ശ്രീനിവാസന്‍ കൃഷ്ണന് വിനയായത് റോബര്‍ട്ട് വധേരയുടെ പിന്തുണ ! ലിജുവിന് പാരയായത് കെ സുധാകരന്‍റെ അമിതാവേശം ? ഇതിനിടെ പ്രമുഖ മാഡം വിഐപി മകനായും രംഗത്ത് ! കോണ്‍ഗ്രസില്‍ തോറ്റവര്‍ വഴിമാറേണ്ടി വന്നാല്‍ രാജ്യസഭാംഗമാകാന്‍ നേതാവാര് ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലവില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകള്‍ക്ക് സാധ്യത മങ്ങി. ഹൈക്കമാന്‍റ് മുന്നോട്ടുവച്ച ശ്രീനിവാസന്‍ കൃഷ്ണന്‍, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്നോട്ടുവച്ച എം ലിജു എന്നിവര്‍ ലിസ്റ്റിനു പുറത്തായതായാണ് സൂചന.

കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്ത നേതാക്കള്‍ക്ക് പരിഗണന നല്‍കാനാണ് നിലവിലെ സാധ്യത. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയി, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തര്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍തൂക്കമെങ്കിലും മറ്റു ചില പേരുകളും പരിഗണനയിലാണ്.

നേതൃത്വത്തിലുള്ളവരുമായി ചര്‍ച്ച നടത്താതെ കെ സുധാകരന്‍ ഏകപക്ഷീയമായി മുന്നോട്ടുവച്ച പേരെന്നതാണ് ലിജുവിന് വിനയായത്. മൂന്നു തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചു തോറ്റതും ആലപ്പുഴ ഡിസിസി അധ്യക്ഷനെന്ന നിലയില്‍ പരാജയമായതും തിരിച്ചടിയായി.

മാത്രമല്ല, അടുത്തിടെ ഐ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞു സുധാകരനൊപ്പം പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട ലിജുവിനെതിരെ രമേശ് ചെന്നിത്തലയും കെ മുരളീധരനും രംഗത്തു വന്നു. മത്സരിച്ചു തോറ്റവരെ പരിഗണിക്കരുതെന്നു മുരളീധരന്‍ ഹൈക്കമാന്‍റിനു കത്തെഴുതിയത് എം ലിജുവിനെയും വി.ടി ബലറാമിനെയും ലക്ഷ്യം വച്ചായിരുന്നു. ബലറാമിനെതിരായ നീക്കവും ഐ ഗ്രൂപ്പില്‍ നിന്നു തന്നെയാണ്.

42 വയസിനിടെ മൂന്നു തവണ ലിജുവിനെ നിയമസഭയിലേയ്ക്ക് മത്സരിപ്പിച്ചതും ഒരു ടേമില്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതും ചെന്നിത്തല മുന്‍കൈയ്യെടുത്തായിരുന്നു. അതേസമയം ഹൈക്കമാന്‍റ് നോമിനിയായ ശ്രീനിവാസന്‍ കൃഷ്ണനെതിരായത് കേരളത്തില്‍നിന്നുള്ള നേതാക്കളുടെ ഒന്നടങ്കം എതിര്‍പ്പാണ്.

കേരളത്തില്‍ നിന്നുള്ള പ്രമുഖ 'മാഡം' വിഐപി മകനെ രാജ്യസഭാംഗമാക്കാന്‍ സജീവമായി രംഗത്തിറങ്ങിയെങ്കിലും ആ നീക്കത്തിന് സ്വന്തം ക്യാമ്പില്‍ നിന്നുള്‍പ്പെടെ കാര്യമായ പിന്തുണ ലഭിച്ചതുമില്ല.

സുധാകരശൈലി തലവേദനയാകുമോ ?

രാജ്യസഭാ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുപോലുള്ള ഒരു നിര്‍ണായക കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തോടും പ്രതിപക്ഷ നേതാവിനോടും പോലും ആലോചിക്കാതെ കെപിസിസി അധ്യക്ഷന്‍ സ്വന്തം നോമിനിയുമായി ഹൈക്കമാന്‍റിനു മുന്നിലെത്തിയതും അക്കാര്യം മാധ്യമങ്ങളോട് സമ്മതിക്കുന്നതും കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു.

സ്ഥാനാര്‍ഥി മോഹി എം ലിജുവിന്‍റെ തന്നെ ബുദ്ധിയായിരുന്നു ഈ നീക്കമെന്നാണ് പാര്‍ട്ടിയിലെ സംസാരം. എം ലിജുവിനെ രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെയും കൂട്ടി കെ സുധാകരന്‍ ഹൈക്കമാന്‍റിനെ കണ്ട കാര്യം വിഡി സതീശന്‍ അറിയുന്നത് ചാനല്‍ വാര്‍ത്തയിലൂടെയാണ്. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ വിവരം അറിഞ്ഞില്ല. കേരള വിഷയത്തില്‍ ഇടപെടില്ലെന്നു തീരുമാനിച്ചതിനാല്‍ കെ.സി വേണുഗോപാലും അന്വേഷിച്ചില്ല.

എന്തായാലും 'ബുദ്ധിപരമായ നീക്കം' പുറത്തറിഞ്ഞതോടെ ലിജു ക്ലീന്‍ ഔട്ട് ! ഈ ബുദ്ധിയാണ് കെപിസിസി ഓഫീസിലിരുന്ന് ലിജു മറ്റ് കാര്യങ്ങളിലും കെ സുധാകരനെ ഉപദേശിക്കുന്നതെന്നതാണ് പുതിയ ആരോപണം.

Advertisment