തിരുവനന്തപുരം: ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം രാജ്യസഭയിലേക്ക്. റഹിമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രാജ്യസഭയിലേക്ക് രണ്ട് അംഗങ്ങളെ ജയിപ്പിക്കാന്‍ ഇടതു പക്ഷത്തിന് കഴിയും.
അതുകൊണ്ട് തന്നെ റഹിമിന്റെ വിജയം ഉറപ്പാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനാണ് റഹിം. നിലവില്‍ ഡല്‍ഹി കേദ്രീകരിച്ചാണ് റഹീം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഹിമിന് സീറ്റ് നല്‍കുന്നത്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് പദവിയൊഴിഞ്ഞത്. ഇതോടെയാണ് റഹിം അധ്യക്ഷനായത്.
നേരത്തെ റഹീമിനൊപ്പം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റിയംഗമായ ജയ്ക് സി തോമസ്, എസ്എഫ്‌ഐ ദേശീയാധ്യക്ഷന്‍ വിപി സാനു എന്നിവരെയും സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്ററി രംഗത്ത് കാര്യമായ പരിഗണനകള്‍ മുമ്പ് കിട്ടാത്തത് റഹീമിന് തുണയായി.
എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പതിനായിരത്തിലേറെ വോട്ടി്‌ന് തോറ്റു.
മാണിക്കല്‍ പഞ്ചായത്തിലെ തൈക്കാട് അബ്ദുല്‍ സമദിന്റെയും നബീസ ബീവിയുടെയും മകനായ റഹിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവമാകുന്നത്. നിലമേല്‍ എന്‍.എസ്.എസ്. കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ളാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ റഹീം, നിയമപഠനവും ജേര്‍ണലിസം ഡിപ്ലോമയും പൂര്‍ത്തിയാക്കി.
തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി അഭിഭാഷകനായി എന്റോള്‍ ചെയ്തു. കേരള സര്‍വ്വകലാശാലയില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഗവേഷണം തുടരുന്നു. 'അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്ലീ നവോത്ഥാന പ്രസ്ഥാനങ്ങളും' എന്നതാണ് ഗവേഷണ വിഷയം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ. ചെറിയൊരു കാലം മാധ്യമപ്രവര്‍ത്തകനായി കൈരളി ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
'വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍' സംസ്ഥാന വ്യാപകമായി ഹൃദയപൂര്‍വ്വം ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കാനും 'റീസൈക്കിള്‍ കേരള'യിലൂടെ പുതിയ മുന്നേറ്റമുണ്ടാക്കാനും ചുക്കാന്‍ പിടിച്ചുതും റഹീം ഡിവൈഎഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ്.
എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും അദ്ധ്യാപികയുമായ അമൃതയാണ് ഭാര്യ. ഗുല്‍മോഹര്‍, ഗുല്‍നാര്‍ എന്നിവരാണ് മക്കള്‍. എന്തായാലും റഹീമിന് കിട്ടിയ അംഗീകാരം സിപിഎം തലമുറ മാറ്റത്തിന് മുന്‍കൈയെടുക്കുന്നു എന്ന വാദത്തിനും കരുത്തു പകരും.