തിരുവനന്തപുരം: എന്‍സിപി വഴി എല്‍ഡിഎഫ് പ്രവേശനം നേടി മന്ത്രിയാകാന്‍ വേണ്ടി മാണി സി കാപ്പന്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിനു തിരിച്ചടി.
മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഭാഗ്യാന്വേഷികളാരും എല്‍ഡിഎഫിലേയ്ക്ക് വരേണ്ടെന്നും ഇടതു നയങ്ങളുമായി യോജിക്കുന്നുവെങ്കില്‍ മുന്നണിയിലെത്തിയാല്‍ സഹകരിക്കാമെന്നും ഇടതു നേതൃത്വം വ്യക്തമാക്കിയതോടെ കാപ്പന്‍റെ നീക്കം പൊളിഞ്ഞു. മന്ത്രിസ്ഥാനമില്ലെങ്കില്‍ മുന്നണി മാറ്റത്തിനില്ലെന്ന മുന്‍ നിലപാടില്‍ കാപ്പന്‍ ഉറച്ചു നില്‍ക്കുകയാണ്.
അതിനിടെ രണ്ടു വള്ളത്തിലും കാലുവച്ചുള്ള കളി വേണ്ടെന്നും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മുന്നണിമാറ്റം നിഷേധിച്ച് ഉടന്‍ പരസ്യ പ്രസ്താവന ഇറക്കണമെന്നും കാപ്പന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ അന്ത്യശാസനവും എത്തി.
നിയമസഭയില്‍ വച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെ സഭാ സമ്മേളനത്തിനിടെ നിയമസഭാ പ്രസ് ഹാളിലെത്തി എന്‍സിപിയിലേയ്ക്കില്ലെന്ന് കാപ്പന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. അതേ സമയം അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നല്ലാതെ മുന്നണിമാറ്റം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കാപ്പന്‍ കൂട്ടാക്കിയതുമില്ല.
എന്‍സിപി അധ്യക്ഷന്‍ പിസി ചാക്കോ മുന്‍കൈയെടുത്തായിരുന്നു കാപ്പനെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കാന്‍ നീക്കം നടത്തിയത്. പാര്‍ട്ടി അധ്യക്ഷനായ ചാക്കോയും മന്ത്രി എകെ ശശീന്ദ്രനും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല.
ഇതുപ്രകാരം പത്താം തിയതി വ്യാഴാഴ്ച മുംബൈയിലെത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കാപ്പന്‍ കൂടിക്കാഴ്ച നടത്തി. പവാര്‍ മുഖേന സീതാറാം യെച്ചൂരി വഴി സിപിഎം സംസ്ഥാന നേതൃത്വത്തെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ കഴിഞ്ഞ മുന്നണി മാറ്റത്തിനു മുമ്പ് പവാര്‍ പറഞ്ഞതനുസരിച്ച് കാപ്പനുവേണ്ടി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത യെച്ചൂരി ഇത്തവണ ഈ വിഷയത്തില്‍ അത്ര താല്‍പര്യം കാണിച്ചില്ല.
അന്ന് രണ്ട് ഉപാധികളായിരുന്നു സിപിഎം കാപ്പനു മുമ്പില്‍ വച്ചത്. ഒന്ന്, ജോസ് കെ മാണി ഒഴിവായ രാജ്യസഭാ സീറ്റിന്‍റെ അവശേഷിക്കുന്ന 4 വര്‍ഷം കാപ്പന് നല്‍കാം. രണ്ട്, അതല്ലെങ്കില്‍ കുട്ടനാട് സീറ്റ് നല്‍കുകയും വിജയിച്ചാല്‍ മന്ത്രിയാക്കുകയും ചെയ്യാം.
എന്നാല്‍ അന്ന് യുഡിഎഫ് പിജെ ജോസഫ് വഴി കാപ്പന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തതോടെ യുഡിെഎഫ് അധികാരത്തില്‍ വരുമെന്ന ഉറപ്പില്‍ കാപ്പന്‍ ഇടതുമുന്നണി വിടുകയായിരുന്നു. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ ജോസ് കെ മാണിക്ക് അവശേഷിക്കുന്ന 4 വര്‍ഷത്തിനു പുറമെ അതേ രാജ്യസഭാ സീറ്റ് അടുത്ത കാലാവധിയിലും തനിക്കുതന്നെ അനുവദിക്കണമെന്ന ഉപാധി കാപ്പന്‍ മുന്നോട്ടു വച്ചെങ്കിലും സിപിഎം അത് തള്ളിയിരുന്നു.
ഇപ്രകാരമുള്ള തങ്ങളുടെ ന്യായമായ ഒത്തുതീര്‍പ്പ് വ്യവസ്ഥ തള്ളി യുഡിഎഫിലെത്തി മന്ത്രിയാകാനായി മുന്നണി വിട്ട മാണി സി കാപ്പനെ ഇനി മന്ത്രിസ്ഥാനം നല്‍കി വീണ്ടും മുന്നണിയിലെത്തിക്കാന്‍ താല്‍പര്യമെല്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം സംസ്ഥാന ഘടകം. ഇക്കാര്യം കാപ്പന്‍റെ പുതിയ നീക്കത്തിനിടയും സിപിഎം നേതൃത്വം വ്യക്താമാക്കിയതോടെ കാപ്പന്‍റെ ഇടതു നീക്കം പാളിയത്.
അതിനിടെ പുതിയ നീക്കങ്ങള്‍ അറിഞ്ഞ കെപിസിസി നേതൃത്വം കാപ്പനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഇന്നുതന്നെ നിലപാട് പരസ്യമായി വ്യക്തമാക്കാനായിരുന്നു യുഡിഎഫിന്‍റെ നിര്‍ദേശം. തന്‍റെ നീക്കങ്ങള്‍ പാളിയതോടെ കാപ്പന് അത് അനുസരിക്കേണ്ടിയും വന്നു. അതേസമയം യുഡിഎഫുമായി ചില പ്രശ്നങ്ങളുണ്ടെന്ന് പറയാനും കാപ്പന്‍ മറന്നില്ല.