ള എല്‍ജെഡി, സിപിഐ,എന്‍സിപി, ജനതാദള്‍ എസ് പാര്‍ട്ടികള്‍ ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
പിസി ചാക്കോയ്ക്ക് വേണ്ടിയാണ് എന്‍സിപി രാജ്യസഭാ സീറ്റ് ചോദിക്കുന്നത്. എംവി ശ്രേയാംസ്‌കുമാറിന് വേണ്ടി തന്നെയാണ് എല്‍ജെഡി സീറ്റ് ആവശ്യപ്പെട്ടത്. ജനതാദളും സീറ്റ് ചോദിച്ചിരുന്നു.
സിപിഐയാകട്ടെ രണ്ടു സീറ്റുകള്‍ ഒഴിവു വന്നാല്‍ അതിലൊന്ന് തങ്ങള്‍ക്ക് നല്‍കാമെന്ന പഴയ നിലപാടാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ആരുടെയും അവകാശവാദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നു തന്നെയാണ് സിപിഎം തീരുമാനം. ഇന്നു ചേര്‍ന്ന നേതൃയോഗത്തിലും ഇതേ നിലപാട് തന്നെയാണ് ഉണ്ടായത്.
ശ്രേയാംസിന് ഒരുവട്ടം കൂടി അവസരം നല്‍കിയാല്‍ അത് ആ പാര്‍ട്ടിയില്‍ വീണ്ടും കലഹത്തിന് കാരണമാകുമെന്ന വിലയിരുത്തലുണ്ട്. അതിനൊപ്പം ചില വിഷയങ്ങളില്‍ ശ്രേയാംസിന്റെ മാധ്യമ സ്ഥാപനമായ മാതൃഭൂമി ദിനപത്രവും ചാനലും സ്വീകരിക്കുന്ന നിലപാട് കടുത്ത ഇടതു വിരുദ്ധതയാണെന്ന വിമര്‍ശനം ചില സിപിഎം നേതാക്കള്‍ ഉയര്‍ത്തിരുന്നു.
ഇതും തിരിച്ചടിയായി. പിസി ചാക്കോയ്ക്ക് വേണ്ടി ശരത്പവാര്‍ നടത്തിയ ഇടപെടലും വിജയിച്ചില്ല. തല്‍ക്കാലം രാജ്യസഭയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ അംഗങ്ങള്‍ വേണമെന്നു തന്നെയാണ് സിപിഎമ്മിന്റെ നിലപാട്.
സിപിഎമ്മില്‍ നിന്നും എ വിജയരാഘവന്‍ ഏതാണ്ട് രാജ്യസഭാ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ സീറ്റ് യുവാക്കളില്‍ ആര്‍ക്കെങ്കിലും നല്‍കാനും ധാരണയായിട്ടുണ്ട്.