തിരുവനന്തപുരം: ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടും കോണ്‍ഗ്രസില്‍ ചര്‍ച്ചകളൊന്നുമായിട്ടില്ല. രാജ്യസഭയിലേക്ക് ഇപ്പോഴും തലമുതിര്‍ന്ന നേതാക്കളെ വിടണമെന്ന ആവശ്യവുമായി ചിലരെങ്കിലുമുള്ളതാണ് തര്‍ക്കത്തിനു കാരണം. രാജ്യസഭയിലേക്ക് പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് മുമ്പുകാലത്ത് സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
തലമുറ മാറ്റം എന്ന ആശയം വ്യക്തമായി സിപിഎന്നും സിപിഐയുമൊക്കെ നടത്തിയപ്പോഴാണ് ഇപ്പോഴും ഏഴുപതു കഴിഞ്ഞ നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പോലും നടത്താനാവാത്തത്. സിപിഐ സ്ഥാനാര്‍ത്ഥിക്ക് 51 വയസും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് 50ല്‍ താഴെയുമാണ് പ്രായം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോഴും അതു പാലിക്കണമെന്നാണ് തലമുറ മാറ്റം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം.
എന്നാല്‍ അതുണ്ടാകുമോയെന്ന് കണ്ടറിയണം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കെവി തോമസ് കടുത്ത സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. അദ്ദേഹത്തിന്റെ ആവശ്യം ഇത്തവണ ഒരവസരം കൂടി നല്‍കണമെന്നാണ്. ഡല്‍ഹിയിലെ നേതൃത്വത്തെയും അദ്ദേഹം കണ്ടിരുന്നു.
അതേസമയം ഈ സമ്മര്‍ദം മുഖവിലയ്ക്ക് എടുക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. അതിനിടെ എം ലിജു, സതീശന്‍ പാച്ചേനി, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകളും സജീവമായ ചര്‍ച്ചകളിലുണ്ട്. എന്നാല്‍ ഇവരെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരാണെന്ന പ്രത്യേകതയുമുണ്ട്.
തോറ്റവരെ പരിഗണിക്കരുതെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഒടുവില്‍ ഇവരിലാര്‍ക്കെങ്കിലും നറുക്കു വീഴുമെന്നാണ് വിവരം. അതിനിടെ ഹൈക്കമാന്‍ഡില്‍ നിന്നും ഒരു പേര് കൂടി പരിഗണനയ്ക്കായി വരുമെന്നാണ് സൂചന. എഐസിസി സെക്രട്ടറി കൃഷ്ണന്‍ ശ്രീനിവാസന്റെ പേരാണ് ഹൈക്കമാന്‍ഡില്‍ നിന്നും മുമ്പോട്ടു വച്ചിരിക്കുന്നത്.
തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ കൃഷ്ണന്‍ ശ്രീനിവാസന്‍ മുമ്പ് കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു. സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് 23 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിനായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വാദം.
2018ല്‍ ഇദ്ദേഹത്തെ എഐസിസി സെക്രട്ടറിയാക്കിയപ്പോള്‍ ആരാണ് ഈ നേതാവെന്ന ചോദ്യം അന്നു തന്നെ ഉയര്‍ന്നിരുന്നു. ഹൈക്കമാന്‍ഡിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് ഇദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.