സീറ്റ് വീതം വച്ച് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎമ്മിനും സിപിഐയ്ക്കും വേണ്ടി വന്നത് മണിക്കൂറുകള്‍ മാത്രം ! കോണ്‍ഗ്രസില്‍ ഇനിയും ചര്‍ച്ചയേ തുടങ്ങിയിട്ടില്ല. ഇടതുമുന്നണി യുവാക്കളെ കളത്തിലിറക്കിയതോടെ കോണ്‍ഗ്രസിനുമേലും യുവസ്ഥാനാര്‍ത്ഥിക്കായി സമ്മര്‍ദ്ദം ! പുതിയ നേതൃത്വം ഇച്ഛാശക്തി കാണിക്കുമോ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതിയ സംസ്ഥാന നേതൃത്വം വന്നിട്ടും പഴയ രീതികള്‍ക്ക് മാറ്റമില്ലെന്ന പരാതികള്‍ സജീവമാകുന്നു. ഇപ്പോഴും യുവാക്കളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലാത്തതിന്റെ കാരണം അനാവശ്യമായി മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതാണെന്നാണ് വിമര്‍ശനം. കെവി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തികളെ എടുത്തു പറഞ്ഞാണ് വിമര്‍ശനമേറെയും.

മൃഗീയമായ ഭൂരപക്ഷത്തോടെ അധികാരത്തിലെത്തിയ ഇടതു മുന്നണി കാലത്തിനനുസരിച്ച് മാറുന്നത് കോണ്‍ഗ്രസ് കാണുന്നില്ലേയെന്നാണ് പലരും ചോദിക്കുന്നത്. തലമുറ മാറ്റം എന്നതില്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുമ്പോട്ടു പോകാനാവില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ഇനിയും മനസിലാക്കിയിട്ടില്ലെന്നാണ് വിമര്‍ശനം.

സിപിഐയും സിപിഎമ്മും രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച വേഗവും തെരഞ്ഞെടുത്ത ആളുകളുടെ പ്രായവുമൊക്കെ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസിനെ അതിന്റെ പ്രവര്‍ത്തകര്‍ തന്നെ വിമര്‍ശിക്കുന്നത്. ഇരുപാര്‍ട്ടികളും മുന്നണിയില്‍ സീറ്റ് വീതം വച്ച് 24 മണിക്കൂര്‍ പോലും കാത്തിരിക്കാതെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

നിരവധി മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും അവരെയൊക്കെ മാറ്റി നിര്‍ത്തി പ്രായം കുറഞ്ഞ നേതാക്കള്‍ക്കാണ് അവര്‍ അവസരം നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസില്‍ എന്താണ് സ്ഥിതി.

സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഇനിയും തുടങ്ങിയിട്ടില്ല. ഇനി കേരളത്തിലും ഡല്‍ഹിയിലും ചര്‍ച്ചകള്‍ നടക്കുമ്പോഴേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാകും. സ്ഥാനാര്‍ത്ഥിത്വത്തിനായി കെ വി തോമസിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അവസാന നിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തും.

നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ചില നേതാക്കള്‍ അവസാന നിമിഷം വരെ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതോടെ പാര്‍ട്ടിയെ പുതു തലമുറയില്‍ നിന്നും അകറ്റാനേ അതുപകരിക്കൂ എന്നകാര്യം നേതൃത്വം മനസിലാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

Advertisment