തിരുവനന്തപുരം: മാണി സി കാപ്പനെ പാര്‍ട്ടിയില്‍ തിരികെയെത്തിക്കാനുള്ള നീക്കത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷം. കാപ്പനുവേണ്ടി ചര്‍ച്ചകളുമായി രംഗത്തെത്തിയ സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുടെ നിലപാടിനെതിരാണ് മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസ് എംഎല്‍എയും. നിര്‍ണായക തെരഞ്ഞെടുപ്പില്‍ മന്ത്രി സ്ഥാനം മോഹിച്ച് യുഡിഎഫിനു പിന്നാലെ പോയ കാപ്പനെ ഇനി എന്‍സിപിയില്‍ തിരികെയെടുക്കരുതെന്ന കര്‍ശന നിലപാടിലാണ് ശശീന്ദ്രനും തോമസ് കെ തോമസും. ഇതോടെ പാര്‍ട്ടിയും പാര്‍ലമെന്‍ററി പാര്‍ട്ടിയും ഈ വിഷയത്തില്‍ രണ്ട് തട്ടിലായി.
എന്‍സിപിയില്‍ തന്നെ പഴയ നേതൃനിര കാപ്പനെതിരാണ്. പാര്‍ട്ടിയുടെ 'അതിഥി താരങ്ങളായ' പുത്തന്‍ നേതാക്കള്‍ മാത്രമാണ് പാര്‍ട്ടിയെ വഞ്ചിച്ചു പോയ കാപ്പനെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രതികരിച്ചത്. ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും സമീപകാലത്ത് പാര്‍ട്ടിയില്‍ നടക്കുന്നത് പലതും സംസ്ഥാന നേതാക്കള്‍പോലും അറിയുന്നില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട പിഎസ്‌സി മെമ്പറുടെ നിയമനത്തിലും മറ്റൊരു നിര്‍ണായക സര്‍ക്കാര്‍ സമിതിയില്‍നിന്നും പാര്‍ട്ടി നോമിനി പുറന്തള്ളപ്പെടാന്‍ കാരണമായതിലും എന്‍സിപിയില്‍ വിവാദം തുടരുന്നതിനിടെയാണ് കാപ്പന്‍ വിവാദം.
തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടി വിടാതിരിക്കാന്‍ കാപ്പനു മുമ്പില്‍ സ്വീകാര്യമായ ഉപാധികള്‍ വച്ചിരുന്നതും കാപ്പന്‍ അത് നിരസിച്ചതും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി ഒന്നര പതിറ്റാണ്ടിലേറെയായി വിജയിച്ചുവരുന്ന കുട്ടനാട് സീറ്റ് കാപ്പന് നല്‍കണമെന്നും അധികാരത്തിലെത്തിയാല്‍ ശശീന്ദ്രനു പകരം കാപ്പനെ മന്ത്രിയാക്കണമെന്നുമായിരുന്നു നേതൃത്വത്തിന്‍റെ ഉറപ്പ്.
സിപിഎം നേതൃത്വത്തിന്‍റെ കൂടി മധ്യസ്ഥതയിലായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍ ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടാന്‍ സാധ്യതയില്ലെന്നായിരുന്നു മാണി സി കാപ്പന്‍റെ നിഗമനം. ഇതേസമയത്തുതന്നെ പാലായില്‍ വിജയിച്ചു വന്നാല്‍ മന്ത്രിസ്ഥാനം യുഡിഎഫും വാഗ്ദാനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു കാപ്പന്‍ ഇടതുമുന്നണി ബന്ധം വിഛേദിച്ച് യുഡിഎഫിലെത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കാപ്പന്‍ മന്ത്രിയാകുമെന്നും ഉറപ്പായിരുന്നു.
എന്നാല്‍ ഇടതുമുന്നണി തുടര്‍ഭരണം നേടിയതോടെയാണ് പുതിയ നീക്കങ്ങളുമായി കാപ്പന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ എന്‍സിപിയിലെ പുതിയ വിവാദം. തെരഞ്ഞെടുപ്പ് സമയത്ത് ഇടതിനെ തള്ളി യുഡിഎഫിനെ വിശ്വസിച്ചു പുറത്തുപോയ മാണി സി കാപ്പനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മിനും താല്‍പര്യമില്ല.
കാപ്പന്‍ വന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുന്നതാണ് ശശീന്ദ്രന്‍റെ പ്രധാന എതിര്‍പ്പ്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി സ്ഥാനം വീതം വയ്ക്കാമെന്ന ഉറപ്പില്‍ അത് പ്രതീക്ഷിച്ച് കഴിയുന്ന തോമസ് കെ തോമസിനും കാപ്പന്‍റെ വരവ് നഷ്ടമാണ്. പിസി ചാക്കായോടെ സ്വാധീനത്തില്‍ ശരത് പവാര്‍ ഈ നീക്കത്തെ പിന്തുണക്കുമെങ്കിലും പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും എതിര്‍ത്താല്‍ പവാറിന്‍റെ നീക്കവും വിജയിക്കില്ല. മാത്രമല്ല, ടിപി പീതാംബരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ പഴയ പ്രധാന നേതാക്കള്‍ക്കൊക്കെ എതിര്‍പ്പ് ഗുണവുമാണ്.